| Friday, 8th November 2013, 11:24 am

ഈ ചിത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗര്‍ഭിണിയായ ഭാര്യയും മകളും ഉള്‍പ്പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടാളക്കാരുടെ വാഹനത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെ മുഖം പകര്‍ത്തിയത് റോയിറ്റേഴ്‌സ് ഫോട്ടോ ജേണലിസ്റ്റായ അര്‍കോ ദത്തയാണ്. ദത്തയുടെ നിര്‍ബന്ധ പ്രകാരം പിന്നീട് അന്‍സാരിയേയും കുടുംബത്തേയും പട്ടാളക്കാര്‍ രക്ഷിക്കുകയായിരുന്നു.


എസ്സെയ്‌സ്/ ഹൈറുന്നിസ

[]കുത്ബുദ്ധീന്‍ അന്‍സാരി ഒരേ സമയം ഒരു ചിരിയും ഒരു കരച്ചിലുമാണ്. ഗുജറാത്ത് കലാപത്തിന്റെ വേദനയെ ലോകത്തോട് സംവേദനം ചെയ്ത അന്‍സാരിയുടെ മുഖം കേരളത്തിനും മറക്കാനാവില്ല. കേരളത്തില്‍ അന്‍സാരിയുടെ ആദ്യ  സന്ദര്‍ശനമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള “മുഖ്യധാര” എന്ന മാസികയുടെ പ്രകാശനത്തിനാണ് അന്‍സാരി കേരളത്തിലെത്തുന്നത്.

കുത്ബുദ്ധീന്‍ അന്‍സാരിയെ അത്ര പെട്ടെന്നൊന്നും ഒരു കൊടിക്കും കീഴടക്കാനാവില്ല. വീട് നഷ്ടമായ, മണ്ണ് നഷ്ടമായ, സ്വന്തം വിലാസം നഷ്ടമായ അനേകം ഇരകളുടെ നേതാവില്ലാ പാര്‍ട്ടിയുടെ പ്രതിനിധിയാണ് അന്‍സാരി. തനിക്ക് രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും അന്‍സാരി പറയാതെ പറഞ്ഞു വെക്കുന്നത് ഇത് തന്നെയാണ്.

കലാപത്തിന്റെ ഓര്‍മ്മകള്‍ ഒരു പതിറ്റാണ്ടിന്റെ കറുപ്പ് തിന്ന് കഴിഞ്ഞു. ഇപ്പോഴും അന്‍സാരിയെ പോലുള്ള ഇരകള്‍ തെരുവുകളില്‍ ഇറങ്ങുന്നത് അദൃശ്യമായ ആയുധങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ്. ഭീകരമായ ഒരു നിലവിളിയുടെ വേര് തൊണ്ടയില്‍ ഒളിപ്പിച്ച് കൊണ്ടാണ് ഇവരുടെ ഓരോ ചിരിയും.

2002ല്‍ ഗുജറാത്തില്‍ കലാപം വ്യാപിച്ചപ്പോള്‍ അഹമ്മദാബാദിലെ തങ്ങളുടെ ഫ്‌ലാറ്റില്‍ അക്രമികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ അന്‍സാരിയും കുടുംബവും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഒരിക്കലും കരുതിയതല്ല.

കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള അവസാന ശ്രമത്തിലായിരുന്നു അന്ന് അന്‍സാരി.

ഗര്‍ഭിണിയായ ഭാര്യയും മകളും ഉള്‍പ്പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടാളക്കാരുടെ വാഹനത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെ മുഖം പകര്‍ത്തിയത് റോയിറ്റേഴ്‌സ് ഫോട്ടോ ജേണലിസ്റ്റായ അര്‍കോ ദത്തയാണ്. ദത്തയുടെ നിര്‍ബന്ധ പ്രകാരം പിന്നീട് അന്‍സാരിയേയും കുടുംബത്തേയും പട്ടാളക്കാര്‍ രക്ഷിക്കുകയായിരുന്നു.

ഉണങ്ങിയ ചോരപ്പാടുകളുള്ള കുപ്പായമിട്ട്, കണ്ണില്‍ കെടാന്‍ പോകുന്ന ജീവിതത്തെ കുറിച്ചുള്ള ആളല്‍ നിറച്ച്, കൈ കൂപ്പി നിന്ന് യാചിക്കുന്ന അന്‍സാരിയുടെ മുഖം കലാപത്തിന്റെ ആകെ മുഖമായി ലോകം കണ്ടു.

