ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 റണ്‍സ് ഉയര്‍ത്തിയിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാരായി ശുഭ്മന്‍ ഗില്ലും ഋതുരാജ് ഗെയ്ക്വാദും അര്‍ധസെഞ്ച്വറി നേടി. ഗെയ്ക്വാദ് 77 പന്തില്‍ 71 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 63 പന്തില്‍ 74 റണ്‍സ് സ്വന്തമാക്കി.
സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്റെ ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഏകദിനത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ മത്സരം. പത്തോവര്‍ എറിഞ്ഞ ഓഫ് സ്പിന്നര്‍ 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. മാര്‍നസ് ലബുഷെയ്‌നയുടെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ മത്സരത്തില്‍ മറ്റൊരു കണക്കാണ് ആരാധകരെ ശ്രദ്ധ പിടിച്ചുപറ്റിയത്. പത്തോവര്‍ രണ്ട് എന്ഡിലായി എറിഞ്ഞ താരത്തിന്റെ സ്റ്റാറ്റ്‌സ് വളരെ കൗതുകമുണര്‍ത്തുന്നതാണ്.
പഞ്ചാബ് ക്രിക്കറ്റ് അസോസിഷയന്‍ സ്‌റ്റേഡിയത്തിലെ ഹര്‍ഭജന്‍ സിങ് എന്‍ഡിലും യുവരാജ് സിങ് എന്‍ഡിലുമായാണ് താരം ബോള്‍ ചെയ്തത്. അശ്വിന്‍ ഹര്‍ഭജന്‍ എന്‍ഡില്‍ നിന്നും എറിഞ്ഞ ഓവറുകളില്‍ മോശമായും എന്നാല്‍ യുവരാജ് എന്‍ഡില്‍ മികച്ച പ്രകടനവുമാണ് പുറത്തെടുത്തത്.
ഹര്‍ഭജന്‍ എന്‍ഡില്‍ ഏഴോവര്‍ എറിഞ്ഞ അശ്വിന്‍ 39 റണ്‍സ് വഴങ്ങിയിരുന്നു. ഈ എന്‍ഡില്‍ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ യുവരാജ് എന്‍ഡില്‍ മൂന്നോവര്‍ എറിഞ്ഞ അശ്വിന്‍ എട്ട് രണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി.
കമന്റേറ്റര്‍മാരും ക്രിക്കറ്റ് ലോകവും ഇത് ചര്‍ച്ചയാക്കിയിരുന്നു.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 നേടി പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.
53 പന്തില്‍ 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ജോഷ് ഇംഗ്ലീസ് 45 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത് 41 റണ്‍സ് നേടി.
ഷമിയെ കൂടാതെ ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ചാം ബൗളറായെത്തിയ താക്കൂറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.