ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങില്‍ യശസ്വി ജെയ്‌സ്വാളിന്റെയും രോഹിത് ശര്‍മയുടെയും കരുത്തില്‍ കരീബിയന്‍ പടയെ തല്ലിയൊതുക്കിയപ്പോള്‍ ബൗളിങ്ങില്‍ അശ്വിനായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അഞ്ച് വിക്കറ്റുമായി തിളങ്ങിയ അശ്വിനാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അത്തനാസ്, അല്‍സാരി ജോസഫ്, ജോമല്‍ വാരികന്‍ എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ അശ്വിന്റെ തന്ത്രങ്ങളുടെ മൂര്‍ച്ചയറിഞ്ഞത്.
രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുമായാണ് അശ്വിന്‍ കരുത്ത് കാട്ടിയത്. ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റനെ പുറത്താക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും മടക്കി.
വിന്‍ഡീസിനെതിരായ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 12 വിക്കറ്റ് വീഴ്ത്തിയതോടെ ഒരു മാച്ചില്‍ ഏറ്റവുമധികം തവണ പന്ത്രണ്ടോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും അശ്വിനായി.
93 മത്സരത്തില്‍ നിന്നുമായി ആറ് തവണയാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 133 ടെസ്റ്റില്‍ നിന്നും ആറ് തവണ തന്നെ ഈ നേട്ടം കൈവരിച്ച മുത്തയ്യ മുരളീധരനൊപ്പം അശ്വിന്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്. ജൂലൈ 20ന് നടക്കുന്ന രണ്ടാം ടെസ്റ്റിലും ഇതേ ഡോമിനേഷന്‍ പുറത്തെടുക്കുകയാണെങ്കില്‍ മുത്തയ്യയയെ മറികടക്കാനും അശ്വിന് സാധിക്കും.
ഒരുപക്ഷേ മുത്തയ്യ മുരളീധരന്‍ എന്ന ഇതിഹാസ താരത്തെ മറികടക്കാനുള്ള അശ്വിന്റെ ഏക അവസരവും ഇത് മാത്രമായിരിക്കും. ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതിന്റെയും ഏറ്റവുമധികം ഫൈഫര്‍ നേടിയതിന്റെയും നേട്ടത്തില്‍ മുരളീധരന്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുമ്പിലാണ്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 800 വിക്കറ്റാണ് മുരളീധരന്റെ സമ്പാദ്യം. രണ്ടാമതുള്ള ഷെയ്ന്‍ വോണിന് 702 വിക്കറ്റും ഒമ്പതാം സ്ഥാനത്തുള്ള അശ്വിന് 486 വിക്കറ്റുമാണുള്ളത്.
നിലവില്‍ 34 തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. നാല് തവണകൂടി ഫൈഫര്‍ നേടാന്‍ സാധിച്ചാല്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത വോണിനെ മറികടക്കാന്‍ അശ്വിന് സാധിക്കും.
എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള മുരളീധരനെ മറികടക്കാന്‍ അശ്വിന്‍ 12 വര്‍ഷത്തെ കരിയര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വരും. ഇനിയും 34 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാല്‍ മാത്രമേ ഒന്നാം സ്ഥാനത്തുള്ള മുരളീധരനെ (67 ഫൈഫര്‍) മറികടക്കാന്‍ അശ്വിന് സാധിക്കൂ.
Content Highlight: R Ashwin equals Muttiah Muralitharan’s record