പിന്നീടങ്ങോട്ട് അന്‍സാരി നിരന്തരം വേട്ടയാടപ്പെട്ട് കൊണ്ടിരുന്നു. ജനിച്ച് വളര്‍ന്ന നാട് ഉപേക്ഷിക്കേണ്ടി വന്നു. എല്ലായിടത്തും അന്‍സാരിയുടെ മുഖം പട്ടികപ്പെടുത്തപ്പെട്ടു. കലാപത്തിലെ ഇര എന്ന പരിവേഷം മാത്രം.

സങ്കീര്‍ണ്ണമായ രാഷ്ട്രീയ-വര്‍ഗീയ പ്രശ്‌നങ്ങളെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കാതെ ഒരു സാധാരണക്കാരനായി ജീവിച്ച അന്‍സാരി അങ്ങനെ വംശീയ വേട്ടയുടേയും കലാപത്തിന്റേയും മറ്റ് ചിലപ്പോള്‍ മതേതര പ്രതിരോധത്തിന്റേയും ചിഹ്നമായി മാറി.

എന്നാല്‍ ചിലരെ പ്രകോപിപ്പിച്ച ഈ അടയാളപ്പെടുത്തലില്‍ നിന്ന് എവിടെയും മോചനമില്ലെന്ന് തിരിച്ചറിഞ്ഞ അന്‍സാരി ജോലി തേടി മഹാരാഷ്ട്രയിലേക്ക് പോയി. അവിടെ അന്‍സാരിയെ കാണാന്‍ പത്രപ്രവര്‍ത്തകര്‍ വന്നതോടെ ആ ജോലിയും നഷ്ടമായി.

അടുത്തപേജില്‍ തുടരുന്നു

പുറമേക്ക് അതി ശാന്തമെന്ന് ഭാവിച്ച് മോഡിയുടെ ഗുജറാത്ത് ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ അന്‍സാരിയെ പോലുള്ളവര്‍ക്ക് പറയാനുള്ളതെന്താണെന്ന് അറിയേണ്ടതുണ്ട്. മോഡിയുടെ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ അഞ്ച് നേരവും പ്രാര്‍ത്ഥിക്കുന്നവരാണ് ഇവരിലധികം പേരും. അധികാരം തെറിക്കുന്നതോടെ മോഡിയിലെ വര്‍ഗീയ രക്ഷസ് പുറത്ത് ചാടുമെന്നും മറ്റൊരു ഗുജറാത്ത് കലാപം ഉണ്ടാവുമെന്നും ഇവര്‍ ഭയക്കുന്നു.

തിരിച്ച് കിട്ടിയ ജീവിതം എങ്ങിനെ ജീവിച്ച് തീര്‍ക്കണമെന്നറിയാതെ അന്‍സാരി പകച്ചു. പിന്നീട് ടീസ്റ്റ സെതല്‍വാദിന്റെ കമ്മ്യൂണലിസം കോമ്പാറ്റ് എന്ന മാസികയില്‍ വന്ന ലേഖനത്തോടെ അന്‍സാരിയുടെ ജീവിതം വീണ്ടും മാറി.

നിര്‍ദ്ദയം വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന അന്‍സാരിയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഇത് കണ്ട് ബംഗാളിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് സലീം അന്‍സാരിയേയും കുടുബത്തിനേയും കൊല്‍ക്കത്തയിലെത്തിക്കുകയായിരുന്നു.

അവിടെ സര്‍ക്കാര്‍ അവര്‍ക്ക് വീടും ജോലിയും നല്‍കി. എന്നാല്‍ ഇത്തരത്തില്‍ ഒളിച്ചോടാന്‍ മാത്രം തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍  അന്‍സാരി തിരിച്ച് ഗുജറാത്തിലേക്ക് മടങ്ങി.

മുസ്‌ലീങ്ങളും ഹിന്ദുക്കളും ഇടകലര്‍ന്ന് ജീവിച്ചിരുന്ന തന്റെ പഴയ നാട് അന്‍സാരിക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ രണ്ട് സമുദായക്കാരും രണ്ടിടത്താണ്.

ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ തയ്യല്‍ മെഷീനുകള്‍ അവിടെ തന്നെ തിരിച്ചേല്‍പിച്ചെങ്കിലും പിന്നീട് അവര്‍ അതെല്ലാം അന്‍സാരിക്ക് മടക്കി അയച്ച് കൊടുത്തു. ആ തയ്യല്‍ മെഷീനുകള്‍ തന്നെയാണ് ഇപ്പോഴും അന്‍സാരിയുടെ കുടുംബത്തിന്റെ ആശ്രയം.

മുസ്‌ലീങ്ങളും ഹിന്ദുക്കളും ഇടകലര്‍ന്ന് ജീവിച്ചിരുന്ന തന്റെ പഴയ നാട് അന്‍സാരിക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ രണ്ട് സമുദായക്കാരും രണ്ടിടത്താണ്.

പുറമേക്ക് അതി ശാന്തമെന്ന് ഭാവിച്ച് മോഡിയുടെ ഗുജറാത്ത് ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ അന്‍സാരിയെ പോലുള്ളവര്‍ക്ക് പറയാനുള്ളതെന്താണെന്ന് അറിയേണ്ടതുണ്ട്. മോഡിയുടെ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ അഞ്ച് നേരവും പ്രാര്‍ത്ഥിക്കുന്നവരാണ് ഇവരിലധികം പേരും. അധികാരം തെറിക്കുന്നതോടെ മോഡിയിലെ വര്‍ഗീയ രക്ഷസ് പുറത്ത് ചാടുമെന്നും മറ്റൊരു ഗുജറാത്ത് കലാപം ഉണ്ടാവുമെന്നും ഇവര്‍ ഭയക്കുന്നു.

ഇത്തരത്തില്‍ നിശബ്ദരായ ഇരകളില്‍ ഒരാള്‍ മാത്രമാകുമ്പോഴാണ് അന്‍സാരിയുടെ രാഷ്ട്രീയ ഇടത്തിനുള്ള സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്.

പക്ഷേ തന്നെ ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ മാത്രം വിവരമില്ലാത്തയാളാണ് അന്‍സാരിയെന്ന് നമുക്ക് ചിന്തിക്കാനാവില്ല. ഒരു സാധാരണ തയ്യല്‍ക്കാരനില്‍ നിന്നും സെക്കുലറാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്ക് ജീവിതം അന്‍സാരിയെ കൊണ്ടെത്തിച്ചു.

2012ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്‍സാരി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടികളോട് അനുഭാവമില്ലെന്നും സെക്കുലറാണെന്നും പരസ്യമായി പറയുന്ന അന്‍സാരിയെ കൊത്തിയെടുത്ത് തങ്ങളുടെ കൂട്ടിലിട്ട് പ്രദര്‍ശനം നടത്താന്‍ മോഡിയുടെ പാര്‍ട്ടി നടത്തിയ മൂന്നാം കിട “രാഷ്ട്രീയ”മായിരുന്നു അത്.

ഗുജറാത്തിന്റെ “വികസനവും”  “മാതൃകാപരമായ വളര്‍ച്ച”യുമെല്ലാം മോഡി പടുത്തുയര്‍ത്തിയത് അന്‍സാരിയെ പോലുള്ള ആയിരങ്ങളുടെ നിശബ്ദതക്ക് മുകളിലാണ്.

ഗുജറാത്ത് കലാപത്തില്‍ അന്‍്‌സാരിയെ പോലെ കഥക്കകത്ത് കഥാവശേഷരായ നിരവധി കഥാപാത്രങ്ങളുണ്ടാകാം. അര്‍കോ ദത്തയുടെ ക്യാമറയില്‍ പതിഞ്ഞില്ലായിരുന്നെങ്കില്‍ അന്‍സാരിയും അത്തരമൊരു കഥാപാത്രമായി മാറിയേനെ. ചരിത്രം ബാക്കി വെച്ച ചുരുക്കം ചില സത്യങ്ങളെന്ന് ചൂണ്ടിക്കാണിക്കാന്‍ അന്‍സാരിയുടെ ചിത്രമെടുത്തതിന് ദത്തക്ക് നന്ദി.

We use cookies to give you the best possible experience. Learn more