ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യനത്തിലെ രണ്ടാം ടെസ്റ്റിലും വിജയിച്ച് ഇന്ത്യ ചരിത്രമെഴുതിയിരിക്കുകയാണ്. മഴ കാരണം രണ്ടര ദിവസത്തിലധികം നഷ്ടമായ മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കാനമും ഇന്ത്യക്ക് സാധിച്ചു.
പരമ്പരയിലെ രണ്ട് മത്സരത്തിലും തിളങ്ങിയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിനെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയും ഫൈഫറും സ്വന്തമാക്കിയ അശ്വിന്‍ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കി.
ഈ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.
കരിയറില്‍ ഇത് 11ാം തവണയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 11 തവണ ഈ നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമാണ് അശ്വിനെത്തിയത്. എന്നാല്‍ അശ്വിനേക്കാള്‍ എത്രയോ പരമ്പരകള്‍ മുത്തയ്യ കളിച്ചിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങള്‍
(താരം – ടീം – പരമ്പര – പ്ലെയര്‍ ഓഫ് ദി സീരീസ് എന്നീ ക്രമത്തില്‍)
ആര്‍. അശ്വിന്‍ – ഇന്ത്യ – 43 – 11*
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 61 – 11
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 61 – 9
ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 28 – 8
റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 33 – 8
ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 46 – 8
വസീം അക്രം – പാകിസ്ഥാന്‍ – 43 – 7
റെക്കോഡ് നേട്ടത്തില്‍ മുത്തയ്യ മുരളീധരനൊപ്പമെത്തിയ അശ്വിന് ഒരു തവണ കൂടി ഈ പുരസ്‌കാരം സ്വന്തമാക്കിയാല്‍ ഇതിഹാസ താരത്തെ മറികടക്കാനും സാധിക്കും. ഇനിയുള്ള നാല് മാസങ്ങളില്‍ ഇന്ത്യ രണ്ട് പരമ്പര കൂടി ഇന്ത്യക്ക് കളിക്കാനുണ്ട്. ഇക്കാരണം കൊണ്ടുതന്നെ മുരളീധരനെ മറികടന്ന് അശ്വിന്‍ ഒന്നാമതെത്താനുള്ള സാധ്യതകളും ഏറെയാണ്.
ഒരുപക്ഷേ ടെസ്റ്റ് ചരിത്രത്തില്‍ മുത്തയ്യയെ മറികടക്കാന്‍ അശ്വിന് സാധിക്കുന്നതും ഒരുപക്ഷേ ഈ റെക്കോഡില്‍ മാത്രമാകും.
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുടെയും ഏറ്റവുമധികം ഫൈഫറുകളുടെയും ഏറ്റവുമധികം ടെന്‍ഫറുകളുടെയും ലിസ്റ്റില്‍ അശ്വിനെന്നല്ല ആര്‍ക്കും തന്നെ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ദൂരത്തിലാണ് മുത്തയ്യ.
ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിനേക്കാള്‍ 273 വിക്കറ്റുകള്‍ അധികം മുത്തയ്യ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റില്‍ 800 വിക്കറ്റുകളാണ് മുത്തയ്യ സ്വന്തമാക്കിയത്. നിലവില്‍ 527 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.
2011 മുതല്‍ ഇതുവരെയുള്ള 13 വര്‍ഷത്തെ കരിയറില്‍ എട്ട് തവണയാണ് അശ്വിന്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ പട്ടികയില്‍ മുത്തയ്യക്കൊപ്പമെത്തണമെങ്കില്‍ അശ്വിന്‍ തന്റെ 13 വര്‍ഷത്തെ കരിയര്‍ ഒരിക്കല്‍ക്കൂടി ഒന്നില്‍ നിന്നും ആവര്‍ത്തിക്കേണ്ടി വരും. കാരണം അശ്വിന്‍ നേടിയതിനേക്കാള്‍ ഇരട്ടിയിലധികം തവണ മുരളി ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം കുറിച്ചിട്ടുണ്ട്.
