| Thursday, 6th December 2018, 10:01 am

അംബേദ്ക്കറിസം ഇന്ത്യന്‍ വിപ്ലവത്തിന്റെ സമഗ്രദര്‍ശനം

ആര്‍. അനിരുദ്ധന്‍

ജാതിവ്യവസ്ഥയുടെ ദണ്ഡനനീതിക്കു കീഴില്‍ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഇന്ത്യയിലെ അടിസ്ഥാനവിഭാഗങ്ങളുടെ വിമോചന മുന്നേറ്റത്തിന് നേതൃത്വം നല്‍കി, ഇന്ത്യയെ ജനാധിപത്യത്തിന്റെ പുതുയുഗപ്പിറവിയിലേക്ക് നയിച്ച സാമൂഹിക വിപ്‌ളവകാരിയും രാഷ്ട്രീയ ചിന്തകനുമായിരുന്നല്ലോ ബാബാസാഹേബ് ഡോ. ബി.ആര്‍.അംബേദ്കര്‍. ഇന്ത്യാചരിത്രം പുനര്‍വായനക്ക് വിധേയമാക്കുന്നവര്‍ അദ്ദേഹത്തിന് നിരവധി വിശേഷണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ജനസമൂഹത്തെ, സമഗ്രമായ വിപ്ലവ പന്ഥാവിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ ചിന്താലോകത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നൂറ്റാണ്ടുകളായി ജാതീയതയുടെ അടിമത്തം അനുഭവിക്കുന്ന ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന അധ:സ്ഥിത വിഭാഗങ്ങള്‍ ഡോ.അംബേദ്ക്കറുടെ വിപ്ലവപാത പിന്തുടര്‍ന്നാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിച്ചേക്കാവുന്ന പരിവര്‍ത്തനങ്ങളെ ഭയപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ പ്രതിവിപ്ലവശക്തികള്‍, അധ:സ്ഥിത വിഭാഗങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുയോജ്യമാംവിധം സമന്വയിപ്പിക്കാനും പ്രീണിപ്പിക്കാനും വിഫലശ്രമം നടത്തുന്നുണ്ടെങ്കിലും സാമൂഹിക മാനവികതക്ക് വേണ്ടി നിലകൊള്ളുന്ന അംബേദ്ക്കര്‍ ദര്‍ശനങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വര്‍ത്തമാനകാല ചരിത്രം വ്യക്തമായി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം മുതല്‍ ഐക്യരാഷ്ട്രസഭ ഡോ: അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14-നെ ലോക വിജ്ഞാനദിനമായി പ്രഖ്യാപിച്ചത് ആധുനികോത്തരലോകം ഡോ: അംബേദ്ക്കറെ എങ്ങനെ അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമാണെന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ സമഗ്രമായ ചിന്താപദ്ധതി എന്ന നിലക്കാണ് 1990-കള്‍ക്ക് ശേഷം ഇന്ത്യയിലെ മര്‍ദ്ദിത ദേശീയത അംബേദ്കര്‍ ദര്‍ശനങ്ങളെയും അദ്ദേഹം നയിച്ച സാമൂഹിക-രാഷ്ട്രീയ-നവോത്ഥാന മുന്നേറ്റങ്ങളെയും വീണ്ടെടുക്കാനുള്ള സപര്യയില്‍ മുഴുകിയിരിക്കുന്നത്. ജാതീയതയുടെ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രകാശപൂരിതമായൊരു കാലഘട്ടത്തിലേക്ക് ഇന്ത്യന്‍ സമൂഹം, പ്രതേ്യകിച്ചും മര്‍ദ്ദിത ദേശീയത നയിക്കപ്പെട്ടത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഡോ: അംബേദ്കര്‍ നടത്തിയ ക്രിയാത്മകമായ പോരാട്ടങ്ങളിലൂടെയായിരുന്നുവെന്നുള്ള ബോധ്യപ്പെടലാണ് ഈ വീണ്ടെടുക്കലുകള്‍ക്ക് ഊര്‍ജം പകരുന്നത്.

ഹിന്ദുത്വ ദേശീയവാദത്തിന്റെ ആപത്കരമായ ദുസൂചനകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍, പ്രബുദ്ധ ഭാരതസൃഷ്ടിക്കുവേണ്ടി കഴിഞ്ഞ നൂറ്റാണ്ടില്‍ ഡോ. അംബേദ്കര്‍ അവതരിപ്പിച്ച സാമൂഹിക-രാഷ്ട്രീയ-നവോത്ഥാന ദര്‍ശനങ്ങളുടെ സാധ്യതകള്‍ അനേ്വഷണ വിധേയമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്.

