| Tuesday, 21st April 2020, 11:18 am

രോഗികളുടെ ഡാറ്റാ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സര്‍വറില്‍, സേവനം സൗജന്യമായി; ടെലിമെഡിസിന്‍ വിവാദത്തില്‍ മറുപടിയുമായി ക്വിക് ഡോക്ടര്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടെലിമെഡിസിന്‍ വിവാദത്തില്‍ മറുപടിയുമായി ക്വിക് ഡോക്ടര്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. വിവരശേഖരണം സര്‍ക്കാര്‍ സര്‍വറിലാണ് സൂക്ഷിക്കുന്നതെന്ന് ക്വിക് ഡോക്ടര്‍ അധികൃതര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘തങ്ങളുടേത് എളിയ തോതില്‍ തുടങ്ങിയ സംരംഭമാണ്. രോഗികളുടെ ഡാറ്റാ തങ്ങള്‍ സൂക്ഷിക്കുന്നില്ല. വിവരശേഖരണം സര്‍ക്കാര്‍ സര്‍വറിലാണ്’

തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും സേവനം പൂര്‍ണ്ണമായും സൗജന്യമായാണെന്നും കമ്പനി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് തൃപ്തി ഉള്ളതുവരെ സേവനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ ടെലി മെഡിസിന്‍ കരാറില്‍ വിവര ചോര്‍ച്ച ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ മുമ്പ് മാത്രം രൂപീകരിച്ച ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയുമായാണ് പദ്ധതി നടപ്പിലാക്കാന്‍