| Friday, 6th November 2015, 8:21 am

ഖുര്‍ആന്‍ കാണിച്ച് ബഹുഭാര്യത്തിനുവേണ്ടി ഇന്ന് വാദിക്കുന്നത് സ്വാര്‍ത്ഥത മാത്രമാണ്: ഗുജറാത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബഹുഭാര്യത്വത്തിനുവേണ്ടി മുസ്‌ലീങ്ങള്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ഗുജറാത്ത് ഹൈക്കോടതി. ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ “സ്വാര്‍ത്ഥതയ്ക്കുവേണ്ടി” ദുരുപയോഗം ചെയ്‌തെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ചട്ടങ്ങള്‍ ഭരണഘടനാലംഘനമായതിനാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള സമയം വന്നിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ബി.പി പര്‍ദിവാലയുടേതാണ് ഈ നിരീക്ഷണങ്ങള്‍.

ഒന്നില്‍ക്കൂടുതല്‍ ഭാര്യമുള്ളതിനുള്ള ശിക്ഷകള്‍ വ്യക്തമാക്കുന്ന ഐ.പി.സി സെക്ഷന്‍ 494മായി ബന്ധപ്പെട്ട് ഉത്തരവ് പ്രഖ്യാപിക്കുന്നതിനിടെയാണ് കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്ന ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാഫര്‍ അബ്ബാസ് എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പുരുഷന്മാര്‍ക്ക് നാലുവിവാഹം വരെയാകാമെന്ന് മുസ്‌ലിം വ്യക്തിനിയമത്തില്‍ പറയുന്നുണ്ട് എന്നായിരുന്നു ജാഫറിന്റെ വിശദീകരണം. അതിനാല്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ “കൂടുതല്‍ ഭാര്യമാരെ ഉണ്ടാക്കുന്നതിനായി ഖുര്‍ആന്‍ മുസ്‌ലീങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു” എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.

“ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിച്ചപ്പോള്‍ അതിനു തക്കതായ കാരണം ഉണ്ടായിരുന്നു. ഇന്ന് ആളുകള്‍ ഇത് ഉപയോഗിക്കുന്നത് സ്വാര്‍ത്ഥകാരണങ്ങള്‍ക്കുവേണ്ടിയാണ്. ഖുര്‍ ആനില്‍ ഒരിടത്തുമാത്രമാണ് ബഹുഭാര്യത്വത്തെക്കുറിച്ച് പറയുന്നത്. അതും നിബന്ധനവെക്കുന്ന ബഹുഭാര്യത്വം.” ഉത്തരവ് വ്യക്തമാക്കുന്നു.

“ഭാര്യമാരെ ക്രൂരമായി കൈകാര്യം ചെയ്യാനും, ഭര്‍തൃഗൃഹത്തില്‍ നിന്നും വിരട്ടിയോടിക്കാനും എന്നിട്ട് മറ്റൊരു വിവാഹം ചെയ്യാനും മുസ്‌ലിം വ്യക്തിനിയമം അനുവദിക്കുന്നില്ല. എന്നിരുന്നാലും ഈ സാഹചര്യം നിരീക്ഷിക്കാന്‍ രാജ്യത്ത് യാതൊരു നിയമവുമില്ല. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഇല്ല.” അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം വ്യക്തിനിയമപ്രകാരം നാലു ഭാര്യമാര്‍വരെയാകാമെന്ന അനുമതി ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. “ഭാര്യയുടെ സമ്മതമില്ലാതെ ബഹുഭാര്യത്വവും ഏകപക്ഷീയമായ തലാഖും ആര്‍ട്ടിക്കിള്‍ 14ന്റെയും ആര്‍ട്ടിക്കിള്‍ 15ന്റെയും ലംഘനമാണ്. രാജ്യം ഈ നിയമത്തോട് സഹിഷ്ണുതകാണിക്കുകയാണെങ്കില്‍ അത് സ്ത്രീവിവേചനമാകും. സ്ത്രീവിവേചനം നിയമവിരുദ്ധമാണ്.” കോടതി പറയുന്നു.

We use cookies to give you the best possible experience. Learn more