2023 ലോകകപ്പിലെ 32ാം മത്സരം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയാണ് സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കൊടുങ്കാറ്റായത്. ലോകകപ്പിലെ സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് മത്സരത്തിലാണ് ഡി കോക്ക് വീണ്ടും സെഞ്ച്വറിയടിച്ച് തിളങ്ങിയത്.
ഈ ലോകകപ്പില്‍ ഡി കോക്കിന്റെ നാലാം സെഞ്ച്വറിയാണിത്. ഇതിന് മുമ്പ് ആറ് മത്സരത്തില്‍ നിന്നും 431 റണ്‍സാണ് ഡി കോക്ക് സ്വന്തമാക്കിയത്.
സെഞ്ച്വറി നേട്ടത്തിന് മുമ്പ് തന്നെ ഡി കോക്ക് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെതിരെ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഡി കോക്ക് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗമായത്.
ലോകകപ്പിന്റെ ഒരു എഡിഷനില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരവും ഏക താരവും എന്ന റെക്കോഡാണ് ഡി കോക്ക് സ്വന്തമാക്കിയത്. ഇതിന് മുമ്പ് 2007 ലോകകപ്പില്‍ ജാക്വസ് കാല്ലിസ് നേടിയ 485 റണ്‍സാണ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരം എന്ന റെക്കോഡും ഇതോടെ ഡി കോക്ക് തന്റെ പേരിലാക്കി. ഈ ലോകകപ്പില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കവെയാണ് ഡി കോക്ക് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഒരു ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – റണ്‍സ് – ലോകകപ്പ് എന്നീ ക്രമത്തില്‍)
ക്വിന്റണ്‍ ഡി കോക്ക് – 545* – 2023
ജാക്വസ് കാല്ലിസ് – 485 – 2007
എ.ബി. ഡി വില്ലിയേഴ്‌സ് – 482 – 2015
ഗ്രെയം സ്മിത് – 443 – 2007
പീറ്റര്‍ ക്രിസ്റ്റണ്‍ – 410 – 1992
ഇതിന് പുറമെ 2023 ലോകകപ്പില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ താരം എന്ന റെക്കോഡും ഇതോടെ ഡി കോക്ക് സ്വന്തമാക്കി.
നേരിട്ട 103ാം പന്തിലാണ് ഡി കോക്ക് ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്. 97.08 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഡി കോക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ സെഞ്ച്വറി നേട്ടം.
ഒടുവില്‍ 116 പന്തില്‍ നിന്നും 114 റണ്‍സടിച്ചാണ് ഡി കോക്ക് മടങ്ങിയത്. നിലവില്‍ 545 റണ്‍സാണ് 2023 ലോകകപ്പിലെ ഏഴ് ഇന്നിങ്‌സില്‍ നിന്നും ഡി കോക്ക് നേടിയത്.
അതേസമയം, 42 ഓവര്‍ പിന്നിടുമ്പോള്‍ 252 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. ഡി കോക്കിന് പുറമെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ റാസി വാന്‍ ഡെര്‍ ഡസനാണ് പ്രോട്ടീസ് ഇന്നിങ്‌സിന് അടിത്തറയിട്ടത്.
നിലവില്‍ 102 പന്തില്‍ നിന്നും 101 റണ്‍സാണ് വാന്‍ ഡെര്‍ ഡസന്‍ സ്വന്തമാക്കിയത്. ആര്‍.വി.ഡിക്ക് പുറമെ ആറ് പന്തില്‍ നാല് റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍.
Content Highlight: Quinton de Kock becomes the first South Africa batter to complete 500 runs in an world cup edition