| Wednesday, 13th January 2021, 12:00 pm

ഞാന്‍ വിരാട് കോഹ്‌ലി, ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍; 12 വര്‍ഷം മുന്‍പ് അലീസ ഹീലിയെ വിരാട് പരിചയപ്പെട്ടതിനെക്കുറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രിസ്‌ബേന്‍: ഇന്ത്യാ-ആസ്‌ട്രേലിയ നാലാം ടെസ്റ്റിനായി ആരാധകര്‍ കാത്തിരിക്കെ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ബ്രിസ്‌ബേനില്‍ മുന്‍പ് വന്ന ഓര്‍മ്മകള്‍ പങ്കുവെച്ചത്.

2009 ലെ ഇന്ത്യന്‍ ടീമിലെ ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനെക്കുറിച്ചായിരുന്നു അശ്വിന്‍ മനസ് തുറന്നത്.

അശ്വിന്റെ വാക്കുകളിലേക്ക്:

2009 ലെ ഇന്ത്യ എ സ്‌ക്വാഡില്‍ ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള ടീമില്‍ ഞാന്‍ ഇടം നേടിയിരുന്നു. ടീം ക്യാപ്റ്റന്‍ സുബ്രഹ്മണ്യം ബദരീനാഥ് ആയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഞാന്‍, ബദരി, വിജയ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

സമകാലിക ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായിരുന്നു ഇന്ത്യ എ സ്‌ക്വാഡിലുണ്ടായിരുന്നത്. അജിങ്ക്യ രഹാനെ, മുരളി വിജയ്, വിരാട് കോഹ്‌ലി എന്നിവരൊക്കെ ആ ടീമിലുണ്ടായിരുന്നു. ഇന്ത്യ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക ടീമുകളുടെ എ സ്‌ക്വാഡായിരുന്നു ടൂര്‍ണ്ണമെന്റിലുണ്ടായിരുന്നത്.

ന്യൂസിലാന്റിന് മാര്‍ട്ടിന്‍ ഗപ്ടില്‍, കെയ്ന്‍ വില്യംസണ്‍, കോളിന്‍ ഡി ഗ്രാന്റ്‌ഹോം എന്നിവരുണ്ടായിരുന്നു.

ഈ ടൂര്‍ണ്ണമെന്റിന് ശേഷം നടന്ന ഒരു സംഭവം പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് പങ്കുവെക്കാം. എല്ലാ ടീമുകളിലും പിന്നീട് സൂപ്പര്‍താരങ്ങളായ കളിക്കാരുണ്ടായിരുന്നു. ആ പരമ്പരയ്ക്ക് ശേഷം ഡിന്നറൊക്കെ കഴിച്ച് ഒരു ഒത്തുചേരലുണ്ടായിരുന്നു.

എനിക്ക് തോന്നുന്നത് ആ സമയത്ത് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരവുമുണ്ടായിരുന്നു എന്നാണ്. ഡിന്നര്‍ കഴിച്ചതിന് ശേഷം അലീസ ഹീലിയോട് സ്വയം പരിചയപ്പെട്ട വിരാട് പറഞ്ഞത് താനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത താരം എന്നായിരുന്നുവെന്ന് അശ്വിന്‍ പറയുന്നു.

‘ഞാന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തതായി ഉദയം ചെയ്യാന്‍ പോകുന്നയാള്‍’ എന്ന് പറഞ്ഞായിരുന്നു വിരാട്, അലീസയെ പരിചയപ്പെട്ടതെന്ന് അശ്വിന്‍ പറയുന്നു.


മൂന്നാം ടെസ്റ്റില്‍ വിജയത്തോളം പോന്ന സമനില ഇന്ത്യയ്ക്ക് സമ്മാനിക്കുന്നതില്‍ ഹനുമ വിഹാരിയ്‌ക്കൊപ്പം നിര്‍ണായക പങ്കാണ് അശ്വിന്‍ വഹിച്ചത്. ഓസീസ് ക്യാപ്റ്റനടക്കമുള്ള താരങ്ങള്‍ സ്ലെഡ്ജ് ചെയ്തിട്ടും സമചിത്തതയോടെ പ്രതിരോധക്കോട്ട തീര്‍ത്ത അശ്വിന്റെ ഇന്നിംഗ്‌സ് പ്രശംസിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: R Ashwin Call Back Memories from Brisbane Virat Kohli Aleessa Healy

We use cookies to give you the best possible experience. Learn more