| Thursday, 13th July 2023, 5:05 pm

ഫാബ് ഫോറല്ല, ഇത് ഫെന്റാസ്റ്റിക് ത്രീ; കരിയറിലെ അത്യപൂര്‍വ നേട്ടവുമായി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ അത്യപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. കരിയറില്‍ 700 വിക്കറ്റ് എന്ന നേട്ടം കുറിച്ചാണ് അശ്വിന്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങുന്നത്.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തിയത്.

വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, അല്‍സാരി ജോസഫ്, ജോമല്‍ വാരികന്‍ എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഡൊമനിക്ക ടെസ്റ്റിന് മുമ്പ് 697 അന്താരാഷ്ട്ര വിക്കറ്റുകളാണ് അശ്വിന്റെ പേരിലുണ്ടായിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ അല്‍സാരി ജോസഫിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് അശ്വിന്‍ 700 ക്ലബ്ബില്‍ ഇടം നേടിയത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളും പ്രോട്ടീസ് ഇതിഹാസവുമായി ഡെയ്ല്‍ സ്‌റ്റെയ്‌നിനെ (699 വിക്കറ്റ്) മറികടന്നുകൊണ്ടാണ് അശ്വിന്‍ 700 വിക്കറ്റ് നേട്ടം തികച്ചത്. നിലവില്‍ 702 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.

ഈ നേട്ടം കൈവരിക്കുന്ന 16ാമത് താരവും മൂന്നാമത് ഇന്ത്യന്‍ താരവുമാണ് ആര്‍. അശ്വിന്‍. അശ്വിന് മുമ്പേ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

അനില്‍ കുംബ്ലെ ഇന്ത്യക്കായി 975 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 711 വിക്കറ്റാണ് ഭാജിയുടെ സമ്പാദ്യം. ഇനി കേവലം പത്ത് വിക്കറ്റ് നേടിയാല്‍ അശ്വിന് ഹര്‍ഭജനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താനും സാധിക്കും.

ടെസ്റ്റില്‍ നിന്നുമാണ് അശ്വിന്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. ആകെ വീഴ്ത്തിയ 702 വിക്കറ്റില്‍ 479ഉം പിറന്നത് റെഡ്‌ബോള്‍ ഫോര്‍മാറ്റിലാണ്. ടെസ്റ്റിലെ 93 മത്സരത്തിലെ 175 ഇന്നിങ്‌സില്‍ നിന്നുമാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 23.80 എന്ന മികച്ച ആവറേജിലും 51.60 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് അശ്വിന്‍ പന്തെറിയുന്നത്.

തന്റെ കരിയറിലെ 33ാം ഫൈഫറാണ് അശ്വിന്‍ കഴിഞ്ഞ ദിവസം തികച്ചത്. ലോങ്ങര്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍. അഞ്ച് തവണ കൂടി അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ അശ്വിന് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താം.

67 ഫൈഫറുമായി ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമന്‍.

അതേസമയം, അശ്വിന്റെ ബൗളിങ് പ്രകടനത്തില്‍ വിന്‍ഡീസ് 150 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. അശ്വിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 23 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ്. 40 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 30 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.

Content highlight: R Ashwin completes 700 international wickets

Latest Stories

We use cookies to give you the best possible experience. Learn more