| Friday, 20th December 2024, 5:12 pm

അശ്വിന് വിധിച്ച റെക്കോഡ് സ്വന്തമാക്കുക കങ്കാരുക്കളോ? ഒന്നല്ല, ചരിത്ര നേട്ടം ലക്ഷ്യമിട്ട് രണ്ട് പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയമൊഴിവാക്കി സമനില നേടിയെന്ന വാര്‍ത്ത ആശ്വാസത്തോടെ കേട്ട ആരാധകരെ നിരാശരാക്കിയാണ് അശ്വിന്റെ വിരമിക്കല്‍ തീരുമാനമെത്തിയത്. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയര്‍ അവസാനിപ്പിച്ച അശ്വിന് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആശംസകളര്‍പ്പിച്ചിരുന്നു.

എന്നാല്‍ കയ്യകലത്തുള്ള ഒരു ചരിത്ര നേട്ടത്തെ അനാഥമാക്കിയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടുറയുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് അശ്വിന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞത്. വെറും അഞ്ച് വിക്കറ്റ് നേടിയാല്‍ അശ്വിന് ഈ നേട്ടത്തിലെത്താന്‍ സാധിക്കുമായിരുന്നു.

അശ്വിന് പുറകില്‍ പലരും ഈ നേട്ടത്തിലേക്ക് ഓടിയടുക്കുന്നുണ്ടെങ്കിലും ഈ നേട്ടത്തിലാദ്യമെത്തുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോഡ് ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേരില്‍ തന്നെ കുറിക്കപ്പെടുമായിരുന്നു.

രണ്ട് ഓസ്‌ട്രേലിയ സൂപ്പര്‍ താരങ്ങളാണ് ഈ റെക്കോഡിലേക്ക് അശ്വിന്റെ അഭാവത്തില്‍ കണ്ണുവെക്കുന്നത്. അശ്വിന്റെ എക്കാലത്തെയും മികച്ച എതിരാളിയായ നഥാന്‍ ലിയോണും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സുമാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിക്കറ്റ് നേടി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്. വാശിയേറിയ മത്സരമാണ് ഇരുവരും ഇതിനായി നടത്തുന്നതും.

നിലവില്‍ 46 മത്സരത്തിലെ 85 ഇന്നിങ്‌സില്‍ നിന്നുമായി 190 വിക്കറ്റുകളാണ് നഥാന്‍ ലിയോണിന്റെ പേരിലുള്ളത്. 27.22 ശരാശരിയിലും 59.28 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ലിയോണ്‍ പന്തെറിയുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ 11 ഫോര്‍ഫറും പത്ത് ഫൈഫറുമാണ് ലിയോണിന്റെ സമ്പാദ്യം.

45 മത്സരത്തിലെ 84 ഇന്നിങ്‌സില്‍ നിന്നും 189 വിക്കറ്റുകളാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. 2.96 എന്ന എക്കോണമിക്കൊപ്പം 22.90 ശരാശരിയിലും 46.30 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. ഒമ്പത് ഫൈഫറും പത്ത് ഫോര്‍ഫറുമാണ് കങ്കാരുപ്പടയുടെ നായകന്റെ പേരിലുള്ളത്.

കണക്കിലെ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ സമസ്ത മേഖലയിലും അശ്വിന്റെ ആധിപത്യമാണ് കാണാന്‍ സാധിക്കുക.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 78 – 195

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 82 – 190

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 84 – 189

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 79 – 161

ജസ്പ്രീത് ബുംറ – ഇന്ത്യ – 63 – 145

കഗിസോ റബാദ – സൗത്ത് ആഫ്രിക്ക – 55 – 143

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് -63 – 134

അതേസമയം, മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ലിയോണും കമ്മിന്‍സും അശ്വിനെ മറികടക്കുമോ, ഈ നേട്ടത്തിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒന്നാം സ്ഥാനത്തോടുന്ന അശ്വിന്‍ വഴിമാറിയപ്പോള്‍ 200 എന്ന മാജിക്കല്‍ നമ്പറില്‍ ആദ്യമെത്തുക ലിയോണോ കമ്മിന്‍സോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: R Ashwin fails to complete 200 wickets in Test Championship, Pat Cummins and Nathan Lyon eyeing achievement

Latest Stories

We use cookies to give you the best possible experience. Learn more