ഷെയന്‍ വോണും ഇമ്രാന്‍ ഖാനും ഇനി അശ്വിന് പിന്നില്‍; പുതിയ റെക്കോഡുമായി ആര്‍. അശ്വിന്‍
Sports News
ഷെയന്‍ വോണും ഇമ്രാന്‍ ഖാനും ഇനി അശ്വിന് പിന്നില്‍; പുതിയ റെക്കോഡുമായി ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th December 2021, 6:43 pm

ഇന്ത്യല്‍ മണ്ണില്‍ തുടര്‍ച്ചയായ 14ാം തവണ വിജയം നേടിയാണ് ഇന്ത്യ ടെസ്റ്റ് റാംങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ന്യൂസിലാന്റ് താരങ്ങളായ അജാസ് പട്ടേലിന്റെയും രചിന്‍ രവിചന്ദ്രയുടെയും ഉദയത്തിനും ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാളിന്റെയും അശ്വിന്റെയും തിരിച്ചു വരവിന് കൂടിയാണ് പരമ്പര സാക്ഷിയായത്.

ന്യൂസിലാന്റുമായുള്ള പരമ്പര വിജയത്തിലെ സുപ്രധാന ഘടകമായിരുന്നു ആര്‍. അശ്വിന്‍. പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുത്തതോടെ പുതിയ റെക്കോഡാണ് താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്.

14 വിക്കറ്റും 70 റണ്‍സും തന്റെ പേരില്‍ എഴുതിച്ചേര്‍ത്താണ് താരം പരമ്പരയിലെ താരമായത്. 9ാം തവണയായാണ് മാന്‍ ഓഫ് ദി മാച്ച് സീരീസ് പദവി അശ്വിന്‍ സ്വന്തമാക്കുന്നത്. ഇതോടെ പുതിയ റെക്കോഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

ഏറ്റവുമധികം തവണ ടെസ്റ്റില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനേയും പാക് ലെജന്റ് ഇമ്രാന്‍ ഖാനേയും റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയേയും പിന്തള്ളിയാണ് അശ്വിന്‍ പട്ടികയില്‍ ഇടം സ്വന്തമാക്കിയത്.

91 സീരീസുകളില്‍ നിന്നും 9 തവണ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാല്ലിസിന്റെ റെക്കോഡിനൊപ്പമാണ് താരം എത്തിയിരിക്കുന്നത്. എന്നാല്‍, കേവലം 33 സീരീസുകളില്‍ നിന്നുമാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. 11 തവണയാണ് മുത്തയ്യ പരമ്പരയിലെ താരമായിട്ടുള്ളത്. മുത്തയ്യയുടെ റെക്കോഡ് മറികടക്കാന്‍ നിലവില്‍ സാധ്യത കല്‍പിക്കുന്നത് അശ്വിന് മാത്രമാണ്.

മുത്തയ്യ മുരളീധരന്‍, 66 പരമ്പരയില്‍ നിന്നും 11 തവണ

ആര്‍.അശ്വിന്‍ 33 പരമ്പരയില്‍ നിന്നും 9 തവണ

ജാക് കാല്ലിസ് 61 പരമ്പരയില്‍ നിന്നും 9 തവണ

ഇമ്രാന്‍ ഖാന്‍ 28 പരമ്പരയില്‍ നിന്നും 8 തവണ

റിച്ചാര്‍ഡ് ഹാഡ്‌ലി 33 പരമ്പരയില്‍ നിന്നും 8 തവണ

ഷെയ്ന്‍ വോണ്‍ 46 പരമ്പരയില്‍ നിന്നും 8 തവണ- എന്നിങ്ങനെയാണ് പരമ്പരയിലെ താരങ്ങളുടെ പട്ടിക. ഇതില്‍ അശ്വിന്‍ മാത്രമാണ് ഇപ്പോഴും കളിക്കളത്തില്‍ സജീവമായിട്ടുള്ളത്.

നേരത്തെ, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങളായ കപില്‍ ദേവിനും സഹീര്‍ ഖാനും ഹര്‍ഭജനും കുംബ്ലെയ്ക്കും സ്വന്തമാക്കാനാവാത്ത നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  R Ashwin breaks Imran Khan and Shane Warne’s record