ക്വിറ്റിന്ത്യാസമരവും കമ്യൂണിസ്റ്റുകാരും
Communism
ക്വിറ്റിന്ത്യാസമരവും കമ്യൂണിസ്റ്റുകാരും
കെ.ടി. കുഞ്ഞിക്കണ്ണന്‍
Friday, 10th April 2020, 8:12 pm

1945 സപ്റ്റംബറില്‍ കെ.പി.സി.സി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് കേരളത്തില്‍ ആയിരത്തോളം പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും പലരും ജയിലിലടക്കപ്പെടുകയും ചെയ്തുവെന്നാണ്. ഇതില്‍ 650 പേര് മലബാറില്‍ നിന്നായിരുന്നവെന്നും അവരില്‍ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു വെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാക്കി ഭൂപരിക്ഷപേരും സോഷ്യലിസ്റ്റുകളുമായിരുന്നു. എന്നു വെച്ചാല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയ കോണ്‍ഗ്രസുകാരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നെന്ന്.

കെ.പി.സി.സി ആവശ്യപ്പെട്ടപ്രകാരം മലബാര്‍ ഡിസ്ട്രിക് കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാക്കി നല്‍കിയ വിവരമനുസരിച്ചാണ് അന്നത്തെ കെ.പി.സി.സി സെക്രട്ടറി ഇങ്ങനെയൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റ ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ഇപ്പോഴിതൊക്കെ പരതിയെടുത്ത് ഓര്‍മ്മിപ്പിക്കേണ്ടി വന്നിരിക്കുന്നത് കമ്യൂണിസ്റ്റുകാര്‍ ക്വിറ്റിന്ത്യാ സമരത്തെ വഞ്ചിച്ചവരല്ലേ, ഒറ്റുകാരല്ലേയെന്നൊക്കെ ചോദിച്ചു ചില സുഹൃത്തുക്കള്‍ സൈബറിടങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും തങ്ങളുടെ സവര്‍ണ ജന്മിത്വ അശ്ലീലങ്ങള്‍ക്ക് ന്യായം ചമയ്ക്കാനും മിനക്കെട്ടിയിറങ്ങിയിരിക്കുന്നത് കൊണ്ടാണ്.

കമ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ ജനതയുടെ ദേശീയ വിമോചനത്തിനായുള്ള ബ്രിട്ടീഷ് വിരുദ്ധ സമരത്തെയും ലോകത്തെ പിടിച്ചെടുക്കാനിറങ്ങി പുറപ്പെട്ട ഹിറ്റ്‌ലേറിയന്‍ ഫാസിസത്തെയും ഒരേ പോലെ എതിര്‍ത്തും ജനങ്ങളെ അണിനിരത്തിയും മുന്നോട്ട് പോകണമെന്ന നിലപാട് സ്വീകരിച്ചവരാണ്. ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിച്ചാലേ കോളനി രാജ്യങ്ങള്‍ക്കു സ്വാതന്ത്ര്യവും പരമാധികാരവുമുള്ള രാഷ്ട്രങ്ങളായി വിമോചനം നേടാനാവുമെന്നതായിരുന്നു കമ്യൂണിസ്റ്റുകാരുടെ നിലപാട്. യൂറോപ്പിനെ ബാധിച്ച പ്ലേഗ് എന്നാണ് ഫാസിസം വിശേഷിപ്പിക്കപ്പെട്ടത്. മനുഷ്യരാശിയെ ഉന്മൂലനം ചെയ്യുന്ന മഹാമാരി പോലെയായിരുന്നു നാസി ഫാസിസ്റ്റു ഭീകരത.

ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ ജനാധിപത്യ ശക്തികളും രാഷ്ട്രങ്ങളും ഒന്നിച്ചു നില്ക്കണമെന്ന യുദ്ധതന്ത്രമാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും സോവ്യറ്റ് യൂണിയനും സ്വീകരിച്ചത്. ആ നിലപാടിനെ പിന്‍പറ്റിയതായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ നിലപാട്. ഫാസിസത്തിന്റെ തിരോധാനവും രണ്ടാം ലോകയുദ്ധത്തിലെ സഖ്യശക്തികളുടെ വിജയത്തില്‍ സോവ്യറ്റ് യൂണിയനും ചെമ്പടയും വഹിച്ച പങ്ക് തന്നെയാണ് കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യപ്രാപതിക്ക് പ്രധാന കാരണമായി തീര്‍ന്നത്.

