| Friday, 10th February 2023, 10:06 am

50, 100, 150, 200 മുതല്‍ 450 വരെ എല്ലായിടത്തും അശ്വിന്‍ മയം; ആഷ് ഒരു കില്ലാടി തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്ക് മേല്‍ക്കെ നല്‍കിയിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിന്റെ സകല ആനുകൂല്യവും മുതലാക്കിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് എട്ട് വിക്കറ്റാണ് പിഴുതത്.

രവീന്ദ്ര ജഡേജ ടെസ്റ്റിലെ തന്റെ 11ാം അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയപ്പോള്‍ മൂന്ന് വിക്കറ്റുമായി അശ്വിനും തകര്‍ത്തെറിഞ്ഞു. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ക്രീസില്‍ നിലയുറപ്പിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ മടക്കിക്കൊണ്ടായിരുന്നു അശ്വിന്‍ തുടങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിച്ച കാരിയെ തന്റെ സ്വതസിദ്ധമായ ബൗളിങ്ങില്‍ അശ്വിന്‍ മടക്കി.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു അടുത്തതായി അശ്വിന്റെ പന്തിന്റെ ചൂടറിഞ്ഞത്. 14 പന്തില്‍ നിന്നും ആറ് റണ്‍സുമായി നില്‍ക്കവെ കമ്മിന്‍സിനെ വിരാടിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ മടക്കി.

എട്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി നിന്ന സ്‌കോട്ട് ബോളണ്ടിയും മടക്കി അശ്വിന്‍ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി.

ഇതോടെ ടെസ്റ്റ് കരിയറില്‍ 450 വിക്കറ്റ് പൂര്‍ത്തിയാക്കാനും അശ്വിന് സാധിച്ചു. ഇന്ത്യന്‍ നിരയില്‍ ഏറ്റവും വേഗത്തില്‍ 450 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇതോടെ അശ്വിന് സ്വന്തമായി.

എണ്ണം പറഞ്ഞ പല റെക്കോഡുകളുടെ കൂട്ടത്തിലേക്കാണ് അശ്വിന്റെ ഈ റെക്കോഡും കുറിക്കപ്പെടുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 450 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡും പിറന്നതോടെ രസകരമായ കാഴ്ചക്കാണ് അശ്വിന്റെ സ്റ്റാറ്റ്‌സ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ താരം, ഏറ്റവും വേഗത്തില്‍ 1000 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ താരം, ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ താരം, ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ താരം തുടങ്ങി 250, 300, 350, 400, 450 വരെ ഈ നേട്ടത്തില്‍ അശ്വിന്റെ പേരാണ് കുറിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബൗളര്‍ എന്ന നേട്ടത്തിലേക്ക് അതിവേഗമോടിക്കൊണ്ടിരിക്കുന്ന അശ്വിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍കൂടിയാണ് കഴിഞ്ഞ ദിവസം പിറന്നത്.

Content highlight: R Ashwin becomes the fastest Indian bowler to pick 450 test wickets

We use cookies to give you the best possible experience. Learn more