ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരധ്യായമാണ് പ്രവാചകന്റെ കാലശേഷം ശേഷം അദ്ദേഹത്തിന്റെ ഭാര്യ ആയിഷയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അദ്ദേഹത്തിന്റെ പുത്രീഭര്‍ത്താവ് അലിയുടെ നേതൃത്വത്തിലുള്ള മറുപക്ഷവും തമ്മില്‍ പോരടിച്ചത്. ഇരുപക്ഷത്തുമുള്ള പ്രമുഖനേതാക്കളെല്ലാം നബിയുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന സഹചരന്മാരും ബന്ധുക്കളുമായിരുന്നു.
സ്വാഭാവികമായും കനത്തയുദ്ധമാണ് നടന്നത്. പക്ഷേ യുദ്ധത്തേക്കാള്‍ വലുത് ആശയസംഘട്ടനങ്ങളായിരുന്നു. പലപ്പോഴും മുഖ്യധാരാ മുസ്‌ലിം ചരിത്രവായനയില്‍ നിന്നും ബോധപൂര്‍വം മറച്ചുപിടിക്കുന്നതാണ് പള്ളികള്‍ കേന്ദ്രീകരിച്ച് ഇരുപക്ഷവും നടത്തിയ സംവാദങ്ങളും കാമ്പയിനിങ്ങുകളും.
മുസ്‌ലിം ചരിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖനായ ഇമാം തബരിയുടെ പുസ്തകങ്ങളില്‍ പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ വലിയ രീതിയില്‍ തന്നെയുണ്ട്. ഇരുപക്ഷവും ഖുര്‍ആനും നബിചര്യയും അടിസ്ഥാനപ്പെടുത്തി തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചു. രസകരമായ കാര്യം രണ്ടുകൂട്ടരേയും എതിര്‍ത്ത ചിലരുടെ വാദങ്ങളാണ്.
നബിയുടെ മരണ ശേഷം ഖലീഫമാരെ തിരഞ്ഞെടുക്കുന്നതില്‍ ശരിയായ “ജനാധിപത്യം” പിന്തുടരാത്തതിലുള്ള രോഷം പലരും പ്രകടമാക്കി. അന്നൊന്നും സാധാരണക്കാരായ തങ്ങളുമായി കൂടിയാലോചിക്കാതെ വരേണ്യവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കുകയും പിന്നീട് ഈയൊരു യുദ്ധസമയത്ത് തങ്ങളെ അനിവാര്യമായതുകൊണ്ട് മാത്രം സമീപിക്കുകയും ചെയ്തതിനെ പലരും കളിയാക്കി.
അന്നും ഇന്നും പോരാട്ടങ്ങളും ആശയ സംവാദങ്ങളും തുടരുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും ഇതേ ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി തങ്ങളെ ചൂഷണം ചെയ്യുന്നവരോട് കലഹിക്കുന്നുണ്ട്. പൗരോഹിത്യനേതൃത്വം അടിച്ചേല്പിക്കുന്ന വ്യാഖ്യാനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ബദല്‍ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാമികചരിത്രം എന്നത് എക്കാലത്തും പൗരോഹിത്യ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പെണ്ണുങ്ങള്‍ അടക്കമുള്ളവര്‍ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം കൂടി ഉള്‍പ്പെടുന്നതാണ്.
ഇന്ന് കേരളത്തില്‍ സമാനമായ ഒരു സ്ഥിതിവിശേഷമാണ് കാണുന്നത്. സോഷ്യല്‍ മീഡിയ, സംവരണം തുടങ്ങിയ അനുകൂലസാഹചര്യങ്ങള്‍ മുസ്‌ലിം സ്ത്രീകളെ പരമ്പരാഗതതട്ടകങ്ങളില്‍ നിന്നും പുറത്തു കടക്കാനും അവരുടെ ഏജന്‍സി കൃത്യമായി ഉപയോഗിക്കാനും പര്യാപ്തമാക്കുന്നുണ്ട്.
സ്വാഭാവികമായും പുരുഷപൗരോഹിത്യ നേതൃത്വം ഇതിനെതിരില്‍ ഹാലിളകി രംഗത്തിറങ്ങിയിട്ടുണ്ട്. ആണധികാരകേന്ദ്രങ്ങളും അതിന്റെ സംരക്ഷകരായ മുസ്‌ലിംസംഘടനകളും സംവരണ വിഷയത്തിലെടുക്കുന്ന നിലപാടുകള്‍ കൃത്യമായി വിലയിരുത്തുമ്പോള്‍ ഇക്കാര്യം വ്യക്തമാവുന്നുണ്ട്. ഇക്കാലമത്രയും ഒരൊറ്റ മുസ്‌ലിംസംഘടനയും സംവരണത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയിലും ജാതിസംവരണത്തെ എതിര്‍ക്കുന്ന വാദങ്ങള്‍ ഏറ്റുപിടിച്ചതായോ സംവരണവിരുദ്ധവാദങ്ങളെ പിന്തുണച്ചതായോ കണ്ടിട്ടില്ല. എന്നുമാത്രമല്ല, മണ്ഡല്‍, പാലോളി, സച്ചാര്‍ കമ്മിറ്റി ചര്‍ച്ചകളിലെല്ലാം അതിശക്തമായി സംവരണത്തിന് വേണ്ടി വാദിച്ചവരാണിവര്‍.
പക്ഷേ വനിതാസംവരണം ഒരു യാഥാര്‍ത്ഥ്യമായ സാഹചര്യമാണ് ആദ്യനിലപാടുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടിനോട് ഇവരെ അടുപ്പിക്കുന്നതും. പാര്‍ലെമെന്റുതൊട്ട് ജഡീഷ്യറി വരെയുള്ള എല്ലാറ്റിലും മുസ്‌ലിംസംവരണത്തിന് വേണ്ടി വാദിച്ചത്, അത് മുസ്‌ലിം ആണുങ്ങള്‍ക്ക് മാത്രമായി കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു.
നൂറ്റാണ്ടുകളായി പൊതുസമൂഹം ജാതി/മതത്തിന്റെ പേരില്‍ പുലര്‍ത്തി പോരുന്ന നീതിനിഷേധത്തെ തുറന്നു കാട്ടിയവര്‍ സ്വന്തം സംഘടനകളിലും പള്ളി/മഹല്ല് കമ്മിറ്റികളിലുമെല്ലാം സ്ത്രീകളെ ശക്തമായി തന്നെ തഴഞ്ഞു. നിലപാടിലെ ഈ ഇരട്ടത്താപ്പും വൈരുദ്ധ്യവുമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുരപ്പിലെ സ്ത്രീസംവരണം വഴി (മുസ്‌ലിങ്ങള്‍ അടക്കമുള്ള) സ്ത്രീകള്‍ പുറത്തിറങ്ങിയതോടെ വെളിവായത്. ഇപ്പോള്‍ വനിതാസംവരണത്തെ എതിര്‍ത്തവരുടെ നിലപാട് പോലെ ശ്രദ്ധേയമാണ് പരസ്യമായി എതിര്‍ക്കാത്തവരുടേതും. ഒറ്റ മതസംഘടനയും, അല്ലെങ്കില്‍ ഒറ്റ മതനേതാവും 50% വനിതാസംവണത്തില്‍ തങ്ങളുടെ നിലപാട് കൃത്യമായി വ്യക്തമാക്കാന്‍ തയ്യാറല്ല.
