തന്റെ അവസാന ലോകകപ്പ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താനൊരുങ്ങുകയാണ് സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക്. 2023 ലോകകപ്പിലെ 32ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെയാണ് ഡി കോക്ക് ചരിത്രത്തിന്റെ ഭാഗമായത്.
116 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പടെ 114 റണ്‍സാണ് ഡി കോക്ക് നേടിയത്. ഈ ലോകകപ്പിലെ താരത്തിന്റെ നാലാം സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല നേട്ടങ്ങളും ഡി കോക്കിനെ തേടിയെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കക്കായി ഒരു ലോകകപ്പില്‍ നിന്നും 500 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റര്‍ എന്ന റെക്കോഡും ഏക ബാറ്റര്‍ എന്ന റെക്കോഡും ഡി കോക്ക് സ്വന്തമാക്കി.
ഇതിനൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന പ്രോട്ടീസ് താരം എന്ന റെക്കോഡും സ്വാഭാവികമായി ഡി കോക്കിനെ തേടിയെത്തി.
ഏഴ് ഇന്നിങ്‌സില്‍ നിന്നും 545 റണ്‍സാണ് ഡി കോക്ക് നേടിയത്. 2007ല്‍ ഇതിഹാസ താരം ജാക്വസ് കാല്ലിസ് നേടിയ 485 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ ഡി കോക്ക് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്. ഈ ലോകകപ്പില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കവെയാണ് ഡി കോക്കിന്റെ തേരോട്ടം തുടരുന്നത്.
ഇതിന് പുറമെ ഇതിഹാസ വിക്കറ്റ് കീപ്പറും ലങ്കന്‍ ലെജന്‍ഡുമായ കുമാര്‍ സംഗക്കാരയുടെ റെക്കോഡും ഡി കോക്ക് തന്റെ പേരിലാക്കി. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഡി കോക്ക് നേടിയത്.
2015 ലോകകപ്പിലെ ഏഴ് ഇന്നിങ്‌സില്‍ നിന്നും 108.20 എന്ന ശരാശരിയിലും 105.87 എന്ന സ്‌ട്രൈക്ക് റേറ്റിലും സംഗ നേടിയ 541 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
അതേസമയം, ഡി കോക്കിന്റെ സെഞ്ച്വറി കരുത്തില്‍ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സ് നേടി. പ്രോട്ടീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് പുറമെ സൂപ്പര്‍ താരം വാന്‍ ഡെര്‍ ഡസനും സെഞ്ച്വറി പൂര്‍ത്തിയാക്കി. 118 പന്തില്‍ 133 റണ്‍ഡസാണ് വാന്‍ ഡെര്‍ ഡസന്‍ നേടിയത്.
30 പന്തില്‍ 53 റണ്‍സടിച്ച ഡേവിഡ് മില്ലറും സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. രണ്ട് ഫോറും നാല് സിക്‌സറും അടക്കമാണ് മില്ലര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ന്യൂസിലാന്‍ഡിനായി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ജിമ്മി നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ആറ് പന്തില്‍ രണ്ട് റണ്‍സടിച്ച ഡെവോണ്‍ കോണ്‍വേയാണ് പുറത്തായത്. 17 പന്തില്‍ 11 റണ്‍സുമായി വില്‍ യങ്ങും ഒരു പന്തില്‍ ഒരു റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.
Content Highlight: Quinton de Kock brakes Kumar Sangakara’s world cup record