ഹിന്ദു സാമ്രാജ്യത്വവും മര്‍ദ്ദിത ദേശീയതയും:

ഹൈന്ദവദേശീയവാദം അഭിശാപകരമായൊരു സാമ്രാജ്യത്വ വികാരമാണെന്നും, ഇന്ത്യയിലെ അടിസ്ഥാന വിഭാഗങ്ങള്‍ ആ സാമ്രാജ്യത്വ അധിനിവേശത്താല്‍ അടിച്ചമര്‍ത്തപ്പെട്ടതാണെന്നും ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മ ഫൂലേയ്ക്കുശേഷം ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്തിയത് ഡോ. അംബേദ്ക്കറായിരുന്നു. അടിമത്തത്തെക്കാള്‍ നിഷ്ഠൂരവും ഭയാനകവുമായ ജാതിവ്യവസ്ഥയിലൂടെയാണ് ഹിന്ദുസാമ്രാജ്യത്വവാദികള്‍ ഇന്ത്യയിലെ ആദിമനിവാസികള്‍ക്കുമേല്‍ സര്‍വാധിപത്യം സ്ഥാപിച്ച് അവരെ അടിച്ചമര്‍ത്തി അവരുടെ മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചതെന്ന് നിരീക്ഷിച്ച ഡോ. അംബേദ്കര്‍, ജാതിവ്യവസ്ഥക്കെതിരെ സാമൂഹിക വിപ്ലവം സംഘടിപ്പിക്കാതെ ഇന്ത്യയില്‍ രാഷ്ട്രീയ വിപ്ലവങ്ങള്‍ വിജയിക്കുകയില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കു മുന്‍പേ സുനിശ്ചിതമായും സംജാതമാകേണ്ട സാമൂഹിക-സാംസ്‌കാരിക വിപ്ലവങ്ങള്‍ ചരിത്രത്തിന്റെ അനിവാര്യതയാണെന്ന് നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന ഡോ. അംബേദ്കര്‍, അത്തരമൊരു സാമൂഹിക-സാംസ്‌കാരിക വിപ്ലവം ജാതിവ്യവസ്ഥയുടെ ബലിയാടുകളായ മര്‍ദ്ദിതദേശീയതയുടെ നേതൃത്വത്തില്‍ ഉണ്ടാകേണ്ട സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയാണ് യാഥാര്‍ത്ഥ്യമാകേണ്ടതെന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി. മാത്രമല്ല, ജാതിവ്യവസ്ഥയുടെ ബലിയാടുകളായ അധ:സ്ഥിതവിഭാഗങ്ങള്‍, തങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമോ ഉപഘടകമോ അല്ലെന്ന ചരിത്രപരമായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കണം ജാതിരഹിത സമൂഹസൃഷ്ടിക്കുവേണ്ടി സാമൂഹികവിപ്ലവം സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

ഇന്ത്യന്‍ സാമൂഹികപശ്ചാത്തലത്തില്‍, ബാബാസാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്യുന്നസാമൂഹിക വിപ്ലവം ജാതിരഹിത സമൂഹത്തിന്റെ സൃഷ്ടിക്കാണ് ഊന്നല്‍ നല്‍കുന്നത്. ഹിന്ദുസമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയമായ അസമത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ജാതി നശിപ്പിക്കണമെന്ന് വാദിച്ച അദ്ദേഹം, അതിന് കഴിഞ്ഞില്ലെങ്കില്‍ ബലിയാടുകള്‍ ജാതീയതയുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും സ്വമേധയാ പുറത്തുകടന്ന് വിമോചിതരാകണമെന്നും ആഹ്വാനം ചെയ്യുന്നു. നിയതാര്‍ത്ഥത്തില്‍ അലംഘനീയമാംവിധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ജാതീയമായ അടിച്ചമര്‍ത്തലുകളുടെ വിവേചനങ്ങളും ബഹിഷ്‌കരണവും നിശ്ശബ്ദം സഹിച്ചുകൊണ്ട് ഹിന്ദുമതത്തിന്റെ സാമൂഹിക വ്യവസ്ഥക്കുകീഴില്‍ തുടരണമോ അതോ ആ വ്യവസ്ഥിതിയെ ഉപേക്ഷിച്ചു വിമോചിതരാകണമോ എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ അധ:സ്ഥിത വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

അധ:സ്ഥിത വിഭാഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ലെന്നും, ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ ന്യൂനപക്ഷങ്ങളെപ്പോലെ അവര്‍ വേറിട്ടൊരു ജനതയായിരുന്നുവെന്നും ഹിന്ദുമതവും ജാതിവ്യവസ്ഥയുമാണ് അവരെ അടിച്ചമര്‍ത്തിയത് എന്നുമുള്ള നിരീക്ഷണങ്ങളാണ് ഡോ: അംബേദ്ക്കറുടെ സാമൂഹിക-രാഷ്ട്രീയ ദര്‍ശനങ്ങളുടെ അടിത്തറ. ഈ നിരീക്ഷണങ്ങളെ ശക്തിപ്പെടുത്തികൊണ്ടായിരുന്നു 1919 മുതല്‍ അദ്ദേഹം അധ:സ്ഥിത ജനകോടികളുടെ വിമോചനമുന്നേറ്റങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയത്. അധ:സ്ഥിത ജനവിഭാഗങ്ങളുടെ വ്യതിരിക്ത സ്വത്വം വീണ്ടെടുക്കുന്നതിനും അവരുടെ രാഷ്ട്രീയാവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അദ്ദേഹം നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളുടെ അംഗീകാരമായിരിന്നു 1932 ലെ കമ്യൂണല്‍ അവാര്‍ഡ്.