സ്ത്രീകള്‍ അടുക്കളയും കിടപ്പറയും വിട്ട് തെരുവിലേക്കും ഭരണകേന്ദ്രങ്ങളിലേക്കും കയറുമ്പോള്‍ അതിനെതിരില്‍ വരുന്ന വാദങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മുഖ്യമായും രണ്ട് രീതിയിലുള്ള വാദങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഒന്നാമത്തേത് (അ)പ്രായോഗികതയുമായി ബന്ധപ്പെട്ടതെങ്കില്‍ രണ്ടാമത്തേത് പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
“താറുമാറാവുന്ന” കുടുംബ ജീവിതവും “താളം തെറ്റുന്ന” ബന്ധങ്ങളെയും കുറിച്ചുള്ള ഭീഷണിയാണ് ഒന്നാമത്തേതില്‍ മുഖ്യഇനം. കൃത്യമായ കണക്കുകളോ പഠനങ്ങളോ ഇല്ലെങ്കിലും സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങുന്ന മുറക്ക് പരമ്പരാഗത കുടുംബ ജീവിതം തകരുന്നുവെന്നുള്ള വാദങ്ങള്‍ പലപ്പോഴും അമുസ്‌ലിങ്ങള്‍ ഉള്‍പ്പെടുന്ന പൊതു സമൂഹത്തിന്റെ കൂടി വാദമാണ്.
സ്ത്രീകള്‍ വ്യാപകമായി ജോലി ചെയ്യുന്ന സമൂഹങ്ങളില്‍ ഇങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നോ എന്ന് ഇവാരൊരിക്കലും നോക്കാറില്ല. രസകരമായ കാര്യം ഗള്‍ഫ് കുടിയേറ്റം വഴി വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മലയാളികള്‍; പ്രത്യേകിച്ചും മുസ്‌ലിങ്ങള്‍. നിത്യകന്യകമാരായി ജീവിക്കേണ്ടി വരുന്ന ഭാര്യമാര്‍, അച്ഛന്റെ സ്‌നേഹം കിട്ടാതെ വളരേണ്ടി വരുന്ന കുട്ടികള്‍, ആണുങ്ങള്‍ നാട്ടിലില്ലാതാവുന്നത് തുടങ്ങി നിരവധിയായ സാമൂഹിക പ്രശ്‌നങ്ങളാണ് കുടുംബത്തിലും സമൂഹത്തിലും ഗള്‍ഫ് പ്രവാസം ഉണ്ടാക്കുന്നത്. പക്ഷേ ഇതെല്ലാം അവഗണിക്കുന്ന/സഹിക്കുന്ന മലയാളി തന്നെ പെണ്ണുങ്ങള്‍ ജോലിക്ക് പോവുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകളെ പര്‍വതീകരിക്കാനും സ്ത്രീകള്‍ ജോലിക്ക് പോവുന്നതിനെ എതിര്‍ക്കാനും ശ്രമിക്കുന്നു. വികസനത്തിലും സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിലും മുന്നിട്ട് നില്‍കുന്ന രാജ്യങ്ങളെ പോലെ എങ്ങനെ ഇതെല്ലാം ബാലന്‍സ് ചെയ്ത് കൊണ്ട് പോവാം എന്ന് ചര്‍ച്ച ചെയ്യുന്നില്ല.
രണ്ടാമത്തെ വിമര്‍ശനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഖുര്‍ആനില്‍ നിന്നും അനുകൂലമായ ഒന്നും കിട്ടാത്തതിനാലും ഖുര്‍ആന്റെ കാര്യത്തില്‍ കൂടുതല്‍ കൃത്യതയുള്ളതിനാലും പലപ്പോഴും ഹദീസുകളെയാണ് കൂട്ടുപിടിക്കാറുള്ളത്. ഇസ്‌ലാമികചരിത്രത്തില്‍ സ്ത്രീകളെ അടിച്ചമര്‍ത്താനും അവരുടെ കര്‍തൃത്വം നിഷേധിക്കാനും പുരുഷപൌരോഹിത്യവര്‍ഗം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് ഒരു പക്ഷേ “സ്ത്രീയെ അധികാരത്തിലേറ്റിയ ഒരു ജനതയും വിജയിച്ചിട്ടില്ല” എന്ന “ഹദീസ്” ആയിരിക്കും (“നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍” എന്നത് തൊട്ട് പിന്നില്‍ വരും).
കേരളത്തിലെ മുസ്‌ലിംസ്ത്രീകള്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രക്ഷാകര്‍തൃത്വം തള്ളിക്കളഞ്ഞ് സ്വന്തം കര്‍തൃത്വം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ ഈ ഹദീസ് വീണ്ടും രംഗപ്രവേശം ചെയ്യുന്നത് സ്വാഭാവികം. ഒരൊറ്റ “പുരോഗമന” മുസ്‌ലിം സംഘടനയും ഇത് പോലുള്ള “ഹദീസുകളെ” തള്ളിക്കളയാനോ അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് തടയാനോ നാളിതുവരെ ശ്രമിച്ചതായും അറിവില്ല. ഈ സാഹചര്യത്തില്‍ എന്താണീ “ഹദീസിന് ” പിന്നിലെ ചരിത്രം എന്ന് പരിശോധിക്കുന്നത് പ്രസക്തമായിരിക്കും.
ആദ്യമായി വിഷയവുമായി ബന്ധപ്പെട്ട് അല്പം മുഖവുര ആവശ്യമുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനം ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ (മാത്രം) പ്രാധാന്യമുള്ള ഒന്നാണ് ഹദീസ് (അഥവാ പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ വചനങ്ങളോ പ്രവര്‍ത്തികളോ ആയി കരുതപ്പെടുന്ന വാക്കുകള്‍/നിര്‍ദേശങ്ങള്‍).
ഖുര്‍ആന്‍ ഏതാണെന്നും അതിലെ അദ്ധ്യായങ്ങള്‍, സൂക്തങ്ങള്‍ എന്നിവയും കൃത്യമായും തന്നെ മുസ്‌ലിങ്ങള്‍ക്കിടയില്‍ യോജിപ്പ് ഉണ്ട്. ഖുര്‍ആന്‍ എന്ന പേരില്‍ ഇന്ന് ഒരേ ഒരു ഗ്രന്ഥമേ ഉള്ളൂ (ഇസ്‌ലാമിനെ വിലയിരുത്തുന്ന അമുസ്‌ലിം പണ്ഡിതന്മാര്‍ പോലും ഈ വസ്തുത അംഗീകരിക്കാറുണ്ട് ).
എന്നാല്‍ ദ്വതീയസ്രോതസ്സ് മാത്രമായ ഹദീസിന്റെ സ്ഥിതി അതല്ല, എഴുത്തും വായനയും വ്യാപകമല്ലാത്ത ഒരു പുരാതന സമൂഹത്തില്‍ നടന്ന കാര്യത്തെ കുറിച്ചുള്ള കേട്ടറിവുകളെ അടിസ്ഥാനപ്പെടുത്തി എത്രയോ കാലങ്ങള്‍ക്ക് ശേഷം രൂപപ്പെടുത്തി ഉണ്ടായ ഒന്നാവുമ്പോള്‍ സ്വാഭാവികമായും പലതിലും തെറ്റുകളും പിശകുകളും കടന്നു കൂടും. പലതും ശരിക്കും നബി പറഞ്ഞത് തന്നെ ആണോ എന്നതും വ്യാപകമായി തര്‍ക്കങ്ങളുന്നയിക്കപ്പെട്ടിട്ടുള്ളതുമാണ്.
