| Saturday, 20th April 2024, 8:11 am

സഞ്ജുവിനും ബട്ലറിനും ആശ്വസിക്കാം! അവർ 15 റൺസ് കൂടി നേടിയിരുന്നെങ്കിൽ എല്ലാം തീരുമാനമായേനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റുകള്‍ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് പരാജയപ്പെടുത്തിയിരുന്നു. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 19 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗവിനായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കും മിന്നും തുടക്കമാണ് നല്‍കിയത്. രാഹുല്‍ 53 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 82 റണ്‍സ് ആണ് നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്സും നേടി 43 പന്തില്‍ 54 റണ്‍സുമാണ് ഡി കോക്ക് നേടിയത്.

ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ലഖ്നൗവിനായി പടുത്തുയര്‍ത്തിയത്. 14.5 ഓവറില്‍ 134 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇരുവരും സ്വന്തമാക്കി. ഐ.പി.എല്ലിലെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാട്ണര്‍ഷിപ്പ് എന്ന നേട്ടമാണ് രാഹുലും ഡി കോക്കും സ്വന്തം പേരില്‍ ആക്കി മാറ്റിയത്.

ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറുമാണ്. ഇരുവരും ചേര്‍ന്ന് ഈ സീസണില്‍ 148 റണ്‍സ് ആയിരുന്നു നേടിയത്. 15 റണ്‍സ് കൂടി നേടാന്‍ രാഹുലിനും ഡികോക്കിനും സാധിച്ചിരുന്നുവെങ്കില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് ആക്കി മാറ്റാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നു.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്നു തോല്‍വിയും അടക്കം എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് രാഹുലും സംഘവും. ഏപ്രില്‍ 23നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തന്നെയാണ് ലഖ്നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Quinton de Kock and KL Rahul great performance against Chennai Super Kings

We use cookies to give you the best possible experience. Learn more