അശ്വിന് മുമ്പില്‍ മുരളീധരനും വീണു; ഇതിഹാസത്തെ മറികടന്നു, ഇനി ഒന്നാമന്‍
Sports News
അശ്വിന് മുമ്പില്‍ മുരളീധരനും വീണു; ഇതിഹാസത്തെ മറികടന്നു, ഇനി ഒന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 3:54 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ബാസ്‌ബോളിനെ തോല്‍വിയെന്തെന്നറിയിച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തിലും പരമ്പര സ്വന്തമാക്കി എന്നതാണ് ഇന്ത്യയുടെ വിജയത്തെ ഏറെ സ്‌പെഷ്യലാക്കുന്നത്.

ഇന്ത്യയുടെ വിജയത്തിനൊപ്പം ആര്‍. അശ്വിനെ സംബന്ധിച്ച് ഈ പരമ്പര ഏറെ സ്‌പെഷ്യലാണ്. ടെസ്റ്റ് കരിയറിലെ 500 വിക്കറ്റ് നേട്ടവും നൂറാം മത്സരവും ഈ പരമ്പരയിലാണ് പിറവിയെടുത്തത്. ധര്‍മശാലയില്‍ നടന്ന അഞ്ചാം മത്സരത്തിലാണ് അശ്വിന്‍ കരിയറിലെ നൂറാം മത്സരം കളിച്ചത്.

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തില്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ 25ാം ഫോര്‍ഫര്‍ നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ 36ാം ഫൈഫറും പൂര്‍ത്തിയാക്കി.

ആദ്യ ഇന്നിങ്സില്‍ ബെന്‍ ഫോക്സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരെ മടക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍മാരായ സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, സൂപ്പര്‍ താരം ഒല്ലി പോപ്പ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ് എന്നിവരെയും പുറത്താക്കി.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അശ്വിന്‍ സ്വന്തമാക്കി. 100ാം ടെസ്റ്റിലെ ഒരു ബൗളറുടെ മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇതിഹാസ താരം മുത്തയ്യ മുരളീധരനെ മറികടന്നാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്.

 

നൂറാം ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – ടീം – ബൗളിങ് പ്രകടനം – വര്‍ഷം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 9/128 – 2024

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 9/141 – 2006

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 8/231 – 2002

കപില്‍ ദേവ് – ഇന്ത്യ – 7/151 – 1989

അനില്‍ കുംബ്ലെ – ഇന്ത്യ – 7/176 – 2005

ഇതിന് പുറമെ നൂറാം ടെസ്റ്റില്‍ ഫൈഫര്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ നാലാം താരം എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

നൂറാം ടെസ്റ്റില്‍ ഫൈഫര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 2002

അനില്‍ കുംബ്ലെ – ഇന്ത്യ – ശ്രീലങ്ക – 2005

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – ബംഗ്ലാദേശ് – 2006

ആര്‍. അശ്വിന്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 2024

 

ഐ.പി.എല്ലാണ് ഇനി അശ്വിന് മുമ്പിലുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വിശ്വസ്തനായ താരത്തിന് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനും സാധിച്ചേക്കും.

 

 

Content Highlight: R Ashwin brakes Muttiah Muralitharan’s record in 100th test