എന്നാല്‍ കമ്യൂണല്‍ അവാര്‍ഡ് അധ:സ്ഥിത വിഭാഗങ്ങളെ ഹിന്ദുമതത്തില്‍നിന്നും വേര്‍പെടുത്തി ഹിന്ദുക്കളെ ന്യൂനപക്ഷമാക്കുമെന്നു ഭയന്ന യാഥാസ്ഥിതിക ഹിന്ദുക്കളും ഗാന്ധിജിയും കമ്യൂണല്‍ അവാര്‍ഡിനെതിരെ രംഗത്തുവരികയും നാടകീയമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ കമ്യൂണല്‍ അവാര്‍ഡിനെ അട്ടിമറിക്കുകയും മര്‍ദ്ദിതദേശീയതയുടെ രാഷ്ട്രീയ മുന്നേറ്റത്തെ താല്‍ക്കാലികമായി പ്രതിരോധിക്കുകയുമാണുണ്ടായത്.

എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയില്‍ അധ:സ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ചെത്തിയ ഡോ. അംബേദ്കര്‍, ഭരണഘടനാ ശില്പിയായി ഉയര്‍ത്തെഴുന്നേല്‍ക്കകയും, മനുസ്മൃതിയുടെ നീതിശാസ്ത്രപ്രകാരം നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതികളെ ഉന്മൂലനം ചെയ്യുകയും പുതിയൊരു ജനാധിത്യ സംസ്‌കാരത്തിന് തുടക്കംകുറിക്കുകയും ചെയ്തു.

ജനാധിപത്യം പുനര്‍നിര്‍വചിക്കപ്പെടണം:

തന്റെ ദര്‍ശനത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂന്നു വാക്കുകളില്‍ സംക്ഷിപ്തമായി നിര്‍വചിച്ച രാഷ്ട്രീയ ചിന്തകനായിരുന്നു ഡോ: അംബേദ്കര്‍. ഫ്രഞ്ച് വിപ്ലവത്തില്‍ നിന്നല്ല, മറിച്ച് തന്റെ ഗുരുവായ ശ്രീ ബുദ്ധനില്‍ നിന്നാണ് താന്‍ ഈ ആശയങ്ങള്‍ സ്വാംശീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തികഞ്ഞ ജനാധിപത്യവാദിയായിരുന്ന അദ്ദേഹം ജനാധിപത്യത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയായാണ് വീക്ഷിച്ചത്. ജനങ്ങളില്‍ രാഷ്ട്രീയാധികാരം വ്യവസ്ഥ ചെയ്യുന്ന കേവലം രാഷ്ട്രീയ ജനാധിപത്യത്തിലൂടെ മാത്രം അഥവാ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണം വ്യവസ്ഥ ചെയ്യുന്ന രാഷ്ട്രീയ ജനാധിപത്യം സ്ഥാപിക്കുന്നതിലൂടെ മാത്രം സാമൂഹികനീതിയും സാമ്പത്തിക സമത്വവും കൈവരിക്കാന്‍ കഴിയില്ലെന്ന് ഭരണഘടനാനിര്‍മിതിയുടെ ആദ്യഘട്ടത്തില്‍ തന്നെ ഡോ. അംബേദ്ക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

“”ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന ജനാധിപത്യ സങ്കല്പത്തോട് സൈദ്ധാന്തികമായി വിയോജിച്ച ഡോ. അംബേദ്കര്‍ രക്തച്ചൊരിച്ചില്‍ കൂടാതെ സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഭരണസംവിധാനത്തെയും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനരീതിയെയുമാണ് ജനാധിപത്യം എന്നു വിശേഷിപ്പിച്ചത്. മാത്രമല്ല, ജനാധിപത്യം എന്നത് കേവലം ഒരു ഗവണ്‍മെന്റ് രൂപം മാത്രമല്ലെന്നും, പ്രാഥമികമായി അത് സഹവര്‍ത്തിത ജീവിതത്തിന്റെ മാതൃകയും വ്യത്യസ്ത അനുഭവങ്ങളുടെ സംഘടനാരൂപവുമാണെന്നും നമ്മുടെ സഹജീവികളോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും അനിവാര്യമായ മനോഭാവമാണെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ ജനാധിപത്യത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും സാമൂഹിക ജനാധിപത്യം അത്യന്താപേക്ഷിതമാണെന്ന് വിശ്വസിച്ചിരുന്ന രാഷ്ട്രീയ ചിന്തകനായിരുന്നു ഡോ. അംബേദ്കര്‍. സാമൂഹിക ജനാധിപത്യം അടിത്തറയാകാത്തിടത്തോളം രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയ ഡോ. അംബേദ്കര്‍ സ്വാതന്ത്ര്യാനന്തരം ദ്രുതഗതിയില്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി. ഡോ.അംബദ്കറെ സംബന്ധിച്ചിടത്തോളം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ദര്‍ശനങ്ങളെ തത്വങ്ങളായി അംഗീകരിക്കുന്ന ജീവിതരീതിയാണ് സാമൂഹിക ജനാധിപത്യം.

