| Thursday, 13th April 2023, 7:21 pm

ഇക്കാര്യം നിങ്ങളറിഞ്ഞിരുന്നോ? സഞ്ജുവിന് മാത്രമല്ല, എട്ടിന്റെ പണി അശ്വിനും കിട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായത് ആര്‍. അശ്വിനായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ചെപ്പോക്കിലേക്കുള്ള വരവില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ആഷ് വിരുതുകാണിച്ചിരുന്നു.

22 പന്ത് നേരിട്ട് രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 30 റണ്‍സ് നേടിയ അശ്വിന്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഈ ഓള്‍റൗണ്ട് പ്രകടനത്തിന് പിന്നാലെ അശ്വിനെ തന്നെയായിരുന്നു കളിയുടെ താരമായി തെരഞ്ഞെടുത്തതും.

എന്നാല്‍ മാന്‍ ഓഫ് ദി മാച്ചിന് പുറമെ മറ്റൊരു ‘സമ്മാനവും’ താരത്തിന് ലഭിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ച് മാച്ച് ഫീയുടെ 25 ശതമാനം പിഴ താരത്തിന് ചുമത്തപ്പെട്ടിരുന്നു. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെന്ന ലെവല്‍ വണ്‍ കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്.

ചെന്നൈ ഇന്നിങ്‌സിനിടെ രാജസ്ഥാന്‍ ആവശ്യപ്പെടാതെ തന്നെ അമ്പയര്‍മാര്‍ പന്ത് മാറ്റിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അശ്വിന്‍ അമ്പയര്‍മാരോട് കാര്യം ചോദിക്കുകയായിരുന്നു.

‘അമ്പയര്‍മാര്‍ സ്വയം പന്ത് മാറ്റുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഇതിന് മുമ്പ് ഇത്തരത്തിലൊന്ന് ഞാന്‍ കണ്ടിട്ടില്ല, ഞാന്‍ സര്‍പ്രൈസായിപ്പോയി.

സത്യം പറഞ്ഞാല്‍ ഈ വര്‍ഷത്തെ ഐ.പി.എല്ലിലെ ചില തീരുമാനങ്ങള്‍ എനിക്ക് കുറച്ച് അസ്വസ്ഥത സൃഷ്ടിച്ചു. ബൗളിങ് ടീമായ ഞങ്ങള്‍ ഒരിക്കലും പന്ത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നില്ല, എന്നാല്‍ അമ്പയര്‍ സ്വയം പന്ത് മാറ്റി.

എന്ത് കാരണത്താലാണ് പന്ത് മാറ്റിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ അങ്ങനെ പന്ത് മാറ്റാന്‍ സാധിക്കുമെന്നായിരുന്നു മറുപടി,’ എന്നായിരുന്നു സംഭവത്തെ കുറിച്ച് അശ്വിന്‍ പറഞ്ഞത്.

അശ്വിന്‍ ഈ തെറ്റ് മനസിലാക്കി പിഴ സ്വീകരിച്ചതായി ഐ.പി.എല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

‘ഏപ്രില്‍ 12ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടന്ന രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഐ.പി.എല്‍ 2023ലെ 17ാം മത്സരത്തിനിടെ ടൂര്‍ണമെന്റിന്റെ കോഡ് ഓഫ് കണ്ടക്ട് തെറ്റിച്ചതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആര്‍. അശ്വിന്റെ പേരില്‍ മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി.

ഐ.പി.എല്‍ കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.7 പ്രകാരമുള്ള ലെവല്‍ വണ്‍ കുറ്റം ചെയ്തതായി അശ്വിന്‍ സമ്മതിച്ചു. മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും,’ പ്രസ്താവനയില്‍ പറഞ്ഞു.

ലെവല്‍ വണ്‍ പ്രകാരമുള്ള കുറ്റം ചെയ്‌തെങ്കിലും മത്സരങ്ങളില്‍ നിന്നുള്ള വിലക്കുകള്‍ അശ്വിന് ലഭിക്കില്ല. ലെവല്‍ ത്രീയോ അതില്‍ ഉയര്‍ന്ന കുറ്റങ്ങള്‍ക്കോ ആണ് വിലക്ക് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുക.

നേരത്തെ, കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും ബി.സി.സി.ഐ പിഴ ചുമത്തിയിരുന്നു. 12 ലക്ഷമാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ പിഴയായി ഒടുക്കേണ്ടത്.

Content Highlight: R Ashwin fined 25 percent of match fees

We use cookies to give you the best possible experience. Learn more