| Wednesday, 24th July 2024, 9:20 am

മോശം പ്രകടനം കാഴ്ചവെക്കുകയോ തോല്‍ക്കുകയോ ചെയ്യുമ്പോഴെല്ലാം ഇന്ത്യ അദ്ദേഹത്തെ സമീപിച്ചിരുന്നു; ഇന്ത്യയുടെ 'രക്ഷകനെ' കുറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ആരാധകരും കാലങ്ങളായി കാത്തിരിക്കുന്ന ഐ.സി.സി കിരീടം ടീമിന് നേടിക്കൊടുത്താണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പിടിയിറങ്ങിയത്. ലോകകപ്പ് നേട്ടത്തോടെ തങ്ങളുടെ വന്‍മതിലിനെ യാത്രയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീമൊന്നാകെ.

2007 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും നാണംകെട്ട് മടങ്ങേണ്ടി വന്ന ക്യാപ്റ്റനില്‍ നിന്നും അതേ വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പരിശീലകനായിട്ടാണ് ദ്രാവിഡിന്റെ പടിയിറക്കം.

സമ്മാനദാന ചടങ്ങിനിടെ ദ്രാവിഡ് ട്രോഫി കയ്യിലെടുത്ത് ആവേശത്തോടെ ആര്‍ത്തുവിളിച്ചിരുന്നു. സ്വതവേ ശാന്തനും സൗമ്യനുമായ ദ്രാവിഡിനെ ഇത്തരത്തില്‍ ആദ്യമായാണ് പല ആരാധകരും കണ്ടത്. ഈ കിരീടം അദ്ദേഹം അത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നാണ് ഈ സന്തോഷപ്രകടനം വ്യക്തമാക്കുന്നത്.

ഈ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. വിരാട് കോഹ്‌ലി ട്രോഫി അദ്ദേഹത്തിന് കൈമാറിയ സമയത്ത് അദ്ദേഹം അത് കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്നും ഇന്ത്യന്‍ ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം തന്നെ അദ്ദേഹം തുണയായിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

‘വിരാട് കോഹ്‌ലി രാഹുല്‍ ദ്രാവിഡിന്റെ കൈകളില്‍ ട്രോഫി ഏല്‍പിച്ചതാണ് ലോകകപ്പിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മുഹൂര്‍ത്തം. ദ്രാവിഡ് ആ ട്രോഫിയെ കെട്ടിപ്പിടിക്കുന്നതും കരയുന്നതും ഞാന്‍ കണ്ടിരുന്നു.

2007ല്‍ അദ്ദേഹം ഏകദിന ലോകകപ്പില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു, ശേഷം ആ സ്ഥാനത്ത് നിന്നും പടിയിറങ്ങി. അദ്ദേഹമെപ്പോഴും ഇന്ത്യന്‍ ടീമിനൊപ്പം തന്നെയുണ്ടായിരുന്നു.

ഇന്ത്യ മോശം പ്രകടനം കാഴ്ചവെക്കുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോഴെല്ലാം തന്നെ ഒരു പരിഹാരത്തിനായി അവര്‍ രാഹുല്‍ ദ്രാവിഡിനെയാണ് സമീപിച്ചിരുന്നത്,’ അശ്വിന്‍ പറഞ്ഞു.

‘കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ അദ്ദേഹം ടീമിന് വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാവുന്നതാണ്. ഓരോ താരത്തിനുമൊപ്പം ചേര്‍ന്ന് നിന്ന്, അവര്‍ക്ക് എന്തെല്ലാം നല്‍കിയെന്നും എനിക്കറിയാം. വീട്ടിലായിരിക്കുമ്പോള്‍ പോലും അദ്ദേഹം ടീമിന് വേണ്ടിയുള്ള പ്ലാനിങ്ങിലായിരുന്നു,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: R Ashwin about Rahul Dravid

We use cookies to give you the best possible experience. Learn more