പത്ത് റണ്‍സ് കൂടിയെടുത്തിരുന്നെങ്കില്‍... ലോകകപ്പ് റെക്കോഡ് നേടിയിട്ടും ഏകദിന റെക്കോഡ് കൈവിട്ടു
icc world cup
പത്ത് റണ്‍സ് കൂടിയെടുത്തിരുന്നെങ്കില്‍... ലോകകപ്പ് റെക്കോഡ് നേടിയിട്ടും ഏകദിന റെക്കോഡ് കൈവിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th October 2023, 9:50 pm

2023 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ഡി കോക്ക് സ്വന്തമാക്കിയത്.

140 പന്തില്‍ നിന്നും 174 റണ്‍സാണ് ഡി കോക്ക് ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്. 2007ല്‍ ഓസീസ് സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ് നേടിയ 149 റണ്‍സിന്റെ റെക്കോഡും ഇതോടെ പഴങ്കഥയായി. ഇതിന് പുറമെ ലോകകപ്പിന്റെ ചരിത്രത്തില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡും ഡി കോക്ക് സ്വന്തമാക്കിയിരുന്നു.

ലോകകപ്പിലെ എതിഹാസിക റെക്കോഡ് സ്വന്തമാക്കിയെങ്കിലും ഏകദിനത്തില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ഡി കോക്കിന് സാധിച്ചിരുന്നില്ല.

2005ല്‍ ശ്രീലങ്കക്കെതിരെ എം.എസ്. ധോണി നേടിയ 183* റണ്‍സാണ് ഈ പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നത്. 145 പന്തില്‍ നിന്നുമാണ് ധോണി 183 റണ്‍സടിച്ചത്. അന്ന് ധോണിയുടെ ബാറ്റിങ് മികവില്‍ ആറ് വിക്കറ്റിന് ഇന്ത്യ ലങ്കയെ തോല്‍പിക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിന് ഏഴ് വര്‍ഷം മുമ്പ് ഡി കോക്ക് ഈ നേട്ടത്തിന് തൊട്ടടുത്തെത്തിയിരുന്നു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 178 റണ്‍സ് നേടി നില്‍ക്കവെ താരം പുറത്താവുകയായിരുന്നു. അന്ന് ആറ് റണ്‍സിന് നഷ്ടപ്പെട്ട റെക്കോഡ് ഇന്ന് പത്ത് റണ്‍സിനും നഷ്ടപ്പെട്ടിരിക്കുകയാണ്.

ഏകദിനത്തില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവുമയര്‍ന്ന വ്യക്തിഗത സ്‌കോര്‍

(താരം – രാജ്യം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – ഇന്ത്യ – 183* – ശ്രീലങ്ക – 2005

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 178 – ഓസ്‌ട്രേലിയ – 2016

ലിട്ടണ്‍ ദാസ് – ബംഗ്ലാദേശ് – 176 – സിംബാബ്‌വേ – 2020

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 174 – 2023

ജെ.എസ്. മല്‍ഹോത്ര – യു.എസ്.എ – 173* – പപ്പുവ ന്യൂഗിനിയ – 2021

2023 ലോകകപ്പില്‍ ഡി കോക്കിന്റെ മൂന്നാം സെഞ്ച്വറിയാണ്. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരം എന്ന റെക്കോഡും ഡി കോക്ക് സ്വന്തമാക്കിയിരുന്നു.

 

ശ്രീലങ്കക്കെതിരെയായിരുന്നു ഈ ലോകകപ്പില്‍ ഡി കോക്കിന്റെ ആദ്യ സെഞ്ച്വറി. 84 പന്തില്‍ നിന്നും നൂറ് റണ്‍സ് നേടിയാണ് ഡി കോക്ക് പുറത്തായത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ 106 പന്തില്‍ 109 റണ്‍സടിച്ച ഡി കോക്ക് ബംഗ്ലാദേശിനെതിരെ 140 പന്തില്‍ 174 റണ്‍സും നേടി.

ഈ ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ ഒരുങ്ങുന്ന ഡി കോക്കിനായി കിരീടം നേടാന്‍ തന്നെയാണ് പ്രോട്ടീസ് ഒരുങ്ങുന്നത്.

 

 

Content Highlight: Quinton de Kock falls short of the record for highest run-scorer by a wicketkeeper in ODIs