ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് വേട്ട തുടര്‍ന്ന് ആര്‍. അശ്വിന്‍. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് തുടരുന്ന മൂന്നാം മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയാണ് അശ്വിന്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
മികച്ച ലീഡിലേക്ക് കുതിച്ച ഓസീസിനെ അശ്വിനും ഉമേഷ് യാദവും ചേര്‍ന്ന് തടുത്ത് നിര്‍ത്തുകയായിരുന്നു. 156ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച ഓസീസ് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ ഔട്ടായി.
186ന് നാല് എന്ന നിലയില്‍ നിന്നുമായിരുന്നു 197/10 എന്ന നിലയിലേക്ക് ഓസീസ് വീണത്.
മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും അശ്വിനെ തേടിയെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന മൂന്നാമത് ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡാണ് അശ്വിന്‍ തന്റെ പേരിലാക്കിയത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ക്രിക്കറ്റ് ലെജന്‍ഡുമായ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ത്താണ് അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ഇന്ത്യക്കായി 296ാമത് അന്താരാഷ്ട്ര മത്സരം കളിച്ച അശ്വിന്‍ പീറ്റന്‍ഹാന്‍ഡ്‌സ്‌കോംബിനെ വീഴ്ത്തിക്കൊണ്ടായിരുന്നു മൂന്നാം ടെസ്റ്റിലെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
മത്സരത്തിന് മുമ്പ് കപിലുമായി ഒരു വിക്കറ്റിന്റെ വ്യത്യാസത്തില്‍ നാലാം സ്ഥാനത്തായിരുന്ന അശ്വിന്‍ ഹാന്‍ഡ്‌സ്‌കോംബിനെ മടക്കിയതോടെ ഹരിയാന ഹറികെയ്‌നിനൊപ്പമെത്തി. തുടര്‍ന്ന് നഥാന്‍ ലിയോണിനെയും അലക്‌സ് കാരിയെയും മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു. നിലവില്‍ 687 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബൗളറായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങുമാണ് അശ്വിന് മുമ്പിലുള്ളത്. 401 മത്സരത്തില്‍ നിന്നും 953 വിക്കറ്റുമായി കുംബ്ലെ ഒന്നാം സ്ഥാനത്തും 365 മത്സരത്തില്‍ നിന്നും 707 വിക്കറ്റ് വീഴ്ത്തി ഭാജി രണ്ടാം സ്ഥാനത്തും തുടരുകയാണ്.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. നിലവില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 50ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 33 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. 20 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒമ്പത് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ഇന്ത്യക്കായി ക്രീസില്‍.
Content Highlight: R Ashwin brakes Kapil Dev’s reocord