ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ച് നടക്കുകയാണെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ല എന്ന് ഇന്ത്യ നിലപാടെടുക്കുകയും അതിന് പിന്നാലെ പാകിസ്ഥാന്‍ ഐ.സി.സി ലോകകപ്പ് ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ മത്സരം നടക്കുന്നത് പാകിസ്ഥാനില്‍ വെച്ചാണെങ്കില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനില്‍ നിന്നും മാറ്റണമെന്നും ഏതെങ്കിലും നിക്ഷ്പക്ഷ രാജ്യങ്ങളില്‍ മത്സരം സംഘടിപ്പിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
എന്നാല്‍, പാകിസ്ഥാനില്‍ വെച്ച് നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുക്കാതിരിക്കുകയാണെങ്കില്‍ 2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ.സി.സി 50 ഓവര്‍ ലോകകപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ല എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥിയും നിലപാടെടുത്തതോടെ വിഷയം ചര്‍ച്ചയിലേക്കുയുര്‍ന്നു.
നേരത്തെ പുകഞ്ഞുകൊണ്ടിരുന്ന ഈ വിഷയം ഇപ്പോള്‍ ആളിക്കത്തിയിരിക്കുകയാണ്.
പി.സി.ബി ചെയര്‍മാന്‍ നജാം സേഥിയുടെ വാക്കുകളോട് പ്രതികരിക്കുകയാണ് അശ്വിന്‍. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
‘ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ വെച്ചാണ് നടക്കുന്നതെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞങ്ങള്‍ പങ്കെടുക്കണമെന്നാണെങ്കില്‍ നിങ്ങള്‍ വേദി മാറ്റണം.
പക്ഷേ, ഇക്കാര്യം മുമ്പും സംഭവിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. നമ്മള്‍ അവരുടെ മണ്ണിലെത്തി കളിക്കില്ല എന്ന് പറയുമ്പോള്‍ ഇവിടെ വന്ന് കളിക്കില്ല എന്ന് അവരും പറയും. അതുപോലെ തന്നെയാണ് പാകിസ്ഥാനും ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും അവര്‍ക്ക് ഇവിടെ വരാതിരിക്കാന്‍ സാധിക്കുമെന്നോ ലോകകപ്പ് കളിക്കാതിരിക്കാന്‍ പറ്റും എന്നോ എനിക്ക് തോന്നുന്നില്ല,’ അശ്വിന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ നിന്നും മാറ്റി യു.എ.ഇയില്‍ വെച്ച് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടത്തണം എന്നായിരുന്നു ആവശ്യമുയര്‍ന്നത്. എന്നാല്‍ യു.എ.ഇയില്‍ വെച്ചല്ല ശ്രീലങ്കയില്‍ വെച്ച് വേണം മത്സരം നടത്താന്‍ എന്നാണ് അശ്വിന്റെ അഭിപ്രായം.
‘ഒടുവില്‍ ഏഷ്യാ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കാം. 50 ഓവര്‍ ലോകകപ്പിന് മുമ്പേയുള്ള പ്രധാന മത്സരമാണിത്. ദുബായില്‍ ഇതിനോടകം തന്നെ ഒരുപാട് ടൂര്‍ണമെന്റ് നടന്നതല്ലേ. വേദി ശ്രീലങ്കയിലേക്ക് മാറ്റുകയാണെങ്കില്‍ ഞാനും ഏറെ സന്തോഷവാനായിരിക്കും,’ അശ്വിന്‍ പറഞ്ഞു.
ഏഷ്യാ കപ്പിന്റെ കഴിഞ്ഞ എഡിഷന് വേദിയാകേണ്ടിയിരുന്നത് ശ്രീലങ്കയായിരുന്നു. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം വേദി അവസാന ഘട്ടത്തില്‍ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.
Content highlight: R Ashwin about Pakistan playing in ICC World Cup 2023