2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് സൗത്ത് ആഫ്രിക്ക തങ്ങളുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു സൗത്ത് ആഫ്രിക്കുടെ പരാജയം. ഇത് നാലാം തവണയാണ് പ്രോട്ടിയാസ് സെമി ഫൈനല്‍ മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ അവസാന ഏകദിന മത്സരം എന്ന നിലയിലായിരിക്കും ക്രിക്കറ്റ് ആരാധകര്‍ ഈ മത്സരം ഇനിയെന്നും ഓര്‍ത്തുവെക്കുക.
ഈ ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുമെന്ന് പ്രഖ്യാപിച്ച ഡി കോക്കിനെ കിരീടം ചൂടിച്ച് യാത്രയാക്കണമെന്ന സൗത്ത് ആഫ്രിക്കന്‍ ടീമിന്റെ ആഗ്രഹവും ഇതോടെ ബാക്കിയായി.
തന്റെ അവസാന ലോകകപ്പില്‍ അവിശ്വസനീയമായ പ്രകടനമാണ് ഡി കോക്ക് പുറത്തെടുത്തത്. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് താരം ഈ ലോകകപ്പിനോട് വിട പറയുന്നത്.
പത്ത് മത്സരത്തില്‍ നിന്നും നാല് സെഞ്ച്വറിയുമായി 594 റണ്‍സാണ് ഡി കോക്ക് സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ സൗത്ത് ആഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 59.40 എന്ന ശരാശരിയിലും 107.02 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് ഡി കോക്ക് റണ്ണടിച്ചുകൂട്ടിയത്.
ഇതിന് പിന്നാലെ പല റെക്കോഡുകളും ഡി കോക്ക് തന്റെ പേരില്‍ കുറിച്ചിരുന്നു. ഒരു ലോകകപ്പില്‍ മൂന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരം, ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരം, ഏക സൗത്ത് ആഫ്രിക്കന്‍ താരം, ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നുതുടങ്ങി നിരവധി റെക്കോഡുകളാണ് ഡി കോക്ക് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
കുമാര്‍ സംഗക്കാരയെ മറികടന്നുകൊണ്ടാണ് ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടം ഡി കോക്ക് സ്വന്തമാക്കിയത്.
2015 ലോകകപ്പിലെ ഏഴ് ഇന്നിങ്സില്‍ നിന്നും 108.20 എന്ന ശരാശരിയിലും 105.87 എന്ന സ്ട്രൈക്ക് റേറ്റിലും സംഗ നേടിയ 541 റണ്‍സിന്റെ റെക്കോഡാണ് 2023ല്‍ ഡി കോക്ക് തന്റെ പേരില്‍ മാറ്റിയെഴുതിയത്.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് എന്ന റെക്കോഡ് ഈ ലോകകപ്പിന് തൊട്ടുമുമ്പ് വരെ പ്രോട്ടിയാസ് ഇതിഹാസ താരം ജാക്വസ് കാല്ലിസിന്റെ പേരിലായിരുന്നു. 2007 ലോകകപ്പ് മുതല്‍ കാല്ലിസിന്റെ 485 റണ്‍സായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
ഒരു ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – റണ്‍സ് – ലോകകപ്പ് എന്നീ ക്രമത്തില്‍)
ക്വിന്റണ്‍ ഡി കോക്ക് – 594 – 2023
ജാക്വസ് കാല്ലിസ് – 485 – 2007
എ.ബി. ഡി വില്ലിയേഴ്സ് – 482 – 2015
ഗ്രെയം സ്മിത് – 443 – 2007
പീറ്റര്‍ ക്രിസ്റ്റണ്‍ – 410 – 1992
മികച്ച പ്രകടനം പുറത്തെടുത്തിട്ടും കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ താരങ്ങള്‍ക്കൊപ്പം ഇനി ഡി കോക്കിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടും. നിരവധി മഹാരഥന്‍മാര്‍ കളിച്ചിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ജേഴ്‌സിയില്‍ നിന്നും മറ്റൊരു സുവര്‍ണ താരം കൂടി പടിയിറങ്ങുമ്പോള്‍ നഷ്ടം സൗത്ത് ആഫ്രിക്കക്കും ക്രിക്കറ്റ് ആരാധകര്‍ക്കും മാത്രമാണ്.
വളരെ നേരത്തൊണ് ഡി കോക്കിന്റെ ഈ വരമിക്കല്‍. 30ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട ചൊല്ലി പടിയിറങ്ങുമ്പോഴും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. കാലം അവരുടെ ആഗ്രഹം സഫലമാക്കുമോ? കാത്തിരിക്കാം…
Content Highlight: Quinton de Kock plays his last ODI match against Australia