| Thursday, 30th November 2023, 1:26 pm

ചെന്നൈ കിരീടം നേടിയാല്‍, അടുത്ത കിരീടം രോഹിത് ഉയര്‍ത്തും... 2024 ഐ.പി.എല്ലിന് മുമ്പ് തുറന്നടിച്ച് സഞ്ജുവിന്റെ വലംകൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഹര്‍ദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയതായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന വാര്‍ത്ത. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരിക്കവെയാണ് താരം മുംബൈയുമായി കരാറിലെത്തുന്നത്.

ഹര്‍ദിക് പാണ്ഡ്യ മുംബൈയിലെത്തുകയാണെങ്കിലും രോഹിത് ശര്‍മ തന്നെ ക്യാപ്റ്റനായി തുടരണമെന്ന് പറയുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ആര്‍. അശ്വിന്‍. ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് അശ്വിന്‍ സംസാരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ മുന്‍ ഇന്ത്യന്‍ താരം എ. ബദ്രിനാഥിനൊപ്പമായിരുന്നു അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ രോഹിത് എന്ന നായകന് ഇനിയും ഒരുപാട് കാതങ്ങള്‍ താണ്ടാനുണ്ട്. അവര്‍ക്കൊരു പ്രോഗ്രഷന്‍ പ്ലാന്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ പറയുന്നതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്.

മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പോലെ ഒരു ടോപ്പ് ഫ്രാഞ്ചൈസിയാണ്. മുംബൈ അവര്‍ക്കുള്ളിലെ ആശയവിനിമയം കൃത്യമായി നടത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ ഹര്‍ദിക്കിനോടും രോഹിത്തിനോടും സംസാരിച്ചിരിക്കും. അത് അവര്‍ നടപ്പിലാക്കുകയും ചെയ്യും. എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല.

അവര്‍ രണ്ട് പേരും മികച്ച താരങ്ങള്‍ തന്നെയാണ്. അഞ്ച് കിരീടം നേടുക എന്നത് ഒരിക്കലും ഒരു തമാശയല്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കിരീടമുയര്‍ത്തിയാല്‍ രോഹിത്താണ് അടുത്ത കിരീടമുയര്‍ത്തുക. രോഹിത് ഒരുപാട് ദൂരം സഞ്ചരിച്ചു.

എന്റെ യൗവനകാലം മുതല്‍ എനിക്ക് രോഹിത്തിനെ അറിയാം. ഫ്രാഞ്ചൈസി തങ്ങളുടെ താരങ്ങളെ പരിഗണിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഒരിക്കല്‍ പത്ത് ലക്ഷം രൂപക്കാണ് അവനെ ലേലം കൊണ്ടത്. എന്നാലിപ്പോള്‍ രോഹിത് മള്‍ട്ടി മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന താരമാണ്,’ അശ്വിന്‍ പറഞ്ഞു.

Content highlight: R Ashwin about Rohit Sharma

We use cookies to give you the best possible experience. Learn more