| Thursday, 13th July 2023, 7:15 pm

മഗ്രാത്തും-ഗില്ലസ്പിയുമൊക്കെ ആര്?; ഇത് ഗ്രേറ്റെസ്റ്റ് ഡുവോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ഇന്ത്യ മികച്ച നിലയിലാണ്. ടോസ് നേടിയ വിന്‍ഡീസ് 150 റണ്‍സ് നേടി എല്ലാവരും പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 80 റസ് നേടിയിട്ടുണ്ട്.

ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശ്വസ്വി ജെയ്‌സ്വാളും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്കായി കാഴ്ചവെക്കുത്. ജെയ്്‌സ്വാള്‍ 40 റണ്‍സും രോഹിത് 30 റണ്‍സുമാണ് നേടിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഇന്നലത്തെ താരങ്ങള്‍ സ്പിന്‍ ഡുവോയായ ആര്‍. അശ്വിനും, രവിന്ദ്ര ജഡേജയുമാണ്. വിന്‍ഡീസിന്റെ 10 വിക്കറ്റുകളില്‍ എട്ടും നേടിയത് ഇരുവരും ചേര്‍ന്നാണ്.

അശ്വിന്‍ 24.3 പന്തില്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജഡ്ഡു 14 ഓവറില്‍ വെറും 26 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റുകള്‍ തന്റെ പേരില്‍ കുറിച്ചു. ഈ മത്സരത്തോടെ ഒരുപാട് റെക്കോഡകുകളാണ് അശ്വിന്‍ തന്റെ പേരില്‍ കുറിച്ചത്. ജഡേജ-അശ്വിന്‍ കോമ്പോയിലും ഒരു പുത്തന്‍ റെക്കോഡ് പിറന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഡുവോ ഏതാണെന്നുള്ളതിന് ഇനി മറ്റൊരു ചോദ്യത്തിന്റെ ആവശ്യമുണ്ടാകില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ 486 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് കടപുഴകിയത്. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരങ്ങളായ ഗ്ലെന്‍ മഗ്രാത്തിന്റെയും ഗില്ലസ്പിയുടെയും റെക്കോഡ് ഇരുവരും ഭേദിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇരുവരും നല്‍കുന്ന ബാലന്‍സ് എന്നും മികച്ചതാണ്. ബാറ്റിങ്ങായാലും ബൗളിങ്ങായാലും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് ഇരുവരും.

അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡും അശ്വിന്‍ തന്റെ പേരിലാക്കിയിരുന്നു. മുന്‍ നായകനും ഇതിഹാസ താരവുമായ അനില്‍ കുംബ്ലെയുടെ 94 ഡിസ്മിസല്‍ എന്ന റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്. 95 പേരെയാണ് അശ്വിന്‍ നിലിവില്‍ ബൗള്‍ഡാക്കിയിട്ടുള്ളത്.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമായുള്ള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ താരവും അശ്വിനാണ്. ഇംഗ്ലണ്ട് ഇതിഹാസമായ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്. 32 തവണ ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ 33 തവണയാണ് നേടിയിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ദിനവും ഇന്ത്യ ആധ്യപത്യം തുടരാനായിരിക്കും ശ്രമിക്കുക. അരങ്ങേറ്റക്കാരനായി ഇറങ്ങിയ ജെയ്‌സ്വാള്‍ അതിന്റെ യാതൊരും ഭാവവുമില്ലാതെയായിരുന്നു ബാറ്റ് വീശിയത്. മത്സരം വൈകീട്ട് ഏഴ് മണിക്കാണ് ആരംഭിക്കുക.

Content Highlight: R Ashwin And Ravindra Jadeja creates a new record

We use cookies to give you the best possible experience. Learn more