കൊടുങ്കാറ്റായി സഞ്ജുവിന്റെ വിശ്വസ്തൻ; അടുത്ത സീസണിൽ ഇങ്ങേരെ രാജസ്ഥാൻ നിലനിർത്തുമോ?
Cricket
കൊടുങ്കാറ്റായി സഞ്ജുവിന്റെ വിശ്വസ്തൻ; അടുത്ത സീസണിൽ ഇങ്ങേരെ രാജസ്ഥാൻ നിലനിർത്തുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th July 2024, 4:42 pm

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് തകര്‍പ്പന്‍ വിജയം. ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ഡിണ്ടിഗല്‍ പരാജയപ്പെടുത്തിയത്. എസ്.എന്‍.ആര്‍ കോളേജ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെപ്പോക്ക് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മഴമൂലം ഏഴ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെപ്പോക്ക് 13 പന്തുകളും ഒമ്പത് വിക്കറ്റുകളും ബാക്കിനില്‍ക്ക ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം ഡിണ്ടിഗല്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിന്‍ നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. 20 പന്തില്‍ പുറത്താവാതെ 43 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്റെ തകര്‍പ്പന്‍ പ്രകടനം. 225.00 പ്രഹരശേഷിയില്‍ നാല് പടുകൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറുകളും ആണ് ഡിണ്ടിഗല്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും അശ്വിന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. 84 റണ്‍സാണ് താരം രാജസ്ഥാനായി നേടിയത്.

അതേസമയം ചെപ്പോക് ബൗളിങ്ങില്‍ അഭിഷേക് തന്‍വാര്‍, ഗണേശന്‍ പെരിയ സ്വാമി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും രാഹില്‍ ഷാ, ബാലു സൂര്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ഗില്ലിസിന്റെ ഓപ്പണര്‍ സന്തോഷ് കുമാർ ദുരൈ സ്വാമിയെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി സന്ദീപ് വാര്യര്‍ മികച്ച തുടക്കമാണ് ഡ്രാഗന്‍സിന് നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍ ബാബ അബാരജിത്തും നാരായണ്‍ ജഗദീശനും ചേര്‍ന്ന് അശ്വിന്റെയും സംഘത്തിന്റെയും വിജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.

ബാബ 14 പന്തില്‍ പുറത്താവാതെ 31 റണ്‍സും നാരായണ്‍ 14 പന്തില്‍ 32 റണ്‍സും നേടിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ബാബയുടെ ബാറ്റില്‍ നിന്നും മൂന്ന് സിക്‌സുകളാണ് പിറന്നത്. മറുഭാഗത്ത് നാരായണ്‍ മൂന്ന് സിക്‌സുകളും ഒരു ഫോറും നേടി.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്നും രണ്ടു വീതം വിജയവും തോല്‍വിയുമായി നാലു പോയിന്റോടെ നാലാം സ്ഥാനത്താണ് ചെപ്പോക്. മറുഭാഗത്ത് മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയുമായി രണ്ടു പോയിന്റോടെ ഏഴാം സ്ഥാനത്താണ് അശ്വിനും സംഘവും.

നാളെ നടക്കുന്ന മത്സരത്തില്‍ ഹൈഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെതിരെയാണ് ഡിണ്ടിഗലിന്റെ അടുത്ത മത്സരം. ജൂലൈ 18ന് നടക്കുന്ന മത്സരത്തില്‍ സേലം സ്പാർട്ടൻസാണ് ചെപ്പോക്കിന്റെ എതിരാളികള്‍.

 

Content Highlight: R Ashwin Great Performance in Tamilnadu Premiere League