എ.ബി. ഡി വില്ലിയേഴ്‌സിനും ഡു പ്ലെസിസിനും ശേഷം ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് ഡി കോക്ക്
Sports News
എ.ബി. ഡി വില്ലിയേഴ്‌സിനും ഡു പ്ലെസിസിനും ശേഷം ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് ഡി കോക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd April 2024, 12:34 pm

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ലഖ്നൗവിന് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ലഖ്നൗവിനുവേണ്ടി മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്കും കെ.എല്‍. രാഹുലും നല്‍കിയത്. 56 പന്തില്‍ അഞ്ച് സിക്സറും 8 ബൗണ്ടറിയും ഉള്‍പ്പെടെ 81 റണ്‍സ് ആണ് ഡി കോക്ക് അടിച്ചെടുത്തത്. മികച്ച രീതിയില്‍ ആക്രമിച്ച് കളിച്ച ടീമിനെ കൂറ്റന്‍ ടോട്ടലില്‍ എത്തിച്ചപ്പോള്‍ ഈ സൗത്ത് ആഫ്രിക്കന്‍ താരത്തെ തേടി ഒരു കിടിലന്‍ റെക്കോഡും വന്നിരിക്കുകയാണ്.

എ.ബി. ഡിവില്ലിയേഴ്‌സിനും ഫാഫ് ഡു പ്ലെസിസിനും ശേഷം ഐ.പി.എല്ലില്‍ 3000+ റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമാകാനാണ് ക്വിന്റണ്‍ ഡി കോക്കിന് സാധിതച്ചത്.

ഐ.പി.എല്ലില്‍ 3,000+ റണ്‍സ് തികയ്ക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരം, ഇന്നിങ്‌സ്, റണ്‍സ്

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 5162

ഫാപ് ഡു പ്ലെസിസ് – 126 – 4179

ക്വിന്റണ്‍ ഡി കോക്ക് – 99 – 3046*

ഡേവിഡ് മില്ലര്‍ – 118 – 2791

ജാക് കാലിസ് – 96 – 2427

മത്സരത്തില്‍ രാഹുല്‍ 20 റണ്‍സിന് പുറത്തായെങ്കിലും ശേഷം ഇറങ്ങിയ മധ്യനിര ബാറ്റര്‍ നിക്കോളാസ് പൂരന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

21 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒരു ഫോറും അടക്കം 40 റണ്‍സാണ് പൂരന്‍ നേടിയത്. 190.48 എന്ന സ്ട്രൈക്ക് റേറ്റില്‍ പുറത്താകാതെ അവസാനത്തെ രണ്ട് ഓവറിലാണ് താരം അഞ്ചു സിക്സറുകളും പറത്തിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 15 പന്തില്‍ നിന്ന് 24 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഇതോടെ പോയിന്റ് ടേബിള്‍ ആര്‍.സി.ബി ഒമ്പതാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആറു പോയിന്റോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും അവസാനം പോയിന്റുകള്‍ ഒന്നുമില്ലാതെ മുംബൈ ഇന്ത്യന്‍സ് അവസാനവുമാണ് ഉള്ളത്.

 

 

Content Highlight: Quinton De Kock In Record Achievement