2023 ലോകകപ്പില്‍ തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ക്വിന്റണ്‍ ഡി കോക്ക് ചരിത്രം കുറിച്ചിരിക്കുന്നത്. ഈ ലോകകപ്പിലെ 23ാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഡി കോക്ക് സെഞ്ച്വറി നേടിയത്.
140ാം പന്തില്‍ 174 റണ്‍സാണ് ഡി കോക്ക് നേടിയത്. 15 ബൗണ്ടറിയും ഏഴ് സിക്‌സറുമായിരുന്നു പ്രോട്ടീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പേരില്‍ കുറിക്കപ്പെട്ടത്. 124.29 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഡി കോക്ക് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ലോകകപ്പിന്റെ ചരിത്രം കൂടിയാണ് താരം തിരുത്തിക്കുറിച്ചത്. ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ഡി കോക്ക് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.
ഇതിന് പുറമെ ലോകകപ്പ് മത്സരത്തില്‍ 150 മാര്‍ക് പിന്നിടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും ഡി കോക്ക് സ്വന്തമാക്കി.
2007ല്‍ ആദം ഗില്‍ക്രിസ്റ്റ് കുറിച്ച 149 റണ്‍സായിരുന്നു ഇതുവരെ റെക്കോഡ് പുസ്തകത്തില്‍ ഒന്നാമതായി തുടര്‍ന്നത്.
ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
(താരം – രാജ്യം – റണ്‍സ് – എതിരാളികള്‍ വര്‍ഷം എന്നീ ക്രമത്തില്‍)
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 174 – ബംഗ്ലാദേശ് – 2023
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 149 – ശ്രീലങ്ക – 2007
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 145 – ശ്രീലങ്ക – 1999
ഡേവിഡ് ഹൗട്ടണ്‍ – സിംബാബ്‌വേ – 142 – ന്യൂസിലാന്‍ഡ് – 1987
ബ്രെന്‍ഡന്‍ ടെയ്‌ലര്‍ – സിംബാബ്‌വേ – 138 – ഇന്ത്യ – 2015
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 134 – നെതര്‍ലന്‍ഡ്‌സ് – 2011
അതേസമയം, ഡി കോക്കിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.
ഡി കോക്കിന് പുറമെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പ്രോട്ടീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
മര്‍ക്രം 69 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 49 പന്തില്‍ 90 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും ആഞ്ഞടിച്ചതോടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. 15 പന്തില്‍ നിന്നും പുറത്താകാതെ 34 റണ്‍സാണ് മില്ലര്‍ നേടിയത്. നാല് സിക്‌സറും ഒരു ബൗണ്ടറിയുമാണ് മില്ലര്‍ അടിച്ചുകൂട്ടിയത്.
ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്ദി ഹസന്‍, ഷാകിബ് അല്‍ ഹസന്‍, ഷോരിഫുള്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
383 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഏഴ് റണ്‍സ് എന്ന നിലയിലാണ്.
Content Highlight: Quinton de Kock surpassed Adam Gilchrist in highest individual score by a wicket keeper in world cup