നബിയുടെ കാലത്തിനും ഏറെ ശേഷമാണ് ഹദീസ് ശേഖരണവും അതിന്റെ ക്രോഢീകരണവും വ്യാപകമാവുന്നത് തന്നെ. ഉദാഹരണത്തിന് ഇന്ന് മുസ്‌ലിങ്ങള്‍ ഏറ്റവും വ്യാപകമായി സ്വീകരിക്കുന്ന “ബുഖാരി ഹദീസ് ” ശേഖരിച്ച ബുഖാരി തന്നെ ജീവിച്ചിരുന്നത് നബിക്ക് ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞാണ്. ഇങ്ങനെ ശേഖരിച്ച ലക്ഷക്കണക്കിന് ഹദീസുകളില്‍ ഏകദേശം 99 ശതമാനം ഹദീസും വിശ്വാസ യോഗ്യമല്ലെന്ന് കരുതി അദ്ദേഹം തന്നെ തള്ളിക്കളയുകയാണ് ചെയ്തത് (മുസ്‌ലിം അടക്കമുള്ള മറ്റു പ്രമുഖ ഹദീസ് ക്രോഢീകര്‍ത്താക്കളും ഏറെക്കുറെ ഇതേ അനുപാതത്തില്‍ ഇത്തരം ഹദീസുകള്‍ തള്ളിക്കളയുകയാണുണ്ടായത് ). ഈ കര്‍ശനമായ പരിശോധനക്ക് ശേഷം ബുഖാരി സ്വീകരിച്ചതില്‍ ഏകദേശം 7200 ഹദീസുകള്‍ ഉണ്ട് (അതില്‍ തന്നെ പകുതിയിലധികവും ചെറിയ വ്യത്യാസങ്ങളോടെ ഉള്ള ആവര്‍ത്തനങ്ങള്‍ മാത്രമാണ്).
പറഞ്ഞു വരുന്നത്, ഹദീസുകളില്‍ തെറ്റുകളും വ്യാജമായതും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോള്‍ പിന്നെ ഹദീസുകളുടെ സാധുത പരിശോധിക്കാന്‍ എന്ത് ചെയ്യും? രണ്ട് കാര്യങ്ങളാണ് ഇതിന് ചെയ്യാറുള്ളത്. ഒന്ന്, ഹദീസിന്റെ ഉള്ളടക്കം (ആശയം) ഇസ്‌ലാമിന്റെ/ഖുര്‍ആന്റെ “ലോക വീക്ഷണത്തോടും” (Weltanschauung) ആശയങ്ങളോടും യോജിക്കുന്നതാണോ എന്ന് പരിശോധിക്കും. യോജിക്കാത്തതാണെങ്കില്‍ തള്ളുന്നു.
രണ്ട് , ഈ ഹദീസ് ക്രോഢീകരിച്ച വ്യക്തി, ഇതിലെ chain of transmitters എന്നിവരില്‍ ഓരോരുത്തരുടെയും പശ്ചാത്തലം, വിശ്വാസ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നു. ഇതും വിശ്വാസ യോഗ്യമല്ലെങ്കില്‍ തള്ളുന്നു. ഇങ്ങനെ ഉള്ള പുനര്‍വായനകള്‍ ഹദീസിന്റെ കാര്യത്തില്‍ എന്നും ഉണ്ടാവാറുണ്ട്. അതിന് ഇപ്പോഴും പ്രസക്തിയുമുണ്ട്.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുള്ള ഈ ആധുനിക കാലത്ത് ഇതെല്ലാം കുറെ കൂടി എളുപ്പവുമാവുന്നു. ഈ ഹദീസിന്റെ കാര്യത്തില്‍ ഈ രണ്ടു പരിശോധനയും പല കാലഘട്ടങ്ങളിലായി പലരും നടത്തിയിട്ടുണ്ട്. എന്തെല്ലാമാണ് ഇതില്‍ കാണാന്‍ കഴിയുന്നത്?
1) “സ്ത്രീയെ അധികാരത്തിലേറ്റിയ ഒരു ജനതയും വിജയിച്ചിട്ടില്ല” എന്ന ഹദീസ് ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് നിരക്കുന്നതാണോ?
ഖുര്‍ആനില്‍ എന്തെങ്കിലും നിലക്ക് സ്ത്രീഅധികാരത്തില്‍ വരുന്നതിന് എതിരായുള്ള പരാമര്‍ശം ഇല്ല എന്ന് മാത്രമല്ല മറിച്ചുള്ള ഉദാഹരണങ്ങള്‍ ധാരാളം ഉണ്ട് താനും. ഷെബയിലെ രാജ്ഞി ആയ ബല്‍ഖീസിനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് ഒരുദാഹരണം. രാജ്യം ഭരിച്ചിരുന്ന ഇവരെ കുറിച്ചോ ഇവരുടെ നയതന്ത്രഞതയെ കുറിച്ചോ മോശം പരാമര്‍ശം ഇല്ലെന്ന് മാത്രമല്ല, വളരെ നല്ല വാക്കുകളിലൂടെ ആണ് ഖുര്‍ആന്‍ ഇവരെ വിലയിരുത്തുന്നത്. ഇവരെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നതില്‍ എവിടെയും സ്ത്രീ നേതൃത്വം മോശമാണെന്ന രീതിയിലുള്ള യാതൊരു സൂചനയും ഇല്ല.
ഇതിനെല്ലാം ഉപരിയായി കാണേണ്ട ഒന്ന് പ്രവാചകത്വം സംബന്ധിച്ചതാണ്. ഇസ്‌ലാമിലെ ഏറ്റവും വലിയ നേതൃത്വം എന്നത് പ്രവാചകത്വം (“നുബുവ്വത്ത്”) ആണ്. ഒരു മനുഷ്യന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മഹത്തരമായ സ്ഥാനമായി ഇസ്‌ലാം ഇതിനെ കാണുന്നു. പ്രവാചകത്വം കിട്ടിയവരുടെ കൂട്ടത്തില്‍ മറിയം ബീവിയെ (virgin mary) ഖുര്‍ആന്‍ എണ്ണി പറയുന്നുണ്ട്.
അതില്‍ നിന്ന് തന്നെ വ്യക്തമാവുന്നതും ഏതൊരു നേതൃത്വവും സ്ത്രീകള്‍ക്ക് നല്‍കുന്നതിന് ഖുര്‍ആന്‍/ഇസ്‌ലാം എതിരല്ല എന്ന് തന്നെയാണ്. മറിയം ബീവിയെ കുറിച്ച് പറയുമ്പോള്‍ അവര്‍ എല്ലാ മനുഷ്യര്‍ക്കും (സ്ത്രീകള്‍ക്ക് മാത്രമല്ല) മാതൃകയാണ് എന്നും എടുത്ത് പറയുന്നുമുണ്ട്. സൂറത്തുല്‍ അന്‍ബിയായില്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ അതെ ശൈലിയില്‍ തന്നെയാണ് മറിയമിനെയും എണ്ണി പറയുന്നത്.
ഹദീസുകളിലാണെങ്കില്‍ നുബുവ്വത്ത് (പ്രവാചകത്വം) കിട്ടിയ സ്ത്രീകളെ കുറിച്ച് പറയുന്നുമുണ്ട്. ഈ ആയത്തുകളും ഹദീസുകളും വിശദീകരിച്ച് ഖുര്‍ത്തുബി, സുയൂത്തി തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ മറിയം ബീവിയുടെ പ്രവാചകത്വത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ അന്‍ബിയായില്‍ പ്രവാചകരെ പറയുന്ന ഭാഗം നോക്കുക. ഇതില്‍ പാതിവ്രത്യം സൂക്ഷിച്ചവളെ (മറിയം) കുറിച്ച് പറയുന്നത് പുരുഷന്മാരായ പ്രവാചകരെക്കുറിച്ച് പറഞ്ഞ പോലെ തന്നെയാണ്.