ഭരണഘടനാ വാദം:

ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിന്റെ രൂപവും ഭാവവും എന്തെന്ന് നിര്‍വഹിക്കുന്ന അഥവാ ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ലിഖിത രേഖയാണല്ലോ ബൃഹത്തായ നമ്മുടെ ഭരണഘടന. നൂറ്റാണ്ടുകളോളം മനുസ്മീതിയുടെ നീതിശാസ്ത്ര വ്യവഹാരങ്ങള്‍ അലംഘനീയമാംവിധം നിലനിന്നിരുന്ന ജാതികളുടെ രാഷ്ട്രമായിരുന്ന ഇന്ത്യ ലോകത്തെ ഏറ്റവും സമുന്നതമായ ജനാധിപത്യ-മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റിക് റിപ്പബ്ലിക്കായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഡോ. അംബേദ്കര്‍ രൂപകല്പനചെയ്ത ഭരണഘടന നിലവില്‍വരുന്നതോടുകൂടിയാണ്.

കക്ഷിരാഷ്ട്രീയഭേദമെനേ്യ രാജ്യത്ത് ഭരണം നടത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഭരണനിര്‍വഹണത്തെ വിലയിരുത്താനുമുള്ള മഹത്തായ പ്രമാണമായി ഭരണഘടന നിലകൊള്ളുന്നു. നിരവധി പ്രതിബന്ധങ്ങളെ സാഹസികമായി അതിജീവിച്ചും തന്റെ പ്രതിയോഗികളോട് നിരന്തരം ഏറ്റുമുട്ടിയും അടിസ്ഥാന വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുക എന്ന ഏക ലക്ഷ്യത്തോടെ ഭരണഘടനാ നിര്‍മാണസഭയില്‍ എത്തിയ ഡോ. അംബേദ്കര്‍, നാടകീയമായ സംഭവ പരമ്പരകള്‍ക്കൊടുവില്‍, ഭരണഘടനാ രൂപകല്പന സമിതിയുടെ അദ്ധ്യക്ഷനായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതോടെയാണ് നിയതാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിന്റെ ആദര്‍ശങ്ങളും വ്യവഹാരങ്ങളും ചരിത്രത്തില്‍ ആദ്യമായി നിര്‍വഹിക്കപ്പെടുന്നത്.

ജനങ്ങളുടെ പരാധികാരം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റ്, മൗലികാവകാശങ്ങള്‍, സ്റ്റേറ്റ് നയത്തിന്റെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍, പട്ടികവിഭാഗങ്ങളുടെയും പിന്നോക്കവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതേ്യക പരിരക്ഷകള്‍ എന്നീ സവിശേഷതകളെയാണല്ലോ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി പരിഗണിക്കപ്പെടുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടെയും ദര്‍ശനങ്ങളുടെയും ലക്ഷ്യങ്ങളുടെയും രത്‌നച്ചുരുക്കമാണ് ഭരണഘടനയുടെ ഉപോദ്ഘാതം. ചുരുക്കത്തില്‍, സാംസ്‌കാരിക വൈവിധ്യത്താല്‍ സമ്പന്നമായ നമ്മുടെ രാജ്യത്ത്, ബഹുസ്വരതക്ക് പ്രാധാന്യം നല്‍കി, ഒരു പ്രതേ്യക മതത്തേയോ സംസ്‌കാരത്തെയോ ഉയര്‍ത്തിക്കാട്ടാതെ, മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ടുള്ള, സാമൂഹിക-സാമ്പത്തിക നീതിവിഭാവനം ചെയ്യുന്ന ഒരു ക്ഷേമരാഷ്ട്ര സൃഷ്ടിയാണ് നമ്മുടെ ഭരണഘടന അതിന്റെ ലക്ഷ്യവും ആദര്‍ശവുമായി പ്രഖ്യാപിക്കുന്നത്.

നീതി എന്നാല്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജനാധിപത്യത്തെ തന്നെ ഭരണഘടന പുനര്‍നിര്‍വചിക്കുകയാണ്. അതായത് സാമൂഹിക ജനാധിപത്യത്തിനും സാമ്പത്തിക ജനാധിപത്യത്തിനും പ്രാധാന്യം നല്‍കാതെ കേവലം രാഷ്ട്രീയ നീതിയില്‍ മാത്രം കേന്ദ്രീകൃതമായ ജനാധിപത്യ പരമാധികാരം അര്‍ത്ഥശൂന്യമായിരിക്കുമെന്നാണ് നീതിയുടെ ബൃഹത്തായ നിര്‍വചനത്തിലൂടെ ഭരണഘടന പ്രഖ്യാപിക്കുന്നത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മാതൃകയുടെ ആദര്‍ശ സ്തംഭങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

