ചരിത്രത്തില്‍ ഇതുവരെ തോല്‍ക്കാത്ത ബംഗ്ലാദേശിനോട് സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ തലകുനിച്ചുനില്‍ക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര വൈറ്റ് വാഷ് ചെയ്താണ് കടുവകള്‍ ഷാന്‍ മസൂദിനെയും സംഘത്തെയും നാണംകെടുത്തിയത്.
താരങ്ങളുടെ മോശം പ്രകടനത്തിനൊപ്പം ടീമിനുള്ളിലെ പ്രശ്‌നങ്ങളും പാകിസ്ഥാന്റെ തോല്‍വിക്ക് ആക്കം കൂട്ടി.
ഇപ്പോള്‍ പാകിസ്ഥാന്റെ തോല്‍വിയെ കുറിച്ചും നായകനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കവെയാണ് അശ്വിന്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തെ കുറിച്ച് സംസാരിച്ചത്.
‘ഷാന്‍ മസൂദ് എന്ന് പേരുള്ള ഒരാളുടെ കാര്യമാലോചിച്ച് എനിക്ക് സങ്കടമുണ്ട്. എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. ഷാന്‍ മസൂദ് വളരെ സ്മാര്‍ട്ടായ ക്രിക്കറ്ററാണ്. എനിക്കവനെ അറിയാം. അവന് പാകിസ്ഥാന്റെ മികച്ച ക്യാപ്റ്റനാകാന്‍ ഉറപ്പായും സാധിക്കും.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ നയിക്കുക, അതും ടീമിന്റെ പോസ്റ്റര്‍ ബോയ് ആയ ബാബര്‍ അസം ടീമിലുണ്ടായിരിക്കുകയും എന്നാല്‍ ക്യാപ്റ്റന്‍ അല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അത് ഒരിക്കലും എളുപ്പമല്ല. ഡ്രസ്സിങ് റൂമിനെയും അത് ബാധിച്ചേക്കും, ശരിയല്ലേ?’ അശ്വിന്‍ ചോദിച്ചു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ പാകിസ്ഥാനെ ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും വിജയിപ്പിക്കാന്‍ ഷാന്‍ മസൂദിന് സാധിച്ചില്ല.
ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മസൂദിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം. എന്നാല്‍ 3-0ന് പരമ്പര വൈറ്റ് വാഷ് ചെയ്ത് ഓസ്‌ട്രേലിയ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശും ക്ലീന്‍ സ്വീപ് ചെയ്ത് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
ക്യാപ്റ്റന്റെ റോളില്‍ ഇനിയും ഒരു ജയം കണ്ടെത്താനുള്ള മസൂദിന്റെ കാത്തിരിപ്പ് തുടരുകയാണ്.
ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത ടെസ്റ്റ് പരമ്പര. സ്വന്തം മണ്ണില്‍ നടക്കുന്ന ഈ പരമ്പരയില്‍ വിജയം സ്വന്തമാക്കാനാണ് ഷാന്‍ മസൂദും സംഘവും ഒരുങ്ങുന്നത്.