“ദാവൂദിന്റെയും സുലൈമാന്റെയും കാര്യം ഓര്‍ക്കുക: അവരിരുവരും ഒരു കൃഷിയിടത്തിന്റെ പ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പിച്ച കാര്യം. ഒരു കൂട്ടരുടെ ആടുകള്‍ കൃഷിയിടത്തില്‍ കടന്നു വിള തിന്നു. അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു…”
“അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: “എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ…”
“ഇസ്മാഈലിന്റെയും ഇദ്‌രീസിന്റെയും ദുല്‍കിഫ്‌ലിന്റെയും കാര്യവും ഓര്‍ക്കുക. അവരൊക്കെ ഏറെ ക്ഷമാലുക്കളായിരുന്നു…”
“ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: “നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു…”
“സകരിയ്യാ തന്റെ നാഥനെ വിളിച്ചുപ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: “എന്റെ നാഥാ, നീയെന്നെ ഒറ്റയാനായി വിടരുതേ. നീയാണല്ലോ അനന്തരമെടുക്കുന്നവരില്‍ അത്യുത്തമന്‍…”
“തന്റെ പാതിവ്രത്യം സൂക്ഷിച്ചവളുടെ കാര്യം ഓര്‍ക്കുക: അങ്ങനെ നാമവളില്‍ നമ്മുടെ ആത്മാവില്‍നിന്ന് ഊതി. അവളെയും അവളുടെ മകനെയും ലോകര്‍ക്ക് തെളിഞ്ഞ അടയാളമാക്കുകയും ചെയ്തു.”
(ഖുര്‍ആന്‍ 21:78-91)
2) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും അല്പം വിശദമായി വിലയിരുത്തേണ്ടതുണ്ട്.
ഈ ഹദീസ് എപ്പോഴാണ് നബി പറഞ്ഞത്? (അഥവാ ഈ ഹദീസിന്റെ സാഹചര്യം). എ ഡി 628-32 കാലഘട്ടത്തില്‍ റോമാക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ ഉണ്ടായ സംഘട്ടനപരമ്പരകള്‍ക്കിടയില്‍ രണ്ട് സ്ത്രീഭരണ കര്‍ത്താക്കള്‍ ഉണ്ടായതായി കാണുന്നുണ്ട്. ഒരു പക്ഷേ, ഇതിനെ സൂചിപ്പിച്ച് കൊണ്ടാകാം ഇത് പറഞ്ഞത്. അതേസമയം ഇങ്ങനെയൊന്ന് നബി ശരിക്കും പറഞ്ഞിട്ടുണ്ടോ? ഏതു സാഹചര്യത്തിലാണ് ഈ ഹദീസ് നബി പറഞ്ഞതായി അബു ബകറ റിപ്പോര്‍ട്ട് ചെയ്തത്/അവകാശപ്പെട്ടത് ?
തുടക്കത്തില്‍ പറഞ്ഞ ബുഖാരി പുസ്തകത്തിലുള്ള ഒരു ഹദീസാണിത്. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തത് അബു ബകറ എന്ന നബിയുടെ സഹചാരിയായിരുന്ന ആളാണ് (അബു ബക്കര്‍ എന്ന പേരിലുള്ള ഒന്നാം ഖലീഫ അല്ല, മറ്റൊരാള്‍).
മക്ക പിടിച്ചടക്കിയ ശേഷം (എ.ഡി 630) വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടു കൂടി സമീപപട്ടണമായ തായിഫ് പിടിക്കാന്‍ തീരുമാനിച്ചു. ബനൂ തമീം എന്ന ഗോത്രത്തിലുള്ളവര്‍ പക്ഷേ ഇതിനെതിരില്‍ പോരാടാന്‍ നിന്നു. ഏറ്റുമുട്ടല്‍ വന്നപ്പോള്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടി എതിര്‍ത്ത് നില്കുന്ന അടിമകള്‍ക്ക് ഒരു വാഗ്ദാനം നല്‍കി. പോരാട്ടം ഒഴിവാക്കി വന്നാല്‍ എല്ലാ അടിമകളെയും സ്വതന്ത്രരാക്കും എന്നായിരുന്നു അത്.
ഇത് കേട്ടപ്പോള്‍ അബു ബകറ അടക്കമുള്ള 12 പേര്‍ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങുകയും വാഗ്ദാനം ചെയ്യപ്പെട്ട സ്വാതന്ത്ര്യം നേടുകയും ചെയ്തു. പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുക കൂടി ചെയ്തതോടെ മറ്റുള്ളവരെ പോലെ എല്ലാ കാര്യത്തിലും തുല്യ അവകാശങ്ങളുള്ള ഒരു മുസ്‌ലിം ആയി ഇവര്‍ മാറി. അതായത് നരകതുല്യമായ അടിമ ജീവിതം നയിച്ചിരുന്ന അബു ബകറ ജീവന്‍ പണയം വെച്ചുള്ള ഒരു പോരാട്ട സമയത്ത് കിട്ടിയ വാഗ്ദാനത്തിലൂടെ ഇസ്‌ലാമില്‍ എത്തി ചേരുകയും തീര്‍ത്തും വ്യത്യസ്തമായ ഒരു നല്ല ജീവിതം ആരംഭിക്കുകയും ചെയ്തു.
പിന്നീട് ഇറാഖിലേക്ക് പോവുകയും അവിടെയുള്ള മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി മക്കളോടൊപ്പം ജീവിതം നയിച്ചു വരികയുമായിരുന്ന സന്ദര്‍ഭത്തിലാണ് (എ.ഡി 656) ഇസ്‌ലാമികചരിത്രത്തിലെ ഏറ്റവും സുപ്രധാനവും വിധി നിര്‍ണായകവുമായ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
നേരത്തെ വിവരിച്ചപോലെ ഒരു വശത്ത് നബിയുടെ പ്രിയ പത്‌നി ആയിശയോടൊപ്പം നബിയുടെ ഏറ്റവും അടുത്ത അനുചരന്മാരില്‍ വലിയൊരു വിഭാഗം അണി നിരന്നപ്പോള്‍ മറുഭാഗത്ത് നബിയുടെ മരുമകനും നാലാമത്തെ ഖലീഫയുമായിരുന്ന അലിയുടെ നേതൃത്വത്തില്‍ മറുഭാഗവും അണിനിരന്നു. രണ്ടു വിഭാഗവും പള്ളികള്‍ കേന്ദ്രീകരിച്ച് കാമ്പയിനിങ്ങ് നടത്തുകയും ഇരു പക്ഷത്തും ആളുകളെ കൂട്ടുകയും ചെയ്തു.
ആയിശയുടെ വിഭാഗം ഇറാഖിലെ ബസ്‌റ കേന്ദ്രമാക്കി അലിക്കെതിരില്‍ വ്യാപകമായ പ്രചാരണം തുടങ്ങുകയും ആളുകളെ തങ്ങളുടെ പക്ഷംചേരാന്‍ ക്ഷണിക്കുകയും ചെയ്തു. അന്ന് ബസ്‌റയില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലുള്‍പ്പെട്ടിരുന്ന അബു ബകറ മറ്റു പലരെയും പോലെ ആയിശയുടെ ക്ഷണം സ്വീകരിക്കാതെ യുദ്ധത്തില്‍ നിഷ്പക്ഷസമീപനം സ്വീകരിക്കുകയായിരുന്നു.
