ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. നസാവു കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് പട 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
🇿🇦 win in New York 👏
A gritty 59* from David Miller guides them to their second victory in the #T20WorldCup 2024 🔥#NEDvSA pic.twitter.com/BvPx0lhBCQ
— T20 World Cup (@T20WorldCup) June 8, 2024
സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 12 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ ആണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്. ഒടുവില്‍ ഡേവിഡ് മില്ലറിന്റെ മികച്ച ഇന്നിങ്സ് ആണ് സൗത്ത് ആഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
51 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടി കൊണ്ടായിരുന്നു മില്ലര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്ന് ഫോറുകളും നാല് സിക്സുകളുമാണ് മില്ലറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
എന്നാല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ഒരു പന്ത് പോലും നേരിടാതെ പുറത്താവുകയായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന ഡി കോക്ക് റണ്‍ ഔട്ട് ആവുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സ് താരം പോള്‍ വാന്‍ മീകരന്‍ ആണ് ഡി കോക്കിനെ പുറത്താക്കിയത്.
ഇതിന് പിന്നാലെ ടി-20 യില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്നും പുറത്താവുന്ന രണ്ടാമത്തെ താരമായി മാറാന്‍ ഡി കോക്കിന് സാധിച്ചു. ഇതിനുമുമ്പ് 2018ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ താരം ഷാഹിബ്‌സദയാണ് ഇതേപോലെ ആദ്യമായി ടി-20യില്‍ പുറത്തായ താരം.
അതേസമയം സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ ഒറ്റ്നീല്‍ ബാര്‍ട്ട്മാന്‍ നാല് വിക്കറ്റും മാര്‍ക്കോ ജാന്‍സണ്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. 45 പന്തില്‍ 40 റണ്‍സ് നേടിയ സിബ്രാന്‍ഡ് എങ്കല്‍ബ്രക്റ്റ് ആണ് ഓറഞ്ച് പടയുടെ ടോപ് സ്‌കോറര്‍.
ജയത്തോടെ ഗ്രൂപ്പ് ഡി യില്‍ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. ജൂണ്‍ 10ന് ബംഗ്ലാദേശിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. നസാവു കൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Quinton de Kock Rare Run out Against Netherlands