| Tuesday, 19th September 2023, 7:57 am

605 ദിവസം, അഥവാ ഒരു വര്‍ഷവും ഏഴ് മാസവും 28 ദിവസും നീണ്ട കാത്തിരിപ്പിന് വിരാമം; ഈ വരവ് ലോകകപ്പിലേക്കോ?

സ്പോര്‍ട്സ് ഡെസ്‌ക്

605 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ വെറ്ററന്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ വീണ്ടും ഇന്ത്യക്കായി മറ്റൊരു ഏകദിന മത്സരം കളിക്കാനൊരുങ്ങുകയാണ്. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള ടീമിലാണ് അശ്വിന്‍ ഇടം നേടിയത്.

സൂപ്പര്‍ താരം അക്‌സര്‍ പട്ടേലിന് പരിക്കേറ്റതിന് പിന്നാലെയാണ് അശ്വിന്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായത്.

2022 ജനുവരിയില്‍ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് അശ്വിന്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. അന്ന് ആ മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ താരത്തിന് ടീമില്‍ ഇടം നേടാനും കഴിഞ്ഞിരുന്നില്ല.

ഈ പരമ്പരക്ക് ശേഷം അശ്വിന്‍ ഇന്ത്യക്കായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയടക്കമുള്ള നിരവധി ടെസ്റ്റ് പരമ്പരകളും ടി-20 ഫോര്‍മാറ്റില്‍ ലോകകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ കളിച്ചപ്പോഴും ഏകദിന ഫോര്‍മാറ്റില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ 19 മാസത്തിന് ശേഷം അശ്വിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്.

ഏഷ്യാ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിന്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇടം നേടിയത്. ലോകകപ്പിന് തൊട്ടുമുമ്പ് ടീമിലേക്കുള്ള ഈ മടങ്ങി വരവ് ലോകകപ്പിലും തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പിന് ഇനി 16 നാള്‍ മാത്രം ശേഷിക്കെ അക്‌സറിന്റെ പരിക്ക് പൂര്‍ണമായും ഭേദമാകുമോ എന്നുള്ളതാണ് ആരാധകരുടെ ആശങ്ക. അത് സംഭവിക്കാത്ത പക്ഷം അശ്വിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചേക്കും. അതിന് ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും. പക്ഷേ പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള സ്‌ക്വാഡില്‍ അശ്വിനൊപ്പം അക്‌സര്‍ പട്ടേലിനും ഇടമുണ്ട് എന്നതാണ് അശ്വിന്‍ ആരാധകരെ നിരാശരാക്കുന്ന വസ്തുത.

ഒരുപക്ഷേ അശ്വിന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയാല്‍ അത് മുതല്‍ക്കൂട്ടാകുന്നത് ഇന്ത്യക്ക് തന്നെയായിരിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. കളിക്കളത്തിലെ അശ്വിന്റെ തന്ത്രങ്ങളും ക്രിക്കറ്റ് ബ്രെയ്‌നും തന്നെയാണ് ഇതിന് കാരണവും. കഴിഞ്ഞ ടി-20 ലോകകപ്പില്‍ മുഹമ്മദ് നവാസിന്റെ പന്തില്‍ നേടിയെടുത്ത വൈഡും അതുവഴി ഇന്ത്യയുടെ വിജയവും ഇതിന് ഉത്തമ ഉദാഹരണമാണ്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്ന് ചെപ്പോക്ക് കീഴടക്കിയതും ഇതേ തന്ത്രങ്ങള്‍ കൊണ്ടായിരുന്നു.

പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന അശ്വിന്‍ ടീമിനാവശ്യമുള്ളപ്പോള്‍ ബാറ്റിങ്ങിലും നിര്‍ണായക സാന്നിധ്യമാകുന്നത് പതിവാണ്. അക്‌സറിന്റെ പരിക്കും അശ്വിന്റെ ഈ സീരീസിലെ പ്രകടനവും തന്നെയായിരിക്കും ഇന്ത്യന്‍ സ്പിന്‍ വിസാര്‍ഡിന്റെ കരിയറിലെ മറ്റൊരു ലോകകപ്പിന് വഴിയൊരുക്കുക.

മൂന്ന് ഏകദിനമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലും നടക്കും.

ആദ്യ രണ്ട് മത്സങ്ങള്‍ക്കുള്ള ഏകദിന ടീം:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: R Ashiwn includes in ODI series against Australia

Latest Stories

We use cookies to give you the best possible experience. Learn more