യുദ്ധത്തില്‍ ആയിശയുടെ 13000ല്‍ അധികം ഭടന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബസ്‌റ കീഴടങ്ങി. അലി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രമുഖരായവരില്‍ നിന്ന് യുദ്ധത്തിലെ നിലപാടിന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബസ്‌റ ഗവര്‍ണര്‍ ആയ അബു മൂസാ അല്‍അസ്ഹരിക്ക് ഇതിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെടുകയും കൂഫയില്‍ നിന്ന് നാടുകടത്തപ്പെടുകയും ചെയ്തു.
അബു മൂസാ അല്‍അസ്ഹരിയുടെ യുദ്ധത്തിലെ നിലപാട് ശ്രദ്ധേയമായിരുന്നു. നിഷ്പക്ഷനിലപാട് സ്വീകരിച്ച അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കുന്ന ചര്‍ച്ച പള്ളിയില്‍ സംഘടിപ്പിക്കുകയും ജനങ്ങളെ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഹദീസുകള്‍ എടുത്തുദ്ധരിച്ച് തന്റെ നിലപാട് വിശദീകരിച്ച അദ്ദേഹം ഒരിക്കലും ആയിശ സ്ത്രീയാണെന്നതോ പ്രവാചകന്‍ എന്നെങ്കിലും സ്ത്രീ നേതൃത്വം നല്‍കുന്നതിനെതിരില്‍ എന്തെങ്കിലും പറഞ്ഞിരുന്നെന്നോ പറഞ്ഞില്ല. പക്ഷേ അബു ബക്കറ യുദ്ധം കഴിഞ്ഞ ഈയവസരത്തില്‍ താന്‍ ആയിശ ആവശ്യപ്പെട്ടിട്ടും അവരുടെ കൂടെ ചേരാതിരിക്കാന്‍ അവരോട് കാരണമായി നിരത്തിയത് എന്ന് (പിന്നീട് ) പറഞ്ഞതാണ് ഈ “ഹദീസ്” .
ഹദീസ് പണ്ഡിതന്മാര്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളെയും സാഹചര്യങ്ങളെയും കുറിച്ച് കര്‍ശനമായ നിബന്ധനകളാണ് വെക്കുന്നത്. ഇമാം മാലിക് നിരവധിയായ ഇങ്ങനെയുള്ള നിബന്ധനകള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ഉന്നത ബൗദ്ധിക നിലവാരമുള്ളയാളാവണമെന്ന് മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള വികാരത്തിനോ സമ്മര്‍ദത്തിനോ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള ആളോ (അവസരമോ) ആവരുതെന്നും പ്രത്യേകം പറയുന്നു.
ഇങ്ങനെയുള്ള കര്‍ശന നിബന്ധനകള്‍ പാലിക്കുന്ന “ശാസ്ത്രമായി ” ഹദീസ്ശാസ്ത്രത്തെ കണ്ടതുകൊണ്ട് മാത്രം, ശരിയായിരിക്കാന്‍ സാധ്യതയുള്ള നിരവധി ഹദീസുകള്‍ താന്‍ തള്ളിയിട്ടുണ്ടെന്നും മാലിക് പറയുന്നു. ഇവിടെ അബു ബക്കറയാവട്ടെ ഈ വക നിബന്ധനകള്‍ പ്രയോഗിച്ചാല്‍ ഒരിക്കലും സ്വീകാര്യനാവാന്‍ സാധ്യതയുള്ള വ്യക്തിയുമാല്ല. മാത്രമല്ല, 25 വര്‍ഷത്തിന് ശേഷം ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ സാഹചര്യത്തിന്റെ സന്ദര്‍ഭത്തിനും സമ്മര്‍ദ്ധത്തിനും വികാരത്തിനും അടിമപ്പെടാന്‍ സാധ്യതയുള്ള അവസരത്തിലാണ് ഇതോര്‍ത്തെടുത്തതും.
3 ) ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍
25 വര്‍ഷത്തോളം ഇതിനെ കുറിച്ച് അബു ബകറയോ മറ്റേതെങ്കിലും ആളുകളോ നബി ഇങ്ങനെ ഒരഭിപ്രായം പറഞ്ഞതായി ഓര്‍ത്തിരുന്നില്ല. ഒരടിമയുടെ ജീവിതത്തില്‍ നിന്നും സ്വപ്ന തുല്യമായ ഒരു സ്വതന്ത്രജീവിതവും സൗകര്യങ്ങളും കിട്ടിയ അബു ബകറ ഇതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടാന്‍ വരെ സാധ്യത ഉള്ള ഒരു സന്നിഗ്ദ ഘട്ടത്തില്‍ തന്റെ ഒരു ചെയ്തിക്ക് ന്യായീകരണമായി പറഞ്ഞതാവാമിത്.
നബിയുടെ പ്രമുഖ കൂട്ടുകാരില്‍ ഒരു പാട് പേര്‍ ഇതേ യുദ്ധത്തില്‍ ആയിശയുടെ പിന്നില്‍ അണി നിരന്നിരുന്നു (അഥവാ നബിയെ ഇതിലും കൂടുതല്‍ അറിയാവുന്ന അവര്‍കാര്‍ക്കും ഇങ്ങനെ ഒരു “ഹദീസ്” അതിന് തടസ്സമായില്ല!)
ഈയൊരൊറ്റ കള്ള ഹദീസിനെ ഏറ്റു പിടിക്കുന്നവര്‍ ബുഖാരി അടക്കം റിപ്പോര്‍ട്ട് ചെയ്ത നിരവധിയായ മറ്റു ഹദീസുകളിലൂടെ മനസ്സിലാവുന്ന നബിയുടെ മാതൃക തള്ളിക്കളയുകയാണ് ഫലത്തില്‍ ചെയ്യുന്നത്.
രണ്ട് പക്ഷത്തും കൂടാതെ നിന്ന നിഷ്പക്ഷരില്‍ പോലും മറ്റൊരാളും ഈ കാരണം പറഞ്ഞിട്ടില്ല (ഈ വിഷയവുമായി വളരെ വിശദമായ സംവാദങ്ങളും ചര്‍ച്ചകളും ഇരു പക്ഷത്തിന്റെയും ആഭിമുഖ്യത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നതിന്റെ നൂറു കണക്കിനായ റിപ്പോര്‍ടുകളില്‍ ഈ ഒരെണ്ണത്തില്‍ മാത്രമാണ് ഇങ്ങനെ ഒരു “ഹദീസ് ” എടുത്തുദ്ധരിക്കപ്പെട്ടത്)
ഈ യുദ്ധത്തില്‍ ആയിശയുടെ എതിര്‍ പക്ഷത്തിന് നേതൃത്വം നല്കിയ അലി സ്ത്രീനേതൃത്വത്തിനെതിരായി ഇത് പോലെ എന്തെങ്കിലും പറഞ്ഞതായി തെളിവില്ല. കള്ള സാക്ഷ്യം പറഞ്ഞതിന്റെ പേരില്‍ ഇസ്‌ലാമിലെ രണ്ടാം ഖലീഫയും നബിയുടെ ഏറ്റവും അടുത്ത കൂട്ടാളിയും ആയ ഉമര്‍ അബു ബക്കറയെ ശിക്ഷിച്ചിരുന്നു എന്നും ചരിത്രത്തില്‍ കാണുന്നു.
