| Thursday, 29th June 2023, 8:19 pm

ആ ഒരൊറ്റ പന്തിന് വേണ്ടി വിരാട് എനിക്ക് തന്നത് ഏഴ് വ്യത്യസ്ത ഓപ്ഷന്‍; ടി-20 ലോകകപ്പിലെ വിന്നിങ് ഷോട്ടിനെ കുറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മാച്ചിനോളം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നെഞ്ചിടിപ്പേറ്റിയ മറ്റൊരു മത്സരം കഴിഞ്ഞ പതിറ്റാണ്ടിലൊന്നും നടന്നുകാണില്ല. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ പാകിസ്ഥാന്റെ സ്വപ്‌നങ്ങള്‍ ചവിട്ടിയരച്ചുകൊണ്ടായിരുന്നു ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്.

അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ രണ്ട് വിക്കറ്റും വൈഡും നോ ബോളുമായി അത്യന്തം നാടകീയമായ അന്ത്യത്തിനായിരുന്നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഇന്‍ ഫോം ബാറ്ററായ ഹര്‍ദിക്കിനെ മടക്കിയ പാകിസ്ഥാന്‍ ഇന്ത്യക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. ഓവറിലെ അഞ്ചാം പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ദിനേഷ് കാര്‍ത്തിക്കിനെ നിഷ്പ്രഭനാക്കിയ നവാസിന്റെ സ്ട്രാറ്റജിക്ക് മുമ്പില്‍ ഇന്ത്യ നിന്ന് വിറച്ചു.

അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വെറ്ററന്‍ താരം ആര്‍. അശ്വിനാണ് കളത്തിലിറങ്ങിയത്. കാര്‍ത്തിക്കിനെതിരെ പ്രയോഗിച്ച തന്ത്രം അശ്വിനെതിരെയും പ്രയോഗിക്കാന്‍ ശ്രമിച്ച നവാസിന് പിഴച്ചു. അശ്വിന്റെ ക്രിക്കറ്റ് ബ്രെയ്‌നിന് മുമ്പില്‍ പാകിസ്ഥാന് ഉത്തരമില്ലാതെ പോയപ്പോള്‍ തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി അശ്വിന്‍ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.

താന്‍ ക്രീസിലെത്തി ആദ്യ പന്ത് നേരിടും മുമ്പ് ആ ഡെലിവെറി നേരിടാന്‍ വിരാട് തനിക്ക് ഏഴ് ഓപ്ഷനുകള്‍ നിര്‍ദേശിച്ചിരുന്നു എന്ന് പറയുകയാണ് അശ്വിന്‍.

‘ആ ഒരൊറ്റ പന്ത് നേരിടാന്‍ വിരാട് എനിക്ക് ഏഴ് ഓപ്ഷനുകളാണ് നല്‍കിയത്. ആ ഷോട്ടുകളൊക്കെ കളിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നെങ്കില്‍ ഞാനൊരിക്കലും എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരില്ലായിരുന്നു. ഞാനത് എന്നോട് തന്നെ ചോദിച്ചു, കാരണം അദ്ദേഹത്തോട് എനിക്ക് അത് പറയാന്‍ സാധിക്കുമായിരുന്നില്ല.

ഞാന്‍ വിരാടിന്റെ കണ്ണുകളിലേക്ക് നോക്കി. ഏതോ ഉന്മാദാവസ്ഥയിലായിരുന്നു വിരാടെന്ന് എനിക്ക് തോന്നി. അദ്ദേഹം വേറെ ഏതോ ഗ്രഹത്തിലാണ്, ഞാനേതായാലും ഭൂമിയിലേക്ക് മടങ്ങി വരട്ടെ. അവന്‍ (മുഹമ്മദ് നവാസ്) വൈഡ് എറിഞ്ഞ നിമിഷം തന്നെ ഞാന്‍ ജയിച്ചുവെന്ന് എനിക്ക് അറിയാമായിരുന്നു,’ അശ്വിന്‍ പറഞ്ഞു.

‘ഞാന്‍ അതിനെ കുറിച്ച് എന്നും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചിന്തിക്കാറുണ്ട്. എല്ലാ തവണയും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാണുമ്പോള്‍ ഒരു പക്ഷേ ആ പന്ത് എന്റെ പാഡില്‍ കൊണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അത് അത്രത്തോളം അടുത്തായിരുന്നു. ഞാന്‍ വേണം ആ മത്സരം ഫിനിഷ് ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നിയിരുന്നു,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അടക്കമുള്ള ബാറ്റര്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ വിരാടിന്റെ അപരാജിത പ്രകടനമായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ അവസാന പന്തില്‍ നാല് വിക്കറ്റ് കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

Content highlight: R Ashwin about winning shot against Pakistan in T20 World Cup

We use cookies to give you the best possible experience. Learn more