തികഞ്ഞ ഭരണഘടനാവാദിയും ജനാധിപത്യത്തിന്റ പ്രയോക്താ.വുമായിരുന്നല്ലോ ഡോ. അംബേദ്കര്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിത്തറ. ആ അടിത്തറയെ ശക്തിപ്പെടുത്തികൊണ്ടു മാത്രമെ ജനാധിപത്യത്തിന് വികസിക്കുവാനും നിലനില്‍ക്കുവാനും കഴിയൂ. ഭരണഘടനാവാദിയായിരുന്നതിനാല്‍ രക്തരൂക്ഷിതമായ വിപ്ലവങ്ങളെയും നിസ്സഹകരണത്തെയും അരാജകത്വത്തെയും സര്‍വാധിപത്യത്തെയും ഭൂരിപക്ഷ ജനതയുടെ അധീശത്വത്തെയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ഈ പ്രവണതകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ അസ്തമിക്കുമ്പോള്‍ മാത്രമേ ഭരണഘടനാ വിരുദ്ധമായ രീതികള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ കഴിയൂ എന്നു പ്രസ്താവിക്കുകയുണ്ടായി. ചുരുക്കത്തില്‍ ഭരണഘടന കൈകാര്യം ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിക്ക് അനുസരിച്ചായിരിക്കും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുക എന്നു സാരം.

“”ഭരണഘടന എത്രതന്നെ നല്ലതാണെങ്കിലും അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉദ്ദേശശുദ്ധിയില്ലെങ്കില്‍, ആ ഭരണഘടന കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കില്ല. എന്നാല്‍ ഭരണഘടന എത്രതന്നെ മോശമായിരുന്നാലും അതു കൈകാര്യം ചെയ്യുന്നവര്‍ ഉദ്ദേശശുദ്ധിയുള്ളവരാണെങ്കില്‍ ആ ഭരണഘടന കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും”” എന്ന ഡോ. അബേദ്ക്കറുടെ മുന്നറിയിപ്പ് പ്രസിദ്ധമാണല്ലോ.

ജാതി-മത-വര്‍ഗപരിഗണനകള്‍ക്ക് അതീതമായി ജാതിരഹിതവും വര്‍ഗരഹിതമായൊരു പുതിയ ജനാധിപത്യ സമൂഹത്തിന്റെ നിര്‍മിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ രൂപകല്പനയിലൂടെ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളും ദര്‍ശനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്നതിലൂടെ മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയ ജനാധിപത്യത്തിന് സാമൂഹിക ജനാധിപത്യത്തിലേക്കും സാമ്പത്തിക ജനാധിപത്യത്തിലേക്കും വികസിക്കാന്‍ കഴിയൂ എന്നും, അങ്ങനെ നീതി അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പിലാക്കാന്‍ കഴിയുകമെന്നും ഡോ. അംബേദ്ക്കറുടെ ഭരണഘടനാ പരികല്പനകള്‍ നമ്മളെ നിരന്തരം ബോദ്ധ്യപ്പെടുത്തുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളോടുള്ള നിരാകരണം അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ സ്വാതന്ത്ര്യത്തിന്റെ ആറുപതിറ്റാണ്ടുകള്‍ക്കു ശേഷവും സാമൂഹിക നീതിയും സാമ്പത്തിക സമത്വവും ഒരു മരീചികയായി തന്നെ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

സ്റ്റേറ്റ്‌സോഷ്യലിസം:

ഇന്ത്യന്‍ ജാതി-മത-ഫ്യൂഡല്‍-സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെയും മതാധിപത്യ ഫാസിസത്തെയും മര്‍ദ്ദിതരുടെ ദേശീയ മുന്നേറ്റത്തിലൂടെ പ്രതിരോധിച്ച ഡോ. അംബേദ്കര്‍ പ്രായോഗിക സോഷ്യലിസത്തിന്റെ ശക്തനായ വക്താവ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സോഷ്യലിസം എന്നത് ഒരു ആദര്‍ശം എന്നതിനുപ്പുറം പ്രായോഗികമായി നടപ്പിലാക്കേണ്ട ആ ഭരണഘടനാധിഷ്ഠിത പദ്ധതിയായിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരിക്കെ അദ്ദേഹം തയ്യാറാക്കി ഭരണഘടനാ നിര്‍മാണസഭാ ചെയര്‍മാന്‍ ഡോ. രാജേന്ദ്രപ്രസാദിന് സമര്‍പ്പിച്ച മാതൃകാ ഭരണഘടനയിലാണ് ഡോ. അംബേദ്കര്‍ തന്റെ സോഷ്യലിസ്റ്റ് സങ്കല്പങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്നത്.

ഒരു ആദര്‍ശം എന്നതിനേക്കാള്‍ പ്രായോഗികമായി സോഷ്യലിസം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ഭരണഘടനയുടെ മൗലികാവകാശ പട്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച അദ്ദേഹം സോഷ്യലിസം നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം സ്റ്റേറ്റ് ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നടപ്പിലാക്കപ്പെടുന്നതിനാല്‍ തന്റെ സോഷ്യലിസ്റ്റ് സങ്കല്പത്തെ അദ്ദേഹം സ്റ്റേറ്റ്‌സോഷ്യലിസം എന്നാണ് വിശേഷിപ്പിച്ചത്.

