2023 ലോകകപ്പിലെ 22ാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക തങ്ങളുടെ അഞ്ചാം മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് പ്രോട്ടീസിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും വളരെ പെട്ടെന്ന് ആദ്യ രണ്ട് വിക്കറ്റുകള്‍ വീണിരുന്നു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ റീസ ഹെന്‍ഡ്രിക്‌സ് 12 റണ്‍സ് നേടി പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ഒറ്റ റണ്‍സുമായി റാസി വാന്‍ ഡെര്‍ ഡസനും മടങ്ങി.
ഒരുവശത്ത് ടോപ് ഓര്‍ഡര്‍ തകരുമ്പോള്‍ മറുവശത്ത് ക്വിന്റണ്‍ ഡി കോക്ക് ആഞ്ഞടിച്ചു. നാലാമനായി കളത്തിലിറങ്ങിയ ഏയ്ഡന്‍ മര്‍ക്രമിനെ ഒപ്പം കൂട്ടിയാണ് ഡി കോക്ക് ബംഗ്ലാ കടുവകളെ തല്ലിയൊതുക്കിയത്.
പതിഞ്ഞ് തുടങ്ങിയ ഡി കോക്ക് പോകെ പോകെ കത്തിക്കയറി. പിന്തുണയുമായി മര്‍ക്രമും ആഞ്ഞടിച്ചതോടെ സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചുതുടങ്ങി.
നേരിട്ട 101ാം പന്തില്‍ സിക്‌സര്‍ നേടി ഡി കോക്ക് സെഞ്ച്വറി തികച്ചതോടെ വാംഖഡെ ആവേശത്തിലായി. നാല് സിക്‌സറും ആറ് ബൗണ്ടറിയും അടക്കമായിരുന്നു ഡി കോക്ക് സെഞ്ച്വറിയടിച്ചത്. ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് ഡി കോക്ക് വാംഖഡെയില്‍ കുറിച്ചത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഡി കോക്ക് സ്വന്തമാക്കി. ഒരു ലോകകപ്പില്‍ മൂന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരം എന്ന റെക്കോഡാണ് ഡി കോക്ക് തന്റെ അവസാന ലോകകപ്പില്‍ നിന്നും സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിലാണ് ഡി കോക്ക് തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
2015 ലോകകപ്പിലും 2019 ലോകകപ്പിലും ഒറ്റ സെഞ്ച്വറി പോലും നേടാതിരുന്ന ഡി കോക്ക് ഇതിനോടകം തന്നെ മൂന്ന് സെഞ്ച്വറിയോടെയാണ് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
ഡി കോക്കിന്റെ 20ാം ഏകദിന സെഞ്ച്വറിയാണിത്.
ഈ ലോകകപ്പോടെ വിരമിക്കുമെന്ന് ഡി കോക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേവലം 30 വയസ് മാത്രമുള്ളപ്പോള്‍ അതും ഈ ഫോമില്‍ കളിക്കുമ്പോള്‍ വിരമിക്കണോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.
സെഞ്ച്വറിയടിച്ചിട്ടും അവസാനിപ്പിക്കാതെ ഡി കോക്ക് സ്‌റ്റോം വാംഖഡെയില്‍ വീണ്ടും ആഞ്ഞടിച്ചു. ഒടുവില്‍ ടീം സ്‌കോര്‍ 309ല്‍ നില്‍ക്കവെ 174 റണ്‍സ് നേടി ഡി കോക്ക് പുറത്തായി. 140ാം പന്തിലാണ് ഹസന്‍ മഹ്‌മൂദിന് വിക്കറ്റ് നല്‍കി ഡി കോക്ക് പുറത്താകുന്നത്. 15 ബൗണ്ടറിയും ഏഴ് സിക്‌സറുമായാണ് ഡി കോക്ക് പുറത്തായത്.
ഡി കോക്കിന് പുറമെ ഹെന്റിച്ച് ക്ലാസനും ഏയ്ഡന്‍ മര്‍ക്രവും തകര്‍ത്തടിച്ചു. മര്‍ക്രം 69 പന്തില്‍ 60 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 49 പന്തില്‍ 90 റണ്‍സ് നേടിയാണ് ക്ലാസന്‍ മടങ്ങിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് പ്രോട്ടീസ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്ദി ഹസന്‍, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ ഷോരിഫുള്‍ ഇസ് ലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: Quinton de Kock becomes the first South African batter to score 3 centuries in a World Cup