ഐ.പി.എല്‍ 2022ല്‍ രാജസസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ റെക്കോഡ് മറികടന്ന് ലഖ്‌നൗ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക്. ഐ.പി.എല്‍ 2022ലെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ നേടിയ ജോസ് ബട്‌ലറിന്റെ റെക്കോഡാണ് ഡി കോക്ക് മറികടന്നത്.
നേരത്തെ ജോസ് ബട്‌ലര്‍ നേടിയ 116 ആയിരുന്നു ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മത്സരത്തില്‍ താരത്തിന്റെ റെക്കോഡ് ഡി കോക്ക് കടപുഴക്കി എറിയുകയായിരുന്നു.
70 പന്തില്‍ നിന്നും പുറത്താകാതെ 140 റണ്‍സ് നേടിയാണ് താരം പുതിയ റെക്കോഡിനുടമയായത്. 10 വീതം ഫോറും സിക്‌സറും പറത്തിയാണ് 200 സ്‌ട്രെക്ക് റേറ്റില്‍ താരം സ്വപ്‌ന നേട്ടത്തിലെത്തിയത്.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറാണിത്. 175 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലും 158 റണ്‍സടിച്ച ബ്രന്‍ഡന്‍ മക്കെല്ലവുമാണ് യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങളില്‍.
ഏറ്റവുമധികം റണ്‍സിന്റെ റെക്കോഡ് മറികടന്നതിന് പുറമെ, ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരം എന്ന ബട്‌സറിന്റെ റെക്കോഡും ഡി കോക്ക് മറികടന്നിരുന്നു.
നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റോബിന്‍ ഉത്തപ്പയും പങ്കിട്ട സിക്‌സറുകളുടെ എണ്ണത്തിന്റെ റെക്കോഡും ഡി കോക്ക് തന്റെ പേരിലാക്കി.
ഒരിന്നിംഗ്‌സില്‍ നിന്നും 9 സിക്‌സര്‍ എന്ന ഉത്തപ്പയുടെയും ബട്‌ലറിന്റെയും റെക്കോഡ് 10 സിക്‌സറടിച്ച് ഡി കോക്ക് ഒന്നിച്ചാണ് മറികടന്നത്.
ഇതോടെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും ഡി കോക്കിനായി. 14 കളിയില്‍ നിന്നും 149.40 സ്‌ട്രൈക്ക് റേറ്റില്‍ 502 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ലഖ്‌നൗ കെ.കെ.ആറിനെ ഇല്ലാതാക്കിയത്. ഡി കോക്കിനൊപ്പം കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ രാഹുലും 68 റണ്‍സുമായി ആറാടിയപ്പോള്‍ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താനും സൂപ്പര്‍ ജയന്റ്‌സിനായി. 20 ഓവറില്‍ 210 റണ്‍സാണ് ടീം സ്വന്തമാക്കിയത്.
ബട്‌ലറിന്റെ റെക്കോഡ് മറികടക്കാനായെങ്കിലും രാജസ്ഥാന്‍ റോയല്‍സ് സ്ഥാപിച്ച റെക്കോഡ് മറികടക്കാന്‍ സൂപ്പര്‍ ജയന്റ്‌സിനായിട്ടില്ല.
സീസണിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോഡാണ് ലഖ്‌നൗവിന് മറികടക്കാനാവാതെ പോയത്. 222 റണ്‍സും 215 റണ്‍സുമായി പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ്.
Content Highlight: Quinton De Kock brakes Jos Buttler’s Record