അബു ബകറ ഇങ്ങനെ രാഷ്ട്രീയപരമായ നിലപാടുകള്‍ക്ക് ന്യായീകരണമായി/അനുകൂലമായി മറ്റാര്‍ക്കും കേട്ടുകേള്‍വി പോലുമില്ലാത്ത ഹദീസ് റിപ്പോര്‍ട്ട് ചെയ്ത്ത വേറെയും സംഭവം ഇതിനോട് ചേര്‍ത്ത് വായിക്കാം. അലിയുടെ വധത്തിന് ശേഷം മുആവിയ അധികാരം പിടിച്ചടക്കിയപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഉതകുന്ന രീതിയിലുള്ളതും (രാഷ്ട്രീയ അവസരവാദപരമായതും) ഇതിലേറെ സംശയാസ്പദവുമായ ഒരു ഹദീസാണ് അബു ബക്കറ റിപ്പോര്‍ട്ട് ചെയ്തത്. “ഹസന്‍ അനുരഞ്ജനത്തിന്റെ മാതൃക ആയിരിക്കും (Hasan will be the man of reconciliation) “എന്ന് നബി പറഞ്ഞുവെന്നാണ് എന്നാണ് ഈ “ഹദീസ്” പറയുന്നത്.
അതായത് ഹസന്‍ വളരെ ചെറിയ ഒരു കുട്ടിയാവുമ്പോള്‍ നബി ഇങ്ങനെയൊരു “പ്രവചനം” നടത്തുന്നു, അത് കൃത്യമായി അബു ബക്കറ മാത്രം കേള്‍ക്കുന്നു, പിന്നീട് മുആവിയക്ക് അധികാരം പിടിച്ചടക്കാന്‍ വേണ്ടി അലിയുടെ പുത്രന്‍ കൂടിയായ ഹസനെ ഒതുക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭത്തില്‍ അബു ബക്കറ അത് ഓര്‍ത്തെടുക്കുന്നു!! അബു ബക്കറയുടെ ഈ രണ്ടു ഹദീസുകളും പരിശോധിക്കുമ്പോഴാണ് രാഷ്ട്രീയത്തിനും അധികാര വടംവലികള്‍ക്കും അനുസൃതമായി ഹദീസുകള്‍ രൂപപ്പെട്ടു വരുന്നതിന്റെ സാഹചര്യം വ്യക്തമാവുന്നത് !!
അപ്പോള്‍ ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ, കള്ളസാക്ഷ്യം പറഞ്ഞതിന് ശിക്ഷിക്കപ്പെട്ട ഒരാള്‍ നബി പറഞ്ഞതായി 25 വര്‍ഷത്തിനു ശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ ഭാഗം ന്യായീകരിക്കാനായി പറഞ്ഞ ഒരു വാക്യം നമ്മള്‍ സ്വീകരിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം.
എല്ലാ മതങ്ങളിലും ആശയങ്ങളിലും അവ ഉണ്ടായതും കടന്നുപോയതുമായ എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്ന പല തിന്മകളും കൂടി ചേരാറുണ്ട്. ഇസ്‌ലാമും ഇതിന്നപവാദമല്ല. അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ അറേബ്യന്‍ സമൂഹങ്ങളുടെ പല കാര്യങ്ങളും പല ഹദീസിന്റെയും രൂപത്തില്‍ കടന്നു കൂടിയിട്ടുണ്ട്. യുദ്ധസംഘട്ടനങ്ങളും രാഷ്ട്രീയ വടംവലികളും പ്രത്യേകിച്ചും ഇതിനൊരു കാരണമായിട്ടുമുണ്ട്.
കാലികമായ പുനര്‍വായനകളിലൂടെ ഇതെല്ലാം മനസ്സിലാക്കിയും തള്ളേണ്ടത് തള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ എന്തിനെയും പോലെ ഇസ്‌ലാമും കാലിക പ്രസക്തമാവുകയുള്ളൂ. പുരുഷെപൗരോഹിത്യ അച്ചില്‍ വാര്‍ത്തെടുത്ത സംഘടനകള്‍ അതിന് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമായിരിക്കും. പക്ഷേ, സോഷ്യല്‍ മീഡിയും ബദല്‍ വീക്ഷണങ്ങളും തൊട്ടറിഞ്ഞ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ ഇതിന് നേതൃത്വം നല്‍കുന്നതിലുള്ള ഭയമാണ് ഇത് പോലുള്ള നുണ പ്രചാരണങ്ങള്‍ പ്രവാചകന്റെ ലേബലൊട്ടിച്ച് വരുന്നതിന്റെ കാരണം.
ഈ വിഷയത്തിന് രസകരമായ വേറൊരു തലം കൂടിയുണ്ട്. ഈയൊരൊറ്റ കള്ള ഹദീസിനെ ഏറ്റു പിടിക്കുന്നവര്‍ ബുഖാരി അടക്കം റിപ്പോര്‍ട്ട് ചെയ്ത നിരവധിയായ മറ്റു ഹദീസുകളിലൂടെ മനസ്സിലാവുന്ന നബിയുടെ മാതൃക തള്ളിക്കളയുകയാണ് ഫലത്തില്‍ ചെയ്യുന്നത്.
എന്താണ് പ്രവാചകന്‍ സ്ത്രീകളോട് സ്വീകരിച്ചിരുന്ന നയം? നബിയുടെ ഭാര്യമാരും അക്കാലത്തെ മുസ്‌ലിം സ്ത്രീകളും ഏതെല്ലാം തുറകളില്‍ ഇടപെട്ടിരുന്നു? നേരത്തെ സൂചിപ്പിച്ച പോലെ നബിയുടെ ഭാര്യയായ ആയിഷ തെരുവിലറങ്ങി ഒരു യുദ്ധം നയിച്ചതും അതില്‍ തല്‍ഹ, സുബൈര്‍ പോലുള്ള നബിയുടെ ഏറ്റവും അടുത്ത അനുചരന്മാര്‍ അവരുടെ പിന്നില്‍ അണി നിരന്നിരുന്നതും ഇവര്‍ അവഗണിക്കുന്നു.
അതേ യുദ്ധത്തില്‍ അവരുടെ എതിര്‍ പക്ഷത്തിന്റെ നേതാവായിരുന്ന മഹാനായ അലി പോലും അവര്‍ സ്ത്രീയായത് കൊണ്ട് ഈ യുദ്ധം നയിച്ചത് തെറ്റാണെന്ന് പറഞ്ഞിരുന്നില്ല. കച്ചവടത്തില്‍ സജീവമായിരുന്ന നബിയുടെ ആദ്യ ഭാര്യ ഖദീജ പൊതുമണ്ഡലങ്ങളില്‍ സജീവമായിരുന്നു. മറ്റൊരു ഭാര്യയായ സൗദ തന്റെ തുകല്‍ വസ്തുക്കള്‍ വിറ്റിരുന്നത് മദീനാ തെരുവുകളില്‍ ആയിരുന്നു.
