Cricket
162.86 സ്ട്രൈക്ക്റേറ്റിൽ അർധസെഞ്ച്വറി! സ്വന്തം തട്ടകത്തിൽ ഇടിമിന്നലായി ഇന്ത്യൻ സ്പിൻ മാന്ത്രികൻ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 01, 03:18 am
Thursday, 1st August 2024, 8:48 am

2024 തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍  വെടിക്കെട്ട് പ്രകടനവുമായി ആര്‍.അശ്വിന്‍. ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെതിരെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് വേണ്ടി അര്‍ധസെഞ്ച്വറി നേടിയാണ് അശ്വിന്‍ തിളങ്ങിയത്.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെപ്പൊക് സൂപ്പര്‍ ഗില്ലീസിനെ നാല് വിക്കറ്റുകള്‍ക്കാണ് ഡിണ്ടിഗല്‍ പരാജയപ്പെടുത്തിയത്.  എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡിണ്ടിഗല്‍ ക്യാപ്റ്റന്‍ അശ്വിന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെപ്പോക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡിണ്ടിഗല്‍ നാല് പന്തുകളും ഒരു വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

അര്‍ധസെഞ്ച്വറി നേടിയ ശിവം സിങ്ങിന്റെയും അശ്വിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് ഡിണ്ടികല്‍ വിജയം സ്വന്തമാക്കിയത്. 49 പന്തില്‍ 64 റണ്‍സാണ് ശിവം നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുഭാഗത്ത് ഡിണ്ടിഗൽ ക്യാപ്റ്റന്‍ 35 പന്തില്‍ 57 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 162.86 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അശ്വിന്‍ നാല് വീതം ഫോറുകളും സിക്‌സുകളുമാണ് നേടിയത്. മത്സരത്തിലെ പ്ലെയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാനും അശ്വിന് സാധിച്ചു.

ചെപ്പോക് ബൗളിങ്ങില്‍ പ്രേം കുമാര്‍, റാഹില്‍ ഷാ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അഭിഷേക് തന്‍വാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്കിനായി ക്യാപ്റ്റന്‍ ബാബ അപരിജിത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മാന്യമായ സ്‌കോര്‍ നേടിയത്. 54 പന്തില്‍ 72 റണ്‍സ് നേടി കൊണ്ടായിരുന്നു ചെപ്പോക് ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഡിണ്ടിഗല്‍ ബൗളിങ്ങില്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, വിഘ്‌നേഷ് പുത്തൂര്‍, സുബോത് ഭാട്ടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.

പ്ലേ ഓഫില്‍ നാളെയാണ് ഡിണ്ടിഗലിന്റെ അടുത്ത മത്സരം. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സാണ് അശ്വിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

 

 

Content Highlight: R. Ashwin Great Performance In TNPL 2024