| Sunday, 4th August 2024, 9:21 am

കഴിഞ്ഞ ഐ.പി.എല്ലിലാണ് ഞാന്‍ ആ കാര്യം തിരിച്ചറിഞ്ഞത്; ഫൈനലിന് മുമ്പേ അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ഫൈനലില്‍ ആര്‍. അശ്വിന്റെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ലൈക കോവൈ കിങ്‌സിനെ നേരിടും. ചെപ്പോക്കാണ് വേദി.

എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും അശ്വിന്റെ ബാറ്റിങ് മികവിലാണ് ഡ്രാഗണ്‍സ് വിജയിച്ചുകയറിയത്. രണ്ട് മത്സരത്തിലും താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

എലിമിനേറ്ററില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെതിരെ 35 പന്തില്‍ 57 റണ്‍സ് നേടിയ താരം ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി ഇറങ്ങി 30 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് നേടിയത്.

ഇപ്പോള്‍ തന്റെ ബാറ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ഡിണ്ടിഗല്‍ നായകന്‍. കഴിഞ്ഞ ഐ.പി.എല്ലിലാണ് തന്റെ പ്രകടനം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നാണ് അശ്വിന്‍ പറയുന്നത്. കോവൈ കിങ്‌സിനെതിരായ ഫൈനലിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഉറപ്പായും, കഴിഞ്ഞ ഐ.പി.എല്ലാണ് എന്റെ പ്രകടനം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന് എനിക്ക് തോന്നിയത്. കാരണം എനിക്ക് എന്റെ കാലുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും പന്ത് ഉയര്‍ത്തി അടിക്കാന്‍ സാധിക്കുമെന്നും എനിക്കറിയാം.

കളിക്കളത്തില്‍ ഞാന്‍ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. എനിക്ക് ആ ചോദ്യം ചോദിക്കാനും അതിന് ഉത്തരം കണ്ടെത്താനും കഴിയുമെങ്കില്‍ ഗെയ്മിന്റെ താത്പര്യം നിലനിര്‍ത്താനുള്ള ഒരു പുതിയ വഴിയാണ് എനിക്ക് നല്‍കുന്നത്,’ അശ്വിന്‍ പറഞ്ഞു.

നേരത്തെ തിരുപ്പൂര്‍ തമിഴന്‍സിനെതിരെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ടോസ് നേടിയ അശ്വിന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തൊട്ടതെല്ലാം പിഴച്ച തിരുപ്പൂരിന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ സാധിച്ചില്ല. ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയില്‍ നിന്നും 38ന് അഞ്ച് എന്ന നിലയിലേക്കുള്ള തിരുപ്പൂരിന്റെ പതനം അതിവേഗത്തിലായിരുന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ എസ്. ഗണേഷും ഇംപാക്ട് പ്ലെയറായി എത്തിയ മാന്‍ ബാഫ്‌നയും ചേര്‍ന്ന് ഒരു തിരിച്ചടിക്ക് ശ്രമിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് തിരുപ്പൂരിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ബാഫ്‌നയെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 16 പന്തില്‍ 17 റണ്‍സ് നേടിയ ഗണേഷിന്റെ വിക്കറ്റും ടീമിന് നഷ്ടമായി.

ഒടുവില്‍ 19.4 ഓവറില്‍ തിരുപ്പൂര്‍ തമിഴന്‍സ് 108ന് പുറത്തായി.

ഡിണ്ടിഗലിനായി വിഗ്നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും സുഭോത് ഭാട്ടിയും രണ്ട് വിക്കറ്റ് വീതവും നേടി. സന്ദീപ് വാര്യരും അശ്വിനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

എലിമിനേറ്ററില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വണ്‍ ഡൗണായി ഇറങ്ങിയ അശ്വിന്‍ ഇത്തവണ ഓപ്പണറായാണ് കളത്തിലെത്തിയത്. ആദ്യ വിക്കറ്റില്‍ തന്നെ രാമചന്ദ്രന്‍ വിമല്‍കുമാറിനെ ഒപ്പം കൂട്ടി വെടിക്കെട്ട് തുടങ്ങിയ അശ്വിന്‍ തിരുപ്പൂരിന് മത്സരത്തിന്റെ ഒരു വേള പോലും മുന്‍തൂക്കം നല്‍കാതെ ആക്രമിച്ചുകൊണ്ടേയിരുന്നു.

രോഹിത്തിന്റെ ആ തീരുമാനമാണ് ശ്രീലങ്കക്ക് കളിയിലേക്ക് തിരിച്ചുവരാന്‍ സഹായകമായത്: വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ടീം സ്‌കോര്‍ 81ല്‍ നില്‍ക്കവെ 27 പന്തില്‍ 28 റണ്‍സ് നേടിയ വിമല്‍ കുമാര്‍ പുറത്തായി. പി. ഭുവനേശ്വരനാണ് വിക്കറ്റ് നേടിയത്.

മൂന്നാം നമ്പറില്‍ ബാബ ഇന്ദ്രജിത്താണ് കളത്തിലെത്തിയത്. ഒരുവശത്ത് അശ്വിന്‍ സ്റ്റോം ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഇന്ദ്രജിത്തിനുണ്ടായിരുന്നത്.

ഒടുവില്‍ 11ാം ഓവറില്‍ പി. ഭുവനേശ്വരനെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി അശ്വിന്‍ ഡ്രാഗണ്‍സിനെ ഫൈനലിലെത്തിച്ചു.

30 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് അശ്വിന്‍ അടിച്ചുകൂട്ടിയത്. 11 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 230.00 സ്‌ട്രൈക്ക് റേറ്റിലാണ് അശ്വിന്റെ വെടിക്കെട്ട്. മറുവശത്ത് ഇന്ദ്രജിത്ത് എട്ട് പന്ത് നേരിട്ട് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

Content highlight: R Ashwin about his performance

Latest Stories

We use cookies to give you the best possible experience. Learn more