| Monday, 26th April 2021, 10:04 am

അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് പിന്‍മാറി; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കുടുംബത്തെ സഹായിക്കാനെന്ന് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി ദല്‍ഹി ക്യാപിറ്റല്‍സ് താരം രവിചന്ദ്രന്‍  അശ്വിന്‍. തന്റെ കുടുംബം നിലവില്‍ കൊവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യവിശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നും അശ്വിന്‍ അറിയിച്ചു.

‘ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ നിന്ന് നാളെ മുതല്‍ ഞാന്‍ ഒരു ഇടവേള എടുക്കും. എന്റെ കുടുംബവും ഒരുപാട് കുടുംബങ്ങളും കൊവിഡിനെതിരെ പോരാടുകയാണ്, ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്റെ കുടുംബത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അശ്വിന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ ഒരു ട്വീറ്റില്‍ ഇപ്പോഴത്തെ രാജ്യത്തിന്റെ അവസ്ഥയില്‍ അശ്വിന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.’എന്റെ രാജ്യത്ത് സംഭവിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ജാഗ്രത പാലിക്കാനും സുരക്ഷിതമായി തുടരാനും ഓരോ ഇന്ത്യക്കാരനോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ തുടരുന്നതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സമയത്തും ഐ.പി.എല്‍ കളിക്കാന്‍ കഴിയുന്നതില്‍ എത്രത്തോളം പ്രിവിലേജ്ഡ് ആണ് തങ്ങളെന്ന് കളിക്കാര്‍ മനസിലാക്കണം എന്നായിരുന്നു ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ വിമര്‍ശനം.

ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍ ഇനിയും തുടരുന്നത് ശരിയാണോയെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്ട്രേലിയയും നവാസുദ്ദീന്‍ സിദ്ദിഖി അടക്കമുള്ള ബോളിവുഡ് താരങ്ങളും സമാന ആശങ്ക ഉന്നയിച്ചിരുന്നു.

ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചിരുന്നു. രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിലേക്കും മരണത്തിലേക്കും ശ്രദ്ധതിരിക്കാന്‍ വേണ്ടി തങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കമാണ് ഇതെന്നാണ് പത്രം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: R Ashwin back out from IPL 2021, says have to take care of family affected by Covid 19

We use cookies to give you the best possible experience. Learn more