ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരം ആരംഭിച്ചിരിക്കുകയാണ്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടേറേഴ്‌സ് സ്റ്റേഡിയമാണ് അഞ്ചാം ഏകദിനത്തിന് വേദിയാകുന്നത്.
പരമ്പരയിലെ ആദ്യ നാല് മത്സരം അവസാനിച്ചപ്പോള്‍ 2-2 എന്ന നിലയില്‍ ഇരുടീമുകളും സമനില പാലിച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം എന്നതിനാല്‍ ഇരുടീമിനെ സംബന്ധിച്ചും ഈ മത്സരം ഏറെ പ്രധാനപ്പെട്ടതാണ്.
സൗത്ത് ആഫ്രിക്കയെ സംബന്ധിച്ച് ഈ മത്സരം ഏറെ വൈകാരികവുമാണ്. പ്രോട്ടീസ് സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക് അവസാനമായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്ന മത്സരമാണിത്. അത് നടക്കുന്നതാകട്ടെ ഡി കോക്ക് കളിച്ചുവളര്‍ന്ന ജോഹനാസ്‌ബെര്‍ഗിലും.
ലോകകപ്പിന് പിന്നാലെ താന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് ഡി കോക്ക് പ്രഖ്യാപിച്ചിരുന്നു. ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ആ വിരമിക്കല്‍ പ്രഖ്യാപനം കേട്ടത്. ഇനിയും ഒരുപാട് ക്രിക്കറ്റ് മുമ്പിലുള്ള ഡി കോക്കിന്റെ ആ പ്രഖ്യാപനം ഒരു ക്രിക്കറ്റ് ആരാധകനും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതായിരുന്നു.
ഇക്കാരണത്താല്‍ തന്നെ സീരീസ് ഡിസൈഡര്‍ മത്സരം ഡി കോക്കിന് വേണ്ടി വിജയിക്കണം എന്ന വാശിയാണ് പ്രോട്ടീസിനുണ്ടാവുക.
തന്റെ മണ്ണിലെ അവസാന മത്സരമാണ് കളിക്കാനിറങ്ങുന്നതെന്ന സത്യം ഡി കോക്കിനെയും പിടിച്ചുലയ്ക്കുന്നുണ്ട്. മത്സരത്തിന് മുമ്പ് ഏറെ വൈകാരികമായാണ് ഡി കോക്ക് കാണപ്പെട്ടത്.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്ക ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ക്യാപ്റ്റന്‍ തെംബ ബാവുമയെ തുടക്കത്തിലേ നഷ്ടപ്പെട്ട പ്രോട്ടീസ് ആദ്യമൊന്ന് പതറിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരികയാണ്.
രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ പൂജ്യത്തിന് റണ്‍ ഔട്ടായി ബാവുമ മടങ്ങിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തിരുന്നത്.
സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ അവസാന മത്സരത്തില്‍ 39 പന്തില്‍ നിന്നും നാല് ബൗണ്ടറിയുടെ അകമ്പടിയോടെ 27 റണ്‍സാണ് ഡി കോക്ക് നേടിയത്. നഥാന്‍ എല്ലിസിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഡി കോക്ക് പുറത്തായത്.
ഇവര്‍ക്ക് പുറമെ റാസി വാന്‍ ഡെര്‍ ഡുസന്റെ വിക്കറ്റും സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി. 48 പന്തില്‍ നിന്നും 30 റണ്‍സ് നേടി നില്‍ക്കവെ ഷോണ്‍ അബോട്ടിന്റെ പന്തില്‍ മാര്‍നസ് ലബുഷാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നിലവില്‍ 23 ഓവര്‍ പിന്നിടുമ്പോള്‍ സൗത്ത് ആഫ്രിക്ക 102ന് മൂന്ന് എന്ന നിലയിലാണ്. 12 പന്തില്‍ ആറ് റണ്‍സുമായി ഹെന്റിച്ച് ക്ലാനും 38 പന്തില്‍ 37 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവുമാണ് ക്രീസില്‍.
Content Highlight: Quinton de Kock to play his final match in South Africa