രാഷ്ട്രീയത്തിന്റെ കാര്യമെടുത്താലോ? നബിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന കരാറായിരുന്ന ഹുദൈബിയാ ഉടമ്പടി തയ്യാറാക്കാന്‍ നബി ഉപദേശം തേടിയിരുന്നത് തന്റെ ഭാര്യ കൂടിയായ ഉമ്മു സലാമയോടായിരുന്നു. തെരുവുകളില്‍ മുസ്‌ലിംസ്ത്രീകള്‍ സജീവമായ ഇടപെടലുകള്‍ നടത്തിയതും വ്യക്തമായി ചരിത്രത്തില്‍ കാണാം. ഇബ്‌നു മസൂദ് അടക്കമുള്ള എത്രയോ സഹാബിമാരുടെ ഭാര്യമാര്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നതും ഇവരുടെ കച്ചവട സാധനങ്ങളെല്ലാം വില്‍ക്കാന്‍ ഇവര്‍ തെരുവിലേക്ക് പോയ സംഭവങ്ങളും ഇസ്‌ലാമിക ചരിത്ര പുസ്തകങ്ങള്‍ വായിക്കുന്ന ആര്‍ക്കും കാണാം.
പെണ്ണുങ്ങള്‍ക്ക് ഇന്നിവര്‍ വിലക്കുന്ന തെരുവിന്റെ ഭരണത്തിന് ഉമര്‍ ഏല്‍പിച്ചത് ഷിഫാ ബിന്‍ത് അബ്ദുള്ള എന്ന മഹതിയെ ആയിരുന്നു! സ്ത്രീകളെ തെരുവിലേക്കിറക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ചെയ്തവരില്‍ ഏറ്റവും പ്രമുഖരാണ് നബിയും ഉമറുമെല്ലാം. ഒരിക്കല്‍ ഉമറിന്റെ പ്രസംഗത്തിലെ തെറ്റ് പരസ്യമായി ചൂണ്ടിക്കാണിക്കുകയും അതേ വേദിയില്‍ വെച്ച് ആ തെറ്റ് തിരുത്തി പറയിപ്പിക്കുകയും ചെയ്ത സ്ത്രീയുടെ സംഭവം അദ്ദേഹത്തിന്റെ തന്നെ കാലത്തെ സ്ത്രീകളുടെ ഇടപെടലിന്റെ മറ്റൊരുദാഹരണമാണ്. ഉമര്‍ മരിച്ചപ്പോള്‍ അടുത്ത ഖലീഫയെ തിരഞ്ഞെടുക്കാനുള്ള യോഗം ചേര്‍ന്നത് ഫാത്തിമാ ബിന്‍ത് ഖൈസ് എന്ന സ്ത്രീയുടെ വീട്ടില്‍ വെച്ചാണെന്നതും പൗരോഹിത്യ നേതൃത്വം അവഗണിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കാര്യമാണ്.
അറിയപ്പെടുന്ന സര്‍ജന്‍ കൂടിയായ തന്റെ ഭര്‍ത്താവില്‍ നിന്നും കിട്ടിയ ശിക്ഷണം വഴി യുദ്ധരംഗത്തും അല്ലാത്തിടത്തും നിരവധി സ്ത്രീകളെയും പുരുഷന്മാരെയും ശുശ്രൂഷിച്ച റുഫൈദാ അല്‍ അസ്‌ലമിയയുടെ ചരിത്രവും ശ്രദ്ധേയമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യത്തെ വനിതാ നേഴ്‌സായി അറിയപ്പെടുന്ന ഇവരുടെ ടെന്റിലായിരുന്നു യുദ്ധത്തില്‍ പരിക്കുപറ്റിയവരെ ചികില്‍സിപ്പിച്ചിരുന്നത്.
ഖന്ദക്ക് യുദ്ധത്തില്‍ പരിക്കേറ്റ സാദ് ബിന് മുആദ് ഇവരുടെ ടെന്റില്‍ ചികിത്സ തേടിയ കഥകളും ചരിത്രത്തില്‍ കാണാം. റുഫൈദാ അല്‍ അസ്‌ലമിയയുടെ പേരില്‍ ബഹറൈന്‍ യൂണിവേഴ്‌സിറ്റിയുടെ റോയല്‍ കോളേജ് ഓഫ് അയര്‍ലാന്‍ഡ് അവാര്‍ഡ് ഏറ്റവും നല്ല നഴ്‌സിന് ഇപ്പോഴും നല്‍കിപ്പോരുന്നു. റുബയ്യ് ബിന്‍ത് മുആവൈദ് അടക്കമുള്ള നിരവധി സ്ത്രീകള്‍ യുദ്ധത്തില്‍ സജീവമായി പങ്കെടുത്തത് യുദ്ധ ചരിത്രം വായിക്കുന്ന ആരുടേയും കണ്ണില്‍ പെടാതെ പോവില്ല. യുദ്ധഭൂമിയില്‍ നബിക്കും കൂട്ടര്‍ക്കും കുടിക്കാനുള്ള വെള്ളവും പോരാടാനുള്ള ആയുധവുമെല്ലാം എത്തിച്ചു കൊടുത്തത് പലപ്പോഴും ഈ സ്ത്രീകളായിരുന്നു.
നന്നേ ചുരുങ്ങിയത് ബുഖാരി, മുസ്‌ലിം ഹദീസ് ശേഖരങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുകയെങ്കിലും ചെയ്താല്‍ മുസ്‌ലിംസ്ത്രീ പ്രവാചകന്റെ കാലത്ത് എല്ലാ മേഖലകളിലും ഇടപെട്ടതിന്റെ ചരിത്രം ലഭിക്കും. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ മാത്രമല്ല യുദ്ധങ്ങളില്‍ വരെ പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ സജീവസാന്നിധ്യം വഹിച്ചതിന്റെ കൃത്യമായ വിവരണങ്ങള്‍ ഈ ഹദീസുകളിലുണ്ട്. അതൊന്നും ഇന്ന് പുരുഷ അധികാര കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കും പോലെ “സ്വകാര്യമായ” ഏര്‍പ്പാടായിരുന്നില്ല എന്നതാണ് സത്യം.
സഹാബിവര്യരില്‍ പ്രമുഖനായ അനസിന്റെ മാതാവ് ഉമ്മു സുലൈം കഠാരയുമായാണ് യുദ്ധത്തില്‍ പങ്കെടുത്തതെന്ന് ബുഖാരി, മുസ്‌ലിം ഇബ്‌നു സാദിന്റെ “തബഖത്ത് ” തുടങ്ങിയ പുസ്തകങ്ങളില്‍ നിന്നും മനസ്സിലാവുന്നു. ഉമ്മു സുലൈം അടക്കമുള്ള ചില സ്ത്രീകള്‍ നബിയോടൊപ്പം യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നെന്നും അവര്‍ വെള്ളമെത്തിക്കുകയും പരിക്കേറ്റവരെ ചികില്‍സിക്കാറുണ്ടായിരുന്നെന്നും അനസ് ബിന്‍ മാലികിനെ ഉദ്ധരിച്ച് ബുഖാരിയും മുസ്‌ലിമും സാക്ഷ്യപ്പെടുത്തുന്നു.
ആയിഷയും ഉമ്മു സുലൈമയും ഉഹുദ് യുദ്ധത്തില്‍ സജീവമായിരുന്നെന്നും സൗകര്യത്തിനായി കാല്‍ ചിലമ്പുകള്‍ വെളിവാകത്തക്ക രീതിയില്‍ അവര്‍ വസ്ത്രം അല്‍പം ഉയര്‍ത്തി വെച്ചിരുന്നെന്നും മറ്റൊരു ഹദീസില്‍ അനസിനെ ഉദ്ധരിച്ച് കൊണ്ട് ബുഖാരിയും മുസ്‌ലിമും പറയുന്നു. ഭടന്മാരുടെ വായില്‍ ഇവര്‍ നേരിട്ട് വെള്ളമൊഴിച്ചു കൊടുക്കാറുണ്ടായിരുന്നു എന്നും ഇതേ ഹദീസ് കൂട്ടിച്ചേര്‍ക്കുന്നു.