1942ല്‍ തന്നെ സി.പി.ഐ കേന്ദ്ര കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നപ്രമേയം പാസാക്കിയിരുന്നു. തങ്ങളുടെ സമീപനം ജനങ്ങളുടെ മുന്നിലെത്തിക്കാനും ശ്രമിച്ചുവെന്നതാണ് ചരിത്രം. കമ്യൂണിസ്റ്റുകാര്‍ക്ക് തങ്ങള്‍ സ്വീകരിച്ച നിലപാട്, സാര്‍വ്വദേശീയ ദേശീയ സാഹചര്യങ്ങള്‍ക്കനുസൃതമായ സമീപനം വേണ്ടത്ര കൃത്യതയോടെ പ്രയോഗപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നോ അതിലവര്‍ക്ക് പാളിച്ചകള്‍ പറ്റിയിരുന്നോ എന്നെല്ലാമുള്ള കാര്യങ്ങള്‍ പരിശോധിക്കാവുന്നതും വിമര്‍ശിക്കാവുന്നതുമാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ തന്നെ ഇക്കാര്യത്തില്‍ ആത്മവിമര്‍ശനപരമായ പരിശോധനകള്‍ നടത്തിയിട്ടുമുണ്ട്. അല്ലാതെ ജീവന്‍ നല്‍കി നാടിന്റെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിനിന്ന, ബ്രിട്ടീഷ് അധികാരത്തിന്റെ സാമൂഹ്യ അടിത്തറയായ ജന്മി നാടുവാഴിത്തത്തെ പിഴുതെറിയണമെന്ന് വിശ്വസിച്ച കമ്യൂണിസ്റ്റുകാരെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റികൊടുത്തവരാക്കി തങ്ങളുടെ എക്കാലത്തെയും ജന്മി ബൂര്‍ഷ സാമ്രാജ്യത്വ സേവക്ക് മറയിടാമെന്ന് ആരും മോഹിക്കേണ്ട.

ലോക സാഹചര്യത്തെയും ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭീഷണിയെയും ലഘൂകരിച്ചു കണ്ട ജന്മി നാടുവാഴിത്ത അടിത്തറയില്‍ നിന്ന് വന്ന കോണ്‍ഗ്രസിലെ ഹിന്ദു നേതാക്കള്‍ (ഹിന്ദുമഹാസഭയിലെ അംഗങ്ങളായ) കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലക്കുള്ള അവസരമായി ക്വിറ്റിന്ത്യാ സമര കാലഘട്ടത്ത ഉപയോഗിക്കുകയായിരുന്നുവെന്നതിന് ചരിത്രം തന്നെ വേണ്ടത്ര തെളിവുകളോടെ നമ്മുടെ മുന്നിലുണ്ട്.

ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒരു വേള ഇത്തരക്കാരുടെ നിലപാടുകള്‍ക്ക് മുമ്പില്‍ വഴങ്ങി കൊടുക്കുകയായിരുന്നുവെന്ന നിര്‍ഭാഗ്യകരമായ അവസ്ഥയുമുണ്ടായി. പില്‍ക്കാലത്ത് ഗാന്ധിയും പി.സി ജോഷിയും തമ്മില്‍ നടന്ന കത്തിടപാടുകളിലൂടെ സംവാദം പരിശോധനാ വിധേയമാക്കുന്ന ഒരാള്‍ക്ക് ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും.

കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ആരോപണങ്ങളെയും ഗാന്ധിജിക്കുള്ള തെറ്റിധാരണകളെയും സംബന്ധിച്ച് പി സി ജോഷി എഴുതിയ കത്തിന് മറുപടിയായി ഗാന്ധിജി എഴുതി;’നിങ്ങളുടെ യോഗ്യത എനിക്കറിയാം. വളരെ സമര്‍ത്ഥരായ യുവതീയുവാക്കള്‍ നിങ്ങളുടെ സ്വാധീനതയിലുണ്ട്. അസാമാന്യമായ ഓജസ്സും നിങ്ങളുടെ പാര്‍ടിക്കുണ്ട്. അവര്‍ അച്ചടക്കമുള്ളവരാകാം. ഇതെല്ലാം ഞാന്‍ വിലമതിക്കുന്ന കാര്യങ്ങള്‍ തന്നെ.

നിങ്ങള്‍ക്കെതിരായി ബാബു മനോരഞ്ജന്‍ ചൗധരി, ബവാഡയിലെ കാലേശ്വരറാവു എന്നിവര്‍ പല ആരോപണങ്ങളും ഉന്നയിച്ചത് പരിശോധിക്കേണ്ടി വന്നത് കൊണ്ടാണ് മറുപടിക്ക് താമസിച്ചു പോയത്. ഇഫ്ത്തിക്കാറുദ്ദീന്‍, ഷൗക്കത്ത് അന്‍സാരി എന്നിവരെ എനിക്ക് നല്ല പരിചയമുണ്ട്. അവര്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് പരിമിതമായ വിലയേ എനിക്ക് കാല്പിക്കാനാവൂ എന്ന് ധരിച്ചാല്‍ മതി’.