ഒരു രക്തരഹിത വിപ്ലവത്തിലൂടെ ഭരണഘടനാപരമായ അനുക്രമത്തിലധിഷ്ഠിതമായൊരു ഏകീകൃത സോഷ്യലിസ്റ്റ് ഇന്ത്യയായിരുന്നു ഡോ.അംബേദ്ക്കറുടെ സ്വപ്നം. എന്നാല്‍ നെഹ്‌റുവിനെപ്പോലുള്ള അഭിനവ സോഷ്യലിസ്റ്റുകള്‍ ഡോ. അംബേദ്ക്കറുടെ സോഷ്യലിസ്റ്റ് പരികല്പനയെ അപ്രായോഗികം എന്നുമുദ്രകുത്തി തിരസ്‌കരിക്കുകയായിരുന്നു. ആദ്യം ഭരണഘടനയുടെ ആമുഖത്തില്‍പോലും സോഷ്യലിസ്റ്റ് എന്ന പദം ഉള്‍പ്പെടുത്തിയിരുന്നില്ല. 42-ം ഭരണഘടനാ ഭേദഗതിയിലൂടെ “സോഷ്യലിസ്റ്റ്” എന്ന സംജ്ഞ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെങ്കിലും ഇപ്പോഴും, ഇന്ത്യ ഉയര്‍:ത്തിപ്പിടിക്കുന്നസോഷ്യലിസ്റ്റ് മാതൃക എന്തെന്ന് നിര്‍വചിക്കപ്പെട്ടിട്ടില്ല.

ഇന്ത്യയുടെ കാര്‍ഷിക-വ്യവസായ-സേവന രംഗത്ത് വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍സമ്പദ് വ്യവസ്ഥയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ഡോ. അംബേദ്ക്കറുടെ സോഷ്യലിസ്റ്റ് പരികല്പനകള്‍, ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും വര്‍ത്തമാനകാലഘട്ടത്തില്‍പോലും പ്രസക്തമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ സോഷ്യലൈസ് ചെയ്യുന്നതിലൂടെ സാമ്പത്തിക അസമത്വം ഘട്ടംഘട്ടമായി ലഘൂകരിച്ച്, സാമൂഹികനീതി നപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. അംബേദ്കര്‍ ആവിഷ്‌കരിച്ച പ്രായോഗിക സോഷ്യലിസ്റ്റ് പദ്ധതി ദേശസാല്‍കരണത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം സ്വകാര്യവല്‍ക്കരണത്തെ ലഘൂകരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

ഇന്ത്യയിലെ പ്രധാന വ്യവസായങ്ങളും, പ്രധാന വ്യവസായങ്ങളായി വികസിക്കാന്‍ സാധ്യതയുള്ള വ്യവസായങ്ങളും ദേശസാല്‍ക്കരിക്കുക, കൃഷിയെ സ്റ്റേറ്റ് വ്യവസായമായി വികസിപ്പിക്കുക, കൃഷിഭൂമി ദേശസാല്‍ക്കരിച്ച് ജാതി-മത ഭേദമെന്യേ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യുക, കൃഷിക്കാവശ്യമായ ഉപകരണങ്ങള്‍, വിത്ത്, വളം, ജലം എന്നിവ സ്റ്റേറ്റ് നല്‍കുക, കൂട്ടുകൃഷി സമ്പ്രദായത്തെയും യന്ത്രവല്‍ക്കരണത്തെയും വ്യവസായവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കുക, സമ്പൂര്‍ണ ഭൂപരിഷ്‌കരണം നപ്പിലാക്കുക, സ്വകാര്യവല്‍ക്കരണത്തെ നിരുത്സാഹപ്പെടുത്തി ദേശസാല്‍ക്കരണത്തെ ശക്തിപ്പെടുത്തുക, ഭരണഘടനാ പരിരക്ഷകളിലൂടെ അധ:സ്ഥിത വിഭാഗങ്ങളുടെയും പാര്‍ശ്വവല്‍കൃതരുടെയും വനിതകളുടെയും വികസനവും പുരോഗതിയും സാമൂഹിക സുരക്ഷയും തൊഴിലും ഉറപ്പാക്കുക, ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് മേഖലളെ ദേശസാല്‍ക്കരിക്കുക തുടങ്ങി ജാതികേന്ദ്രീകൃത ഇന്ത്യന്‍ സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങളെ പരിപൂര്‍ണമായും ജനാധിപത്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. അംബേദ്കര്‍ അവതരിപ്പിച്ച സ്റ്റേറ്റ് സോഷ്യലിസം എന്ന പ്രായോഗിക സോഷ്യലിസ്റ്റ് പരികല്പനയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.