ഒരിക്കല്‍ തന്റെ അടുത്തുണ്ടായ ഒരു വസ്ത്രം ഉമ്മു സാലിത്തിന് സമ്മാനമായി നല്‍കിയപ്പോള്‍ കാരണമായി ഉമര്‍ പറഞ്ഞത് അവര്‍ താനടക്കമുള്ള ഭടന്മാര്‍ക്ക് ഉഹുദ് യുദ്ധത്തില്‍ വെള്ളം തന്നിരുന്നെന്നാണ് (ഇതും ബുഖാരിയില്‍ ഉണ്ട്). മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ ഉമ്മു ആത്തിയ എന്ന സ്ത്രീ പറയുന്നത് അവര്‍ പ്രവാചകനോടൊപ്പം 7 യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്. ഭക്ഷണം പാകംചെയ്യലും രോഗികളെയും പരിക്കേറ്റവരെയും ശുശ്രൂഷിക്കുകയുമാണ് താന്‍ ചെയ്തിരുന്നതെന്നും അവര്‍ ഇതേ ഹദീസില്‍ പറയുന്നുണ്ട്.
നബിയുടെ പത്‌നിമാര്‍ക്ക് മാത്രമായി മൂടുപടം നിര്‍ദേശിക്കപ്പെട്ടതിനു ശേഷവും അവര്‍ യുദ്ധത്തില്‍ പങ്കെടുത്തതായും ബുഖാരി പറയുന്നു. യുദ്ധത്തില്‍ നഴ്‌സ്മാരായും പാചകം ചെയ്യുന്നവരായും പരിക്കേറ്റവരുടെ ശരീരങ്ങള്‍ കടത്തുന്നവരായും സ്ത്രീകള്‍ പ്രവര്‍ത്തിച്ചതായി നിരവധി ഹദീസുകള്‍ ബുഖാരിയും മുസ്‌ലിമും അടക്കമുള്ള എല്ലാ ഹദീസ്/ചരിത്ര പുസ്തകങ്ങളിലും ഉണ്ട്.
ഇത് മാത്രമാണോ ഇവര്‍ യുദ്ധത്തില്‍ ചെയ്തിരുന്നത്? ഒരിക്കലുമല്ല. നിര്‍ണായകമായ ഉഹുദ് യുദ്ധത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി നടത്തിയ ഐതിഹാസിക പോരാട്ടത്തിലൂടെ നബിയുടെ ജീവന്‍ രക്ഷിച്ച നുസൈബ ബിന്‍ത് കഅബ് എന്ന സ്ത്രീയുടെ കഥ ഇസ്‌ലാമിക ചരിത്രത്തില്‍ തിളങ്ങുന്ന ഒന്നാണ്. അതെ പോലെ തന്നെയാണ് കല്യാണ വേഷം അഴിച്ചുവെക്കാന്‍ പോലും നേരം കിട്ടാതെ റോമാക്കാരുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത് ശത്രുപക്ഷത്തുള്ള നിരവധി പേരെ കൊന്ന ഉമ്മു ഹകീമിന്റെ കഥയും.
ഇന്ന് വീണ്ടും (വനിതാ) സംവരണ ചര്‍ച്ചകള്‍ സജീവമാവുമ്പോള്‍ വ്യാജഹദീസുകളും കെട്ടുകഥകളും അടിസ്ഥാനമാക്കി വീണ്ടും മുസ്‌ലിംസ്ത്രീയെ അടുക്കളയില്‍ തളച്ചിടാന്‍ നോക്കുകയാണ്. “പിന്തിരിപ്പന്മാരും” “പുരോഗമനവാദികളും” ആയ സാമുദായിക സംഘടനകള്‍ ഒരേ പോലെ ഈ വിഷയങ്ങളില്‍ കൈകോര്‍ക്കുന്നതും ശ്രദ്ധേയം.
സംഘപരിവാര്‍ ആശയങ്ങളെ വരെ കൂട്ട് പിടിച്ച് സംവരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്ന ലേഖനങ്ങളും പ്രസ്താവനകളും കാണിക്കുന്നത് മുസ്‌ലിംസ്ത്രീ അവരുടെ കര്‍തൃത്വം ഏറ്റെടുത്ത് പൊതു രംഗത്തെക്കിറങ്ങുന്നതിലെ ബേജാറാണ്! ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ പോലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചില മതപ്രഭാഷണങ്ങള്‍ ഇക്കാര്യം കൂടുതല്‍ പച്ചക്ക് വെളിവാക്കുന്നുണ്ട്. മുസ്‌ലിംസ്ത്രീകള്‍ തെരുവിലേക്കിറങ്ങാന്‍ പാടില്ലെന്ന് ഇവര്‍ പറയുന്നത് മേല്‍പറഞ്ഞ “ഹദീസും” “പ്രമാണങ്ങളും” ഉദ്ധരിച്ച് കൊണ്ട് തന്നെയാണ്.
ഐസിസിനെ ശക്തമായി തന്നെ എതിര്‍ത്തത് വളരെ നല്ല കാര്യം. പക്ഷേ ഐസിസിന് ബീജം നല്‍കിയ വഹാബിസ്റ്റ് ആശയങ്ങളുടെ ഊര്‍ജ്ജമാണ് ഇത്തരം കള്ള പ്രമാണങ്ങള്‍. ഇവിടെ സംവരണ വിഷയത്തിലെ വിവാദ പ്രസ്താവനകള്‍ ഏറ്റെടുക്കാന്‍ അണികള്‍ ഉണ്ടായില്ലെന്നത് സത്യം. പക്ഷേ പെണ്ണുങ്ങള്‍ തെരുവിലേക്കിറങ്ങാന്‍ പാടില്ലെന്ന് പറയുന്ന മതപ്രഭാഷകര്‍ക്ക് കിട്ടുന്ന സ്വീകാര്യത അവഗണിച്ചിട്ട് കാര്യമില്ല. പുനര്‍വായനകളിലൂടെയും പുനര്‍ വ്യാഖ്യാനങ്ങളിലൂടെയും ഈ വ്യാജ പ്രമാണങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഫത്‌വകളും പ്രഭാഷണങ്ങളുമാണ് അപനിര്‍മിതി തേടുന്നത്. അതിന്റെ അഭാവമാണ് യഥാര്‍ത്ഥ പ്രശ്‌നവും. ഇടയ്ക്കിടെ പൂച്ച പുറത്ത് ചാടുമ്പോള്‍ മാത്രം വിമര്‍ശിച്ചത് കൊണ്ട് കാര്യമില്ല. രോഗലക്ഷണത്തെയല്ല, രോഗത്തെയാണ് ചികിത്സിക്കേണ്ടതെന്നര്‍ത്ഥം !
അവലംബം:
1. ബുഖാരി (ഹദീസ് ശേഖരം)
2. മുസ്‌ലിം (ഹദീസ് ശേഖരം)
3. Muhammed Azad, Reading the Quran
4. Fatema Mernissi, The veil and the male elite : A feminist interpretation of women”s rights in Islam (for details of the Hadith mentioned in the article)
5. ഖുര്‍ആന്‍ ലളിതസാരം (ഷെയ്ക് മുഹമ്മദ് കാരക്കുന്നിന്റെ ഖുര്‍ആന്‍ പരിഭാഷ )
6. ഇമാം കുര്‍ത്തുബിയുടെയും ഇമാം സുയൂത്തിയുടെയും തഫ്‌സീറുകള്‍