ഐ.സി.സിയുടെ മിന്നും നേട്ടത്തില്‍ ഒന്നാമന്‍ അശ്വിന്‍; ലോക ടെസ്റ്റില്‍ ഇവന്റെ സ്ഥാനം ഉയര്‍ന്ന് തന്നെ നില്‍ക്കും!
Sports News
ഐ.സി.സിയുടെ മിന്നും നേട്ടത്തില്‍ ഒന്നാമന്‍ അശ്വിന്‍; ലോക ടെസ്റ്റില്‍ ഇവന്റെ സ്ഥാനം ഉയര്‍ന്ന് തന്നെ നില്‍ക്കും!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 12:27 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 113 റണ്‍സ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഇതോടെ ഐ.സി.സിയുടെ ടെസ്റ്റ് ബൗളിങ് റാങ്കില്‍ ഒന്നാം സ്ഥാനത്താണ് അശ്വിന്‍. 871 റേറ്റിങ്ങുമായാണ് താരം റാങ്കിങ്ങില്‍ ആധിപത്യം സൃഷ്ടിച്ചത്. 2016ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ 904 പോയിന്റ് നേടി ഉയര്‍ന്ന റേറ്റിങ്ങിലെത്താനും താരത്തിന് സാധിച്ചിരുന്നു.

രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ 854 റേറ്റിങ്ങുമായി ഉണ്ട്. മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മിന്നും ബൗളര്‍ ജോഷ് ഹോസല്‍വുഡാണ്. 847 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്.

ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിലെ 101 മത്സരത്തിലെ 191 ഇന്നിങസില്‍ നിന്ന് 522 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. അതില്‍ 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ നേടിയ മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.

 

Content Highlight: R. Ashwin At First Rank In Test Bowling Ranking