| Wednesday, 29th March 2023, 3:38 pm

'ഇന്ത്യന്‍ ടീം എന്തുകൊണ്ട് സഞ്ജുവിനെ പിന്തുണക്കുന്നില്ല'? മറുപടി പറയാതെ വിഷയം മാറ്റി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇതാദ്യമായാണ് സഞ്ജു ബി.സി.സി.ഐയുടെ കരാറില്‍ സ്ഥാനം പിടിക്കുന്നത്. കാറ്റഗറി സിയിലാണ് സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളത്.

താരത്തിന് കരാര്‍ ലഭിച്ചതില്‍ ആരാധകരും സന്തോഷത്തിലാണ്. സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിച്ചതുകൊണ്ട് മാത്രം ആയില്ല, സഞ്ജുവിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

താരത്തിന്റെ ടാലന്റ് അനുസരിച്ച് ആവശ്യമായ പരിഗണനകള്‍ സഞ്ജുവിന് ലഭിക്കുന്നില്ലെന്നും കണക്കുകളിലും കളിയിലും സഞ്ജുവിനേക്കാള്‍ പിറകിലായ താരങ്ങള്‍ക്ക് സ്ഥിരമായി അവസരം ലഭിക്കുമ്പോഴും സഞ്ജു ടീമിന് പുറത്താണെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യയുടെ ഓരോ പര്യടനത്തിലും പരമ്പകളിലും സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ സഞ്ജുവിന്റെ പേര് തിരയുന്ന ആരാധകര്‍ ദിനം പ്രതി വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും അവര്‍ക്ക് നിരാശ മാത്രമായിരുന്നു ലഭിച്ചിരുന്നതും. ഇതിനെതിരെ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താറുമുണ്ട്.

സഞ്ജുവിന് വേണ്ടത്ര പിന്തുണ നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ വാദം. ഇപ്പോള്‍ ഇതിനോട് പ്രതികരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നറും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായ ആര്‍. അശ്വിന്‍.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്.

‘സഞ്ജുവിനെ തിരിച്ചുവിളിക്കണമെന് നിരവധി ആളുകള്‍ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. അടുത്തിടെ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ നിരവധി താരങ്ങള്‍ക്ക് കൃത്യമായി പിന്തുണ നല്‍കാറുണ്ടെന്നും അതുപോലെ സഞ്ജുവിനെയും പിന്തുണക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ആരാധകരും സഞ്ജുവിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നുണ്ട്. എന്തുകൊണ്ട് സഞ്ജുവിനെ മാത്രം പിന്തുണക്കുന്നില്ല എന്നാണ് ചോദ്യമുയരുന്നത്.

എന്നാല്‍ ആരെ പിന്തുണക്കണം, അരൊക്കെ പിന്തുണ അര്‍ഹിക്കുന്നുണ്ട് എന്നൊന്നും പറയാനാല്ല ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഇന്ത്യക്കൊരു ലോകകപ്പ്, അതുമാത്രമാണ് ഇപ്പോള്‍ എനിക്ക് വേണ്ടത്. അത് സംഭവിക്കുന്നതിനായി എല്ലാ വിധത്തിലുമുള്ള പോസിറ്റീവ് വൈബും നമ്മള്‍ നല്‍കണം. അങ്ങനെയാണ് ഞാന്‍ ചിന്തുക്കുന്നത്,’ അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകുന്നത്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ടീമിനെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Content Highlight: R Ashwin about Sanju Samson

We use cookies to give you the best possible experience. Learn more