ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയുടെ കണ്ണുനീര്‍ വീഴ്ത്തിക്കൊണ്ടാണ് ഇന്ത്യന്‍ ടീം ട്രോഫി നിലനിര്‍ത്തിയത്. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെയും ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ സമനില നേടിയെടുക്കുകയായിരുന്നു.
ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1നായിരുന്നു ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്. ഇതിന് മുമ്പുള്ള മൂന്ന് തവണയും ഇതേ രീതിയില്‍ തന്നെയായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
നാലാം മത്സരത്തിന്റെ താരം വിരാട് കോഹ്‌ലിയായിരുന്നെങ്കില്‍ പരമ്പരയുടെ താരം ആര്‍. അശ്വിനായിരുന്നു. ഓസ്‌ട്രേലിയ എത്ര സമയമെടുത്ത് പഠിക്കാന്‍ ശ്രമിച്ചാലും ഒരിക്കലും പഠിച്ച് തീര്‍ക്കാന്‍ സാധിക്കാത്ത പുസ്തകമായി അശ്വിന്‍ മാറുകയായിരുന്നു.
നാലാം ടെസ്റ്റില്‍ ഏഴ് വിക്കറ്റാണ് അശ്വിന്‍ പിഴുതെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ 91 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ആറ് കങ്കാരുക്കളെ പവലിയനിലേക്ക് മടക്കിയയച്ചതോടെ കരിയറിലെ 32ാം ഫൈഫറാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.
പരമ്പരയിലുടനീളം 25 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതെറിഞ്ഞത്. ഈ പരമ്പരയില്‍ ഓസ്‌ട്രേലിയക്കായി കളത്തിലറങ്ങിയ ഓരോ താരത്തെയും ഒരിക്കലെങ്കിലും അശ്വിന്‍ പുറത്താക്കി എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ അലക്‌സ് കാരിയാണ് ഏറ്റവുമധികം തവണ അശ്വിന്റെ പന്തിന്റെ ചൂടറിഞ്ഞത്. ഈ പരമ്പരയില്‍ അഞ്ച് തവണയാണ് അശ്വിന്‍ അലക്‌സ് കാരിയെ പുറത്താക്കിയത്. ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, മാറ്റ് റെന്‍ഷോ, ട്രാവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, നഥാന്‍ ലിയോണ്‍ എന്നിവരെ രണ്ട് തവണ വീതവും അശ്വിന്‍ പുറത്താക്കി.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അശ്വിന്റെ വിക്കറ്റ് നേട്ടം
1. ഉസ്മാന്‍ ഖവാജ – 2 തവണ
2. ഡേവിഡ് വാര്‍ണര്‍ – 1
3. മാര്‍നസ് ലബുഷാന്‍ – 1
4. ട്രാവിസ് ഹെഡ് – 2
5. സ്റ്റീവ് സ്മിത് – 2
6. മാറ്റ് റെന്‍ഷോ – 2
7. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് – 2
8. അലക്‌സ് കാരി – 5
9. പാറ്റ് കമ്മിന്‍സ് – 1
10. മിച്ചല്‍ സ്റ്റാര്‍ക് – 1
11. നഥാന്‍ ലിയോണ്‍ – 2
12. ടോഡ് മര്‍ഫി – 1
13. മാത്യു കുന്‍മാന്‍ – 1
14. സ്‌കോട് ബോളണ്ട് – 1
15. കാമറൂണ്‍ ഗ്രീന്‍ – 1
ആകെ : 25