| Monday, 24th October 2022, 10:56 pm

മഴ കൊണ്ടുപോയ മത്സരത്തില്‍ റെക്കോഡ് നേടാന്‍ സാധിക്കുമോ സക്കീര്‍ ഭായിക്ക്, അവന് പറ്റും, ഒന്നല്ല മൂന്ന് റെക്കോഡ്; തരംഗമായി ഡി കോക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഒമ്പത് ഓവറാക്കി ചുരുക്കിയ മത്സരം തടസപ്പെടുത്താന്‍ തുടരെ തുടരെ മഴയെത്തിയതോടെയാണ് കളി ഉപേക്ഷിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ് വേ നായകന്‍ ക്രെയ്ഗ് എര്‍വിന്റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തിലേ കണ്ടത്. വെയ്ന്‍ പാര്‍ണലിന്റെ പന്തില്‍ എര്‍വിന്‍ തന്നെയായിരുന്നു ആദ്യം പുറത്തായത്. ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഓപ്പണര്‍ റെഗിസ് ചക്കാബ്‌വക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒരു സിക്‌സര്‍ മാത്രമടിച്ച് എട്ട് റണ്‍സോട് ചക്കാബ്‌വയും പുറത്തായി.

ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട് നാലാമനായി ഇറങ്ങിയ സിക്കന്ദര്‍ റാസയും സമ്പൂര്‍ണ പരാജയമായി. രണ്ട് പന്തില്‍ പൂജ്യനായി റാസയും മടങ്ങിയതോടെ 12 റണ്‍സിന് മൂന്ന് എന്ന നിലയില്‍ സിംബാബ്‌വേ പരുങ്ങി.

19ാം റണ്‍സില്‍ നാലാം വിക്കറ്റും വീണതോടെ കളി സിംബാബ്‌വേയുടെ തയ്യില്‍ നിന്നും വഴുതി പോകുകയാണെന്ന് തോന്നിയിരുന്നു.

എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ വെസ്‌ലി മധവീരയുടെ ചെറുത്തുനില്‍പ്പ് ഷെവ്‌റോണ്‍സിന് തുണയായി. 18 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറുമായി 35 റണ്‍സാണ് താരം നേടിയത്. ആറാമന്‍ മില്‍ട്ടണ്‍ ഷുംബ 19 പന്തില്‍ നിന്നും 18 റണ്‍സ് നേടി.

എക്‌സ്ട്രാസ് ഇനത്തില്‍ 15 റണ്‍സാണ് സിംബാബ്‌വേ നേടിയത്. രണ്ട് റണ്‍സ് വൈഡില്‍ നിന്നും ഏഴ് റണ്‍സ് ലെഗ് ബൈയില്‍ നിന്നും ഒരു റണ്‍ ബൈ ആയും ലഭിച്ചപ്പോള്‍ പെനാല്‍ട്ടിയുടെ രൂപത്തില്‍ അഞ്ച് റണ്‍സും സിംബാബ്‌വേക്ക് ലഭിച്ചു.

ഇതോടെ ഒമ്പത് ഓവറില്‍ 75 എന്ന നിലയില്‍ ഷെവ്‌റോണ്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

അതേസമയം, വീണ്ടും മഴയെത്തിയതോടെ ഏഴ് ഓവറില്‍ 64 ആയി ടാര്‍ഗെറ്റ് ചുരുങ്ങി.

എന്നാല്‍, ക്വിന്റണ്‍ ഡി കോക്ക് ആക്രമിച്ചു കളിക്കാന്‍ തന്നെയായിരുന്നു തീരുമാനിച്ചത്. ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ട് തുടങ്ങിയ ഡി കോക്ക് 18 പന്തില്‍ നിന്നും 47 റണ്‍സാണ് നേടിയത്.

മൂന്ന് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എന്ന നിലിയിലായിരുന്നു പ്രോട്ടീസ്. എന്നാല്‍ രസംകൊല്ലിയായി വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

അതേസമയം, മത്സരം ഉപേക്ഷിച്ചെങ്കിലും ഇതിനോടകം തന്നെ മൂന്ന് റെക്കോഡുകള്‍ ഡി കോക്ക് തന്റെ പേരിലാക്കിയിരുന്നു.

ടി-20യില്‍ ആദ്യ ഓവറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, രണ്ടാം ഓവറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, മൂന്നാം ഓവറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്നീ റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഓവറില്‍ 23 റണ്‍സായിരുന്നു ഡി കോക്കിനുണ്ടായിരുന്നത്. രണ്ടാം ഓവര്‍ ആയപ്പോഴേക്കും 39 റണ്‍സായും മൂന്നാം ഓവറിന് ശേഷം 47 ആയും റണ്‍സ് ഉയര്‍ത്താന്‍ താരത്തിനായി.

മത്സരം ഉപേക്ഷിച്ചതിനാല്‍ രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.

സൂപ്പര്‍ 12ല്‍ ഒക്ടോബര്‍ 27നാണ് ഇരു ടീമുകളുടെയും അടുത്ത മത്സരം. സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിനെ നേരിടുമ്പോള്‍ പാകിസ്ഥാനാണ് സിംബാബ്‌വേയുടെ എതിരാളികള്‍.

Content highlight: Quinton De Kock registers 3 world records in the match against Zimbabwe

We use cookies to give you the best possible experience. Learn more