ഗാന്ധിജി ഇവിടെ സൂചിപ്പിക്കുന്ന ചൗധരിയും കാലേശ്വരറാവുമെല്ലാം കോണ്‍ഗ്രസിലെ സവര്‍ണ്ണ ഹിന്ദുത്വ പ്രതിനിധികളും ഹിന്ദുമഹാസഭക്കാരുമായിരുന്നു. കമ്യൂണിസ്റ്റുകാരെ കുറിച്ച് കാലേശ്വരറാവു ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്  ‘കേളപ്പന്‍ എന്ന മഹാ മനുഷ്യന്‍ ‘ എന്ന പുസ്തകത്തില്‍ ജീവചരിത്രകാരന്‍ സി.കെ മുസത് ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്.
കമ്യൂണിസ്റ്റുകാര്‍ രക്തദാഹികളും ലൈംഗികാഭാസന്മാരാണെന്നും അവരുടെ കമ്യൂണുകളില്‍ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ജീവിത മൂല്യങ്ങളെ ഇല്ലാതാക്കുന്ന മത്സ്യ മാംസഭക്ഷണമാണെന്നൊക്കെയാണ് റിപ്പോര്‍ട്ടില്‍ എഴുതി പിടിപ്പിച്ചത്.

ചരിത്രം ശരിയായി പരിശോധിച്ചാല്‍ ഇത്തരം ദുരാരോപണങ്ങളുടെ നിജസ്ഥിതി ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ഹിറ്റ്‌ലരുടെ ഇന്ത്യന്‍ ആരാധകരാണ് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലക്ക് ആവേശം കാണിച്ചതെന്ന് അനുമാനിക്കാനാവശ്യമായ അനിഷേധ്യമായ തെളിവുകള്‍ ഉണ്ട് താനും. സവര്‍ണ്ണജന്മിത്വ അടിത്തറയില്‍ നിന്നുവന്ന കോണ്‍ഗ്രസ് നേതാക്കളത് ഏറ്റു പിടിക്കയായിരുന്നു.

ചരിത്രത്തെ അര്‍ദ്ധസത്യങ്ങളും നുണകളും കൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധമാക്കാമെന്ന ഇന്ത്യന്‍ വലതുപക്ഷത്തിന്റെ ഗൂഢാലോചനയിലാണ് ക്വിറ്റിന്ത്യസമര കാലത്ത് കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ച നിലപാടുകള്‍ തെറ്റിധരിപ്പിക്കപ്പെട്ടതെന്ന കാര്യം വേണ്ടത്ര പരിശോധിക്കപ്പെടാതെ പോയതാണ്. 1940തുകളിലെ സാര്‍വ്വദേശീയ ദേശീയ സാഹചര്യങ്ങളെ വിലയിരുത്തി കൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ ഗാന്ധിജിയും കോണ്‍ഗ്രസും ക്വിറ്റിന്ത്യാ പ്രമേയം കൊണ്ടുവന്നത് അനുചിതമാണെന്ന വിമര്‍ശനം മുന്നോട്ട് വെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിറ്റ്‌ലറും മുസോളിനിയും ജപ്പാനുമായി ചേര്‍ന്ന് ലോകത്തെയാകെ ഫാസിസ്റ്റ് വാഴ്ചക്ക് കീഴില്‍ കൊണ്ടുവരാനുള്ള രണ്ടാം ലോകയുദ്ധമാരംഭിക്കുകയും അതിനെതിരെ ബ്രിട്ടനുള്‍ക്കൊള്ളുന്ന സഖ്യശക്തികള്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തെപരിഗണിക്കാതെയാണ് ക്വിറ്റ് ഇന്ത്യസമരത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയതെന്ന വിമര്‍ശനമാണല്ലോ കമ്യൂണിസ്റ്റുകാര്‍ പ്രധാനമായും മുന്നോട്ട് വെച്ചത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലര്‍ നേതൃത്വം നല്‍കുന്ന ജര്‍മ്മന്‍ചേരി ജയിക്കുമെന്ന തെറ്റായ വിലയിരുത്തലായിരുന്നു സുഭാഷ് ബോസു മുതല്‍ ഗാന്ധിജി വരെ വെച്ചുപുലര്‍ത്തിയിരുന്നത്. അങ്ങനെ ബ്രിട്ടന്‍ ഇന്ത്യ വിട്ടു പോകേണ്ട സാഹചര്യം സംജാതമായേക്കുമെന്നും ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്നും ദേശാഭിമാനികളായ പലരും കണക്കുകൂട്ടി. പക്ഷെ കമ്യുണിസ്റ്റുകാര്‍ ഫാസിസത്തിന്റെ വിജയം ബ്രിട്ടന് പകരം ഇന്ത്യയെ നാസി ജര്‍മ്മനിയുടെ കോളനിയാക്കുമെന്ന ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള നിലപാടാണ് സ്വീകരിച്ചത്. ആ മഹാ ആപത്തില്‍ നിന്ന് ലോകത്തെയും ഇന്ത്യയെയും രക്ഷിക്കണമെന്നാണ് കമ്യൂണിസ്റ്റുകാര്‍ ചിന്തിച്ചത്. പിന്നീട് ചരിത്രം അത് ശരി വെക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