| Sunday, 12th February 2023, 1:42 pm

മുരളീധരനുമല്ല വോണുമല്ല ആന്‍ഡേഴ്‌സണുമല്ല ആ സിംഹാസനം അശ്വിന് മാത്രം; ഇവന്‍ ഇടംകയ്യന്‍മാരുടെ പേടി സ്വപ്‌നം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്പിന്നര്‍മാരായിരുന്നു തിളങ്ങിയത്. അശ്വിന് വേണ്ടി പഠിച്ചുവന്ന ഓസ്‌ട്രേലിയക്ക് ആദ്യ ടെസ്റ്റില്‍ അശ്വിനേക്കാള്‍ ഭീഷണിയായത് ജഡേജയായിരുന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ ഓസീസിന്റെ ദുസ്വപ്‌നം വീണ്ടും സത്യമായി.

അഞ്ച് വിക്കറ്റുമകളുമായാണ് അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ദി മൈറ്റി ഓസീസ് എന്ന കങ്കാരുപ്പടയെ ചീട്ടുകൊട്ടാരം പോലെ തല്ലിക്കൊഴിച്ചത്. അശ്വിന്റെ സ്പിന്‍ തന്ത്രങ്ങളെ നേരിടാന്‍ ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിരക്ക് സാധിച്ചില്ല.

അഞ്ച് വിക്കറ്റായിരുന്നു അശ്വിന്‍ മത്സരത്തില്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിക്കൊണ്ടായിരുന്നു അശ്വിന്‍ തുടങ്ങിയത്. ഒമ്പത് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി നില്‍ക്കവെ ഖവാജയെ വിരാടിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ മടക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണറായിരുന്നു അശ്വിന്റെ അടുത്ത ഇര. 41 പന്തില്‍ നിന്നും പത്ത് റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച വാര്‍ണറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി അശ്വിന്‍ വീണ്ടും തന്റെ മാജിക് കാണിച്ചു. തുടര്‍ന്ന് മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, അലക്സ് കാരി എന്നിവരും അശ്വിന്റെ മാന്ത്രികതയറിഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ പുറത്താക്കിയ അഞ്ചില്‍ നാല് പേരും ഇടം കയ്യന്‍ ബാറ്റര്‍മാരായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടാണ് തന്നെ ഇടം കയ്യന്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമെന്ന് വിളിക്കുന്നത് എന്നതിന്റെ ഉത്തരമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ നല്‍കിയത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഇടം കയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയതിന്റെ റെക്കോഡും അശ്വിന്റെ പേരിലാണ് എന്നറിയുമ്പോഴാണ് ലെഫ്റ്റ് ഹാന്‍ഡര്‍മാര്‍ക്കെതിരെ താരം എത്രത്തോളം മികച്ചവനാണെന്ന് വ്യക്തമാവുക.

ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിറകിലാക്കിക്കൊണ്ടാണ് അശ്വിന്‍ ഈ പട്ടികയില്‍ ഒന്നാമതെത്തിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇടംകയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ താരങ്ങള്‍

(താരം, രാജ്യം, കളിച്ച ഇന്നിങ്‌സ്, വിക്കറ്റ് എന്ന ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ -166 – 230

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 314 – 209

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 276 – 174

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി എട്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. സ്വന്തം മണ്ണിലെ അശ്വിന്റെ 25ാമത് ഫൈഫര്‍ നേട്ടമാണ് നാഗ്പൂരില്‍ പിറന്നത്. അനില്‍ കുംബ്ലെയുടെ ഈ റെക്കോഡിനൊപ്പമെത്താനും ഇതോടെ അശ്വിന് സാധിച്ചു.

Content Highlight: R Ashwin dismissed most number of left hand batters in test history

We use cookies to give you the best possible experience. Learn more