മുഹമ്മദ് ഷമിയെ മോഹന്‍ലാലിന്റെ പേര് പറഞ്ഞാണ് ഞാന്‍ വിളിക്കുക: അശ്വിന്‍
Sports News
മുഹമ്മദ് ഷമിയെ മോഹന്‍ലാലിന്റെ പേര് പറഞ്ഞാണ് ഞാന്‍ വിളിക്കുക: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 4:44 pm

2023 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയെ മുമ്പില്‍ നിന്നും നയിച്ചത് സൂപ്പര്‍ താരം മുഹമ്മദ് ഷമിയായിരുന്നു. ആദ്യ മത്സരങ്ങളില്‍ ടീമില്‍ ഇടം കിട്ടാതെ ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന ഷമി, ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കുകയായിരുന്നു.

ഓരോ മത്സരത്തിലും വിക്കറ്റുകള്‍ എറിഞ്ഞുവീഴ്ത്തിയ ഷമി ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ആകെ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും 24 വിക്കറ്റാണ് ഷമി നേടിയത്. ഇതിന് പിന്നാലെ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഷമിക്ക് സാധിച്ചു.

10.70 എന്ന ശരാശരിയിലും 5.26 എന്ന എക്കോണമിയിലുമാണ് ഷമി വിക്കറ്റ് നേടിയത്. അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണ സ്വന്തമാക്കിയ ഷമി നാല് വിക്കറ്റ് നേട്ടം ഒരിക്കലും സ്വന്തമാക്കി.

ന്യൂസിലാന്‍ഡിനെതിരെ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ പ്രകടനം ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ഏകദിന ബൗളിങ് ഫിഗറായും അടയാളപ്പെടുത്തപ്പെട്ടു.

ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇതോടൊപ്പം ഷമിയെ തേടിയെത്തി.

ഇപ്പോള്‍ മുഹമ്മദ് ഷമിയെ കുറിച്ചും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ പോകുന്ന താരത്തെ കുറിച്ചും പറയുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. ടീമില്‍ ഷമി ലാല എന്നാണ് അറിയപ്പെടാറുള്ളതന്നും എന്നാല്‍ താന്‍ മോഹന്‍ലാലിനെ വിളിക്കുന്നത് പോലെ അദ്ദേഹത്തെ ലാലേട്ടന്‍ എന്നാണ് വിളിക്കാറുള്ളതെന്നും അശ്വിന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാിരുന്നു അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഷമിയെ ടീമിലെ എല്ലാവരും ലാല എന്നാണ് വിളിക്കുക. പക്ഷേ ഞാന്‍ ലാലേട്ടാ എന്നാണ് വിളിക്കാറുള്ളത്. നമ്മുടെ മലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹലാലിന്റെ പേരായ ലാലേട്ടാ എന്നാണ് ഞാന്‍ വിളിക്കുക,’ അശ്വിന്‍ പറഞ്ഞു.

ഷമിയുടെ പിന്‍ഗാമിയാകാന്‍ പോകുന്ന താരത്തെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. മുകേഷ് കുമാറിനെയാണ് താന്‍ ഷമിയുടെ പിന്‍ഗാമിയായി കാണുന്നതെന്നും അവനാണ് ജൂനിയര്‍ ലാലേട്ടന്‍ എന്നും അശ്വിന്‍ പറഞ്ഞു.

‘എനിക്ക് തോന്നുന്നത് മുകേഷ് കുമാറാണ് ജൂനിയര്‍ ലാലേട്ടന്‍. സിറാജ് ജൂനിയര്‍ ലാലേട്ടന്‍ എന്ന പേര് എടുക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മുകേഷ് കുമാര്‍ ആ പേര് കൈക്കലാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഷമിയുടേത് പോലുള്ള ശരീര പ്രകൃതി, ഷമിയുടെ അതേ ഉയരം, അതേ റിസ്റ്റ് പൊസിഷന്‍. പെര്‍ഫെക്ട് സീം പൊസിഷനിലാണ് അവന്റെ ഓരോ പന്തും ലാന്‍ഡ് ചെയ്യാറുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മുകേഷ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയയുടെ ഇന്ത്യന്‍ പര്യടനത്തിലും മുകേഷ് കുമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിശാഖപട്ടണത്തില്‍ നടന്ന ആദ്യ ടി-20യില്‍ മുകേഷ് കുമാറിനെതിരെ മാത്രമാണ് ഓസീസ് സൂപ്പര്‍ താരങ്ങള്‍ക്ക് റണ്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത്.

വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ലെങ്കിലും റണ്ണൊഴുകിയ പിച്ചില്‍ നാല് ഓവര്‍ പന്തെറിഞ്ഞ മുകേഷ് കുമാര്‍ 29 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

നവംബര്‍ 26നാണ് പരമ്പരയിലെ രണ്ടാം മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

 

Content Highlight: R Ashwin about Mohammed Shami and Mukesh Kumar