ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം മത്സരത്തില്‍ ടീം പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു റോയല്‍സിന്റെ തോല്‍വി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും യുവതാരം പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും പ്രകടനമാണ് പഞ്ചാബിന് തുണയായത്.
പ്രഭ്‌സിമ്രാന്‍ 34 പന്തില്‍ നിന്നും 60 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 56 പന്തില്‍ നിന്നും പുറത്താകാതെ 86 റണ്‍സ് നേടി. പ്രഭ്‌സിമ്രാന്‍ പുറത്തായതിന് ശേഷം വെടിക്കെട്ട് നടത്തിയ ശിഖര്‍ ധവാനാണ് പഞ്ചാബ് കിങ്‌സിന്റെ വിജയത്തിന് അടിസ്ഥാനമായത്.
മത്സരത്തിന്റെ ഏഴാം ഓവറില്‍ ശിഖര്‍ ധവാനെ പുറത്താക്കാനുള്ള അവസരം ലഭിച്ചിട്ടും അശ്വിന്‍ അത് വിനിയോഗിക്കാതിരിക്കുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ടിലൂടെ ധവാനെ പുറത്താക്കാന്‍ സാധിക്കുമായിരുന്നിട്ടും അശ്വിന്‍ അതിന് മുതിരാതെ വാണിങ് മാത്രം നല്‍കുകയായിരുന്നു.
ഐ.സി.സിയും മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബും ഈ റണ്‍ ഔട്ട് രീതിയെ നിയമവധേയമാക്കിയതാണ്. ഒരു രീതിയിലും നിയമം വിട്ടല്ല ബൗളര്‍ ബാറ്ററെ പുറത്താക്കുന്നത്. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് എതിര്‍ ടീമിന്റെ ക്യാപ്റ്റനെ പുറത്താകാനുള്ള അവസരം അശ്വിന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.
താരത്തിന്റെ ഇത്തരത്തിലുള്ള റണ്‍ ഔട്ട് നേരത്തെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതിനാല്‍ ഇത് അശ്വിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പായി കാണാനായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും ഇഷ്ടപ്പെട്ടത്. എന്നാല്‍ ആ തീരുമാനം മത്സരത്തിന്റെ വിധി പോലും മാറ്റിക്കളയുമെന്ന് ആരും ധരിച്ചില്ല.
പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ അവസാന പന്ത് വരെ പൊരുതിയാണ് തോല്‍വി സമ്മതിച്ചത്. അശ്വിന്റെ മഹാമനസ്‌കതക്ക് പുറമെ രാജസ്ഥാന്റെ ബാറ്റിങ് ഓര്‍ഡറും ടീമിന് വിനയായി.
ടി-20യില്‍ ടെസ്റ്റ് കളിക്കുന്ന ദേവ്ദത്ത് പടിക്കലിനെ ഹെറ്റ്‌മെയറിനും ഹോള്‍ഡറിനും മുമ്പേ ഇറക്കിയതും താരം ഡെലിവറികള്‍ പാഴാക്കിയതുമെല്ലാം ടീമിന് തിരിച്ചടിയായിരുന്നു.
Content Highlight: R Ashwin didn’t run out Shikhar Dhawan at non strikers end