രാഷ്ട്രീയ അധികാരം എന്ന മുഖ്യതാക്കോല്‍:

“രാഷ്ട്രീയാധികാരമാണ് എല്ലാ സാമൂഹിക പുരോതിയുെടയും പ്രധാന താക്കോല്‍” എന്ന് ഉറച്ചുവിശ്വസിക്കുന്ന രാഷ്ട്രീയ ചിന്തകനായിരുന്നു ഡോ. അംബേദ്കര്‍. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കുനേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു ജനതക്ക് ഒരിക്കലും തങ്ങളുടെ സാമൂഹിക പുരോഗതിയും സാമ്പത്തിക വികസനവും വിഭാവനം ചെയ്യാന്‍ കഴിയില്ലെന്ന് പ്ലേറ്റോയെപോലെ ഡോ. അംബേദ്കറും വിശ്വസിച്ചിരുന്നു. “”സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടണം”” എന്ന ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയ ഉദ്‌ബോധനത്തിന് വര്‍ത്തമാലകാല ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ പ്രസക്തി ഏറെയാണ്.

1919-ല്‍ ബോംബെ പ്രവിശ്യ നിയമനിര്‍മാണസഭയില്‍ അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് പ്രേത്യക പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് സൗത്‌ബോറ കമ്മിറ്റിക്ക് നിവേദനം നല്‍കുന്നതോടെയാണല്ലോ ഡോ. അംബേദ്കറുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഈ നിവേദനത്തിലാണ് അധ:സ്ഥിത വിഭാഗങ്ങള്‍ ഹിന്ദുക്കളില്‍ നിന്നും വേറിട്ട ജനതയാണെന്ന രാഷ്ട്രീയവീക്ഷണം ഡോ. അംബേദ്കര്‍ ആദ്യം മുന്നോട്ടുവയ്ക്കുന്നത്.

1936-ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ച ഡോ. അംബേദ്കര്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങളുടെ അടിത്തറയില്‍ ജാതിരഹിതവും വര്‍ഗരഹിതവുമായൊരു പുതിയ ഇന്ത്യയും പുതിയ ലോകവും സൃഷ്ടിക്കുകയാണ് തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പക്ഷേ അദ്ദേഹം വിപ്ലവത്തിന്റെയും കലാപത്തിന്റെയും മാര്‍ഗമല്ല, മറിച്ച് ഭരണഘടനാപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളെയാണ് അവലംബിച്ചത്.

ഹിന്ദുസാമ്രാജ്യത്തിന്റെ ദുരന്തങ്ങള്‍ ദീര്‍ഘവീക്ഷണം ചെയ്ത ഡോ. അംബേദ്കര്‍, അതിനെതിരെ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ബഹുജനങ്ങളെ സംഘടിപ്പിച്ച് അധ:സ്ഥിതരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഹിന്ദു സാമ്രാജ്യത്തെയും ദേശീയവാദത്തെയും പ്രതിരോധിക്കുവാന്‍ ഹിന്ദുസാമൂഹികവ്യവസ്ഥക്ക് കീഴില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ഒരു കൊടിക്കീഴില്‍ രാഷ്ട്രീയ ശക്തിയായി സംഘടിച്ച് സാമൂഹികനീതിയില്‍ അധിഷ്ഠിതമായൊരു സമൂഹം കെട്ടിപ്പടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. “”മര്‍ദ്ദിത വിഭാഗങ്ങള്‍ക്ക് അവരുടെ എല്ലാവിധ പൂട്ടുകളും തുറക്കാനുള്ള പ്രധാന താക്കോലാണ് രാഷ്ട്രീയാധികാരം”” എന്ന ഡോ. അംബേദ്ക്കറുടെ പ്രബോധനം സുപ്രസിദ്ധമാണല്ലോ.

ജാതി-മത-വര്‍ഗ-വര്‍ണ സര്‍വാധിപത്യങ്ങളെ എക്കാലവും എതിര്‍ത്തുപോന്ന രാഷ്ട്രീയചിന്തകന്‍ എന്ന നിലയിലും ഡോ.അംബേദ്ക്കറുടെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് വര്‍ത്തമാനകാലഘട്ടത്തില്‍ പ്രസക്തിയുണ്ട്. മതാധിഷ്ഠിത ദേശീയവാദത്തെയും സാമ്രാജ്യത്വത്തെയും ബ്രാഹ്മണിസത്തെയും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. ബ്രാഹ്മണിസവും മുതലാളിത്തവുമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ച അദ്ദേഹം ഹിന്ദുരാഷ്ട്രവാദത്തിന്റെ അപക്വത്തെ സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പ് എക്കാലത്തും പ്രസക്തമാണ്. “”ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമായാല്‍ ഒരു സംശയവും വേണ്ട ഈ രാജ്യത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയദുരന്തമായിരിക്കും. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങളുമായി അത് ഒരിക്കലും യോജിക്കുകയില്ല. എന്തുവിലകൊടുത്തും ഹിന്ദുരാഷ്ട്രവാദത്തെ തടയുകതന്നെ വേണം.”” 1935 ല്‍ ഡോ: അംബേദ്കര്‍ നല്‍കിയ ഈ മുന്നറിയിപ്പിന്റെ പ്രസക്തി വര്‍ത്തമാന ഘട്ടത്തിലെങ്കിലും ഇന്ത്യയിലെ ജനാധിപത്യവാദികളും അധ:സ്ഥിത-പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

ബ്രാഹ്മണിസത്തെയും മുതലാളിത്തത്തെയും ഹിന്ദുദേശീയവാദത്തെയും നഖശിഖാന്തം എതിര്‍ത്ത ഡോ: അംബേദ്കര്‍ അധ:സ്ഥിതര്‍, പിന്നോക്കവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍, സ്ത്രീകള്‍, ഇതര ദുര്‍ബലവിഭാഗങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണം എന്ന രാഷ്ട്രീയ പരിപ്രേക്ഷ്യത്തിന്റെ ശക്തനായ വക്താവായിരുന്നല്ലോ. പട്ടികജാതിക്കാരും പിന്നോക്കവിഭാഗങ്ങളും രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. വസ്തുത ഇതായിരിക്കെ എന്തുകൊണ്ട് അവര്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിയുന്നില്ല. “”രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിനുള്ള സംഘടിത പ്രവര്‍ത്തനമാണ് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ നിങ്ങള്‍ക്ക് അത് സ്വന്തമാക്കാം. ജനപ്രീതിയാര്‍ജ്ജിച്ച ജനാധിപത്യത്തില്‍ ഒരു ഗവണ്‍മെന്റും സ്ഥിരമല്ല. നിങ്ങള്‍ സംഘടിച്ചാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിക്കാം.”” ഡോ: അംബേദ്ക്കറുടെ ആഹ്വാനം ഹിന്ദുദേശീയവാദം ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും ഭരണഘടനാ നൈതികതയെയും അപ്രസക്തമാക്കുന്ന വര്‍ത്തമാനഘട്ടത്തത്തിലെങ്കിലും ഇന്ത്യയിലെ പിന്നോക്കവിഭാഗങ്ങളും അധ:സ്ഥിത വിഭാഗങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

ഹിന്ദു സാമൂഹിക വ്യവസ്ഥക്കു കീഴില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലുകള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ സാമൂഹികമായി സംഘടിച്ച് രാഷ്ട്രീയശക്തിയായി ഉയര്‍ത്തെഴുന്നേല്‍ക്കാതിരിക്കുന്നതില്‍ യാതൊരുവിധ ന്യായീകരണവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധ:സ്ഥിതവിഭാഗങ്ങള്‍ രാഷ്ട്രീയാധികാരം നേടിയെടുക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ഒരിക്കല്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “”നമ്മുടെ ലക്ഷ്യത്തെപ്പറ്റി നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഭരണവര്‍ഗ്ഗമാവുകയാണ് നമ്മുടെ ലക്ഷ്യവും അഭിലാഷവും. ഇതു നിങ്ങളുടെ മനസ്സിലും വീടിന്റെ ഭിത്തികളിലും കുറിച്ചിടുകയും ദിവസവും അതിനെപ്പറ്റി ഓര്‍മിക്കുകയും ചെയ്യുക. നമ്മള്‍ താലോലിക്കുന്ന അഭിലാഷം നിസാരമല്ലെന്ന് തിരിച്ചറിയുക. നമ്മള്‍ ഭരണസമുദായമാകുന്നതിനെക്കുറിച്ച് ആലോചിക്കുക. നിങ്ങള്‍ അതു തിരിച്ചറിഞ്ഞാല്‍, അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട പ്രയത്‌നത്തിന്റെ വ്യാപ്തി നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. വെറും വാക്കുകളും പ്രസ്താവനകളും അര്‍ത്ഥശൂന്യമാണ്.””

ഹിന്ദുസാമ്രാജ്യത്വത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ദീര്‍ഘവീക്ഷണം ചെയ്യാന്‍ കഴിഞ്ഞതിനാലാണ് ഹിന്ദുത്വദേശീയവാദത്തിനെതിരെ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഒരു ബദല്‍ രാഷ്ട്രീയപ്രത്യയശാസ്ത്രം രൂപകല്പന ചെയ്യാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഡോ: അംബേദ്കര്‍ക്ക് കഴിഞ്ഞത്. അംബേദ്ക്കറിസം മുന്നോട്ടുവയ്ക്കുന്ന ഭൂരിപക്ഷ ജനതയുടെ രാഷ്ട്രീയം ബ്രാഹ്മണിസത്തെയും മുതലാളിത്തത്തെയും മതാധിഷ്ഠിതവാദത്തെയും നിഷേധിക്കുകയും നീതിക്കും മതനിരപേക്ഷതക്കും ജനാധിപത്യത്തിനും സര്‍വോപരി സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. ചുരുക്കത്തില്‍ എല്ലാവിധ സര്‍വാധിപത്യങ്ങളെയും നിഷേധിക്കുന്ന അംബദ്ക്കറുടെ രാഷ്ട്രീയദര്‍ശനം സമഗ്രമായ സാമൂഹിക പരിവര്‍ത്തനത്തിനും രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കും വേണ്ടിയാണ് സംവദിക്കുന്നത്.

ആര്‍. അനിരുദ്ധന്‍

എഴുത്തുകാരനും പ്രഭാഷകനുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more