22 തവണയാണ് ലങ്കന്‍ ലെജന്‍ഡ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഷെയ്ന്‍ വോണാകട്ടെ പത്ത് തവണ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.
ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ഫൈഫറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അശ്വിന് സാധിച്ചിരുന്നു. 37 തവണ ഈ നേട്ടത്തിലെത്തിയ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് അശ്വിന്‍.
എന്നാല്‍ ഒന്നാമതുള്ള മുത്തയ്യയെ മറികടക്കണമെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ അശ്വിന്‍ തന്റെ കരിയര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വന്നേക്കും. കാരണം അശ്വിനേക്കാള്‍ 30 ഫൈഫറുകള്‍ മുരളീധരന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
2010ല്‍ ഇന്ത്യക്കെതിരെ നടന്ന തന്റെ അവസാന മത്സരത്തില്‍ നേടിയ ഫൈഫര്‍ അടക്കം 67 തവണയാണ് ഒരു മത്സരത്തില്‍ മുത്തയ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് വിക്കറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര വിക്കറ്റുകളുടെ എണ്ണത്തിലും മുത്തയ്യയെ മറികടക്കാന്‍ അശ്വിന് സാധിക്കില്ല. നിലവില്‍ 755 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലുമായി അശ്വിന്‍ സ്വന്തമാക്കിയത്. 1,347 വിക്കറ്റ് നേടിയാണ് മുരളീധരന്‍ ഒന്നാമത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ടെസ്റ്റില്‍ ആകെയെറിഞ്ഞ പന്തുകളുടെ എണ്ണത്തിലും മുരളിയെ മറികടക്കാന്‍ അശ്വിന് സാധിക്കില്ല. കാരണം അശ്വിനേക്കാള്‍ 2,945ഓളം ഓവറുകള്‍ മുരളി അധികം എറിഞ്ഞിട്ടുണ്ട് എന്നതുതന്നെ കാരണം.
കരിയറില്‍ ഇതുവരെ 26,550 പന്തുകളാണ് അശ്വിന്‍ എറിഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ 4,425 ഓവറുകള്‍. എന്നാല്‍ ഒന്നാമതുള്ള മുത്തയ്യയാകട്ടെ 7339.5 ഓവറുകള്‍ അഥവാ 44,039 പന്തുകളാണ് തന്റെ കരിയറില്‍ എറിഞ്ഞുതീര്‍ത്തത്.
എന്നാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ എല്ലാ റെക്കോഡുകളും മുത്തയ്യയുടെ പേരിലല്ല എന്നതും പ്രധാനമാണ്. ടെസ്റ്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് മുത്തയ്യ. 19 തവണയാണ് മുത്തയ്യയെ തേടി പി.ഒ.ടി.എം പുരസ്‌കാരമെത്തിയത്. പ്രോട്ടിയാസ് ലെജന്‍ഡ് ജാക് കാല്ലിസാണ് ഈ പട്ടികയിലെ ഒന്നാമന്‍. 23 തവണയാണ് കാല്ലിസ് തന്റ അന്താരാഷ്ട്ര റെഡ് ബോള്‍ കരിയറില്‍ കളിയിലെ താരമായത്.
ഫൈഫറിന്റെയും ടെന്‍ഫറിന്റെയും രാജാവാണെങ്കിലും ഫോര്‍ഫറുകളുടെ എണ്ണത്തില്‍ ഷെയ്ന്‍ വോണ്‍ ആണ് ഒന്നാമന്‍. മുരളിയെക്കാള്‍ മൂന്ന് ഫോര്‍ഫര്‍ അധികം നേടിയാണ് വോണ്‍ മുത്തയ്യയെ മറികടന്നത്. ഒരുപക്ഷേ മുത്തയ്യയെക്കാള്‍ വോണ്‍ മുന്നിട്ട് നില്‍ക്കുന്ന ഏക ലിസ്റ്റും ഇത് തന്നെയായിരിക്കും.
Content Highlight: R Ashwin equals Muttiah Muralitharan’s record of most player of the series awards in test format