ഇസ്ലാമാബാദ്: പാകിസ്താന് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലേക്ക് തിരിച്ചു. പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ഖുറേഷിയുടെ ചൈന സന്ദര്‍ശനം.
കഴിഞ്ഞ തിങ്കളാഴ്ച സൗദിയിലേക്ക് തിരിച്ച ബജ്വയ്ക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഖുറേഷിയുടെ സൗദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഉടലെടുത്ത അസ്വാരസ്യത്തില്‍ സമവായം കാണാനുള്ള ശ്രമം നടക്കാതെയാണ് പാക് സൈനിക തലവന്‍ ബജ്വ പാകിസ്താനിലേക്ക് മടങ്ങിയത്. ഇതിനു പിന്നാലെയാണ് ഖുറേഷിയുടെ ചൈനീസ് സന്ദര്‍ശനം.
ചൈനയിലേക്കുള്ള വളരെ പ്രധാനപ്പെട്ട യാത്രയെന്നാണ് ഖുറേഷി യാത്രക്ക് മുമ്പേ അറിയിച്ചത്.
‘ ഒരു പ്രധാനപ്പെട്ട യാത്രക്കായി ഞാന്‍ ചൈനയിലേക്ക് പോവുകയാണ്. പ്രധാനമന്ത്രിയുമായി ഇതു സംബന്ധിച്ച് ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. എന്റെ പ്രതിനിധി സംഘം രാഷട്രീയ, സൈനിക നിലപാടുകളെ പ്രതിനിധീകരിക്കും. വിദേശ കാര്യ മന്ത്രി ( ചൈനയുടെ) വാങ് യുയുമായുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഖുറേഷി പറഞ്ഞു.
നിലവില്‍ ചൈനയുമായി നിക്ഷേപ, സൈനിക സഹകരണ മേഖലകളില്‍ പാകിസ്താന് വലിയ ബന്ധമാണ് പുലര്‍ത്തുന്നത്.
സൗദി പാകിസ്താന് നല്കിയ 3 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കാന്‍ സൗദി സമ്മര്‍ദ്ദം പുലര്‍ത്തിയപ്പോള്‍ ലോണ്‍ തിരിച്ചടയ്ക്കാനായി ഒരു ബില്യണ്‍ ഡോളര്‍ പാകിസ്താന് കടം വാങ്ങിയത് ചൈനയില്‍ നിന്നാണ്.
അതേ സമയം സൗദിയുമായി അസ്വാരസ്വതയിലാണെന്ന റിപ്പോര്‍ട്ടുകളെ ഇന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന സംഭവങ്ങള്‍.
സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക തലവന്‍ ജാവേദ് ബജ്വയെ കാണാന്‍ സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കൂട്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സല്മാന് രാജകുമാരന് പകരം ഇദ്ദേഹത്തിന്റെ സഹോദരനും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ സല്‍മാനെയും സൗദി ചീഫ് ജനറല്‍ സ്റ്റാഫിനെയുമാണ് ബജ്വയ്ക്ക് കാണാനായത്.
കശ്മീര്‍ വിഷയത്തിലെ സൗദിക്കെതിരെയുള്ള പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷിയുടെ പരാമര്‍ശത്തില്‍ ബജ്വ ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സൗദിയുടെ നീരസം തണുത്തില്ല എന്നാണ് സൂചനകള്‍. കൂടിക്കാഴ്ചയില്‍ പ്രധാനമായും സൈനിക കാര്യങ്ങളാണ് ചര്‍ച്ചയായത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓര്ഗനൈസേഷന് ഓഫ് മുസ്ലിം കൗണ്‍സില്‍ ( ഒ.ഐ.സി) യോഗം ചേരണമെന്നാമവശ്യപ്പെട്ട് കൊണ്ട് പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു
പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു.
പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്കുന്ന എണ്ണ കയറ്റു മതി കരാര്‍ സൗദി പുതുക്കിയിട്ടില്ല.. രണ്ടു മാസം മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല. ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും. പാകിസ്താനിലെത്തിക്കാനുള്ള കരാറാണിത്.
ഇതിനൊപ്പം നല്കിയ മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പാകിസ്താനെ സൗദി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക