| Wednesday, 13th November 2024, 1:59 pm

ഐ.പി.എല്‍ താരലേലത്തിന് മുമ്പ് സ്വന്തം ലേലവുമായി അശ്വിന്‍; ബട്‌ലറിനും രാഹുലിനുമെല്ലാം കോടികള്‍; ഞെട്ടി ആരാധകര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താരലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ മാസം 24, 25 തീയ്യതികളിലാണ് ലേലം അരങ്ങേറുന്നത്. ജിദ്ദയാണ് താരലേലത്തിന് വേദിയാകുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുമായി 1,574 താരങ്ങളാണ് മെഗാ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഐ.പി.എല്‍ താരലേലത്തിന് മുന്നോടിയായി സ്വന്തമായി താരലേലം നടത്തി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ആര്‍. അശ്വിന്‍. ഓരോ ‘ടീമിനെയും’ ഉള്‍പ്പെടുത്തി അശ്വിന്‍ സംഘടിപ്പിച്ച താരലേലമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

താര ലേലത്തിന് മുമ്പായി മോക് ഓക്ഷന്‍ നടത്തിയാണ് അശ്വിന്‍ ആരാധകരുടെ ശ്രദ്ധയൊന്നാകെ പിടിച്ചുപറ്റിയത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ താര ലേലത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അശ്വിന്‍ ചര്‍ച്ചയിലേക്കുയര്‍ന്നത്.

‘താരലേലത്തിന്റെ സമയത്ത് സാധാരണയായി ഞാന്‍ ഏറെ ആവേശഭരിതനാണ്. നമ്മുടെ ചാനലില്‍ ഇതാദ്യമായി ഒരു മോക് ഓക്ഷന്‍ സംഘടിപ്പിക്കുകയാണ്. ക്രിക്കറ്റ് ആരാധകരും അനലിസ്റ്റുകളും ഏറെ കാലമായി ഐ.പി.എല്‍ കൃത്യമായി ഫോളോ ചെയ്യുന്ന ആളുകളും എല്ലാവരുമൊന്നിച്ച് ഈ ലേലം ഞങ്ങള് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വളരെ രസകരമായിരുന്നു. ഈ ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം തന്നെ മികച്ച ടീമിനെ തന്നെ തെരഞ്ഞെടുത്തു,’ അശ്വിന്‍ പറഞ്ഞു.

ഐ.പി.എല്‍ ലേലനടപടികള്‍ക്ക് സമാനമായാണ് അശ്വിനും ലേലം സംഘടിപ്പിച്ചത്. ഓരോ താരത്തിന്റെയും അടിസ്ഥാന വിലയില്‍ തുടങ്ങി ടീമുകള്‍ വിളിച്ചെടുക്കുന്ന തരത്തില്‍ തന്നെയാണ് മോക് ഓക്ഷനും നടന്നത്.

കെ.എല്‍. രാഹുലിനും ജോസ് ബട്‌ലറിനും ട്രെന്റ് ബോള്‍ട്ടിനും ഡേവിഡ് വാര്‍ണറിനുമെല്ലാം ലേലത്തില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായ രാജാമണി പ്രഭു, തമിഴ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍മാരായ പ്രവീണ്‍ കുമാര്‍, മാര്‍വിന്‍ റോസ്, മനോജ് പ്രഭാകര്‍ തുടങ്ങി നിരവധി പേരാണ് ഓരോ ടീമിനെയും പ്രതിനിധീകരിച്ചെത്തിയത്.

താര ലേലത്തിന്റെ ഫുള്‍ വീഡിയോ ഉടന്‍ തന്നെ വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഐ.പി.എല്‍ താരലേലം 2025

ആകെ 1,574 താരങ്ങളാണ് മെഗാ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1165 പേര്‍. ഏറ്റവും കുറവാകട്ടെ യു.എ.ഇയും കാനഡയും. ഓരോ താരങ്ങള്‍ മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്നുമെത്തുന്നത്.

25 താരങ്ങളുടെ സ്‌ക്വാഡാണ് പടുത്തുയര്‍ത്താനായാണ് ഓരോ ടീമുകളും ലേലത്തിനെത്തുന്നത്. അതായത് 250 താരങ്ങള്‍ ഐ.പി.എല്‍ 2025ന്റെ ഭാഗമാകും. ഇതില്‍ 46 താരങ്ങളെ ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ ശേഷിക്കുന്ന 204 സ്ലോട്ടുകള്‍ക്കായാണ് ഈ 1,574 താരങ്ങള്‍ മത്സരിക്കേണ്ടത്.

കഴിഞ്ഞ തവണത്തെയെന്ന പോലെ ഇത്തവണയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. സ്‌കോട്ലാന്‍ഡ്, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മെഗാ താര ലേലത്തില്‍ പങ്കെടുക്കും.

ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങള്‍

ദല്‍ഹി ക്യാപ്പിറ്റല്‍സ്: അക്‌സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10 കോടി) അഭിഷേക് പോരല്‍ (4 കോടി)

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി), ഹര്‍ഷിത് റാണ (4 കോടി)

ചെന്നൈ സൂപ്പര്‍ കിങ്സ്: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി)

ഗുജറാത്ത് ടൈറ്റന്‍സ്: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)

മുംബൈ ഇന്ത്യന്‍സ്: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി)

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഹെന്റിക് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്‌സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി)

പഞ്ചാബ് കിങ്സ്: ശശാങ്ക് സിങ് (5.5 കോടി), പ്രഭ്‌സിമ്രാന്‍ സിങ് (4 കോടി)

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജെയ്‌സ്വാള്‍ (18 കോടി), ധ്രുവ് ജുറെല്‍ (14 കോടി), റിയാന്‍ പരാഗ് (14 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)

Content Highlight: R Ashwin conducted mock auction before IPL Mega Auction

We use cookies to give you the best possible experience. Learn more