ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് കരുത്ത് കാട്ടിയത്. മുംബൈ ഇന്ത്യന്‍സിന് ശേഷം ചെപ്പോക്കില്‍ ചെന്നൈയുടെ കണ്ണീര് വീഴ്ത്താന്‍ സാധിച്ചത് രാജസ്ഥാന് മാത്രമായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. ബട്‌ലറിന്റെയും ഹെറ്റിയുടെയും പടിക്കലിന്റെയും ഇന്നിങ്‌സാണ് രാജസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഓവറുകളിലെ ധോണിയുടെയും ജഡേജയുടെയും ചെറുത്ത് നില്‍പ് ഹോം ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.
സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരിക്കെ 17 റണ്‍സ് മാത്രമാണ് ധോണിപ്പടയ്ക്ക് നേടാന്‍ സാധിച്ചത്.
ആ ഓവറില്‍ സന്ദീപിനെ ഏറ്റവും വലിയ റിസ്‌ക്കെടുക്കാന്‍ പ്രേരിപ്പിച്ചത് താനാണെന്ന് പറയുകയാണ് അശ്വിന്‍. താരത്തിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘സന്ദീപ് ശര്‍മ ധോണിക്ക് പന്തെറിയുകയായിരുന്നു. രണ്ട് സിക്‌സറാണ് ധോണി അടിച്ചുകൂട്ടിയത്. ഒരു ഓവറില്‍ 20 റണ്‍സ് വേണ്ടപ്പോള്‍ ധോണി രണ്ട് ബോളില്‍ രണ്ട് സിക്‌സര്‍ അടിച്ചാല്‍ എന്താണ് അവസ്ഥ. ആ മത്സരത്തില്‍, അത്തരമൊരു സാഹചര്യത്തില്‍ ധോണിയെപോലെ ഒരു ബാറ്ററെ മറികടന്ന് മുമ്പിലെത്താനുള്ള ചാന്‍സ് പൂജ്യത്തിന് തുല്യമാണ്.
ഞാന്‍ സന്ദീപിനോട് ഉള്ളതില്‍ വെച്ച് ഏറ്റവും വലിയ റിസ്‌കി ബോള്‍ എതാണെന്ന് ചോദിച്ചു. സ്ലോവര്‍ ലെങ്ത് ബോളാണെന്ന് അവന്‍ മറുപടിയും നല്‍കി. എന്നാല്‍ അതുതന്നെ എറിയെടാ എന്ന് ഞാനും പറഞ്ഞു.
ആ സാഹചര്യത്തില്‍ ബൗളര്‍ ഏറ്റവും വലിയ റിസ്‌കേറിയ ഡെലിവറി തനിക്കെതിരെ എറിയുമെന്ന് ബാറ്റര്‍ ഒരിക്കല്‍പ്പോലും ചിന്തിക്കില്ല. കാരണം ബാറ്റര്‍ക്കറിയാം ആ ബൗളര്‍ അത്രത്തോളം സമ്മര്‍ദത്തിനടിമപ്പെട്ടിരിക്കുകയാണെന്ന്. ആ ബോളിനെ കുറിച്ച് അവര്‍ ചിന്തിക്കുകപോലുമില്ല,’ അശ്വിന്‍ പറഞ്ഞു.
ആ രണ്ട് സിക്‌സറിന് ശേഷമെറിഞ്ഞ മൂന്ന് പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമാണ് ജഡേജക്കും ധോണിക്കും ചേര്‍ന്ന് സ്വന്തമാക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെ രാജസ്ഥാന്‍ മൂന്ന് റണ്‍സിന്റെ വിജയമാഘോഷിക്കുകയായിരുന്നു.
Content highlight: R Ashwin about his advise to Sandeep Sharma