| Saturday, 27th January 2024, 9:46 am

ഫോമില്ലെന്നല്ലെ പറഞ്ഞത്, ഇപ്പൊ എങ്ങനെ ഇരിക്കണ്; ഡി കോക്ക് താണ്ഡവം തുടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന എസ്.എ20 മത്സരത്തില്‍ പാള്‍ റോയല്‍സിനെതിരെ ടര്‍ബന്‍ സൂപ്പര്‍ ജെയ്ന്റ്‌സ് 57 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബോളണ്ട് പാര്‍ക്കില്‍ ടോസ് നേടിയ ഡര്‍ബന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ആണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാള്‍ റോയല്‍സ് 19.3 ഓവറില്‍ 133 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഡര്‍ബന്‍സിന്റെ വിജയത്തിന് നിര്‍ണായകമായത് ക്വിന്റണ്‍ ഡി. കോക്ക് ആണ്. ഓപ്പണിങ് തകര്‍ച്ചക്ക് ശേഷം ജെ.ജെ. സ്മര്‍ട്ട്‌സ് 39 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 52 റണ്‍സ് നേടിയപ്പോള്‍ ടീമിന്റെ രക്ഷകനാവുകയായിരുന്നു ഡി കോക്ക്. 51 പന്തില്‍ അഞ്ച് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെയാണ് താരം 83 റണ്‍സ് നേടിയത്. 162.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. കുറച്ച് കാലമായി താരത്തിന് ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഇപ്പോള്‍ ഈ പ്രകടനത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തുകയാണ് ഡി കോക്ക്.

ഡി കോക്കിന് പുറമേ ഹെന്‍ട്രിച്ച് ക്ലാസിന്റെ കൗണ്ടര്‍ സ്‌ട്രൈക്കും ശ്രദ്ധേയമായിരുന്നു. കേവലം ഒമ്പത് പന്തില്‍ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും അടക്കം 30 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 333.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

മറുപടി ബാറ്റിങ്ങില്‍ പാള്‍ റോയല്‍സിന് വേണ്ടി ജോസ് ബട്ട്‌ലര്‍ 36 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിന് മൂന്ന് റണ്‍സിനാണ് പുറത്താകേണ്ടി വന്നത്. ഡര്‍ബണ്‍ ബൗളിങ് നിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസിന് മൂന്നു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ രീസി ടോപ്ലെ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Quinton De Kock Comeback Against Paal Royals

We use cookies to give you the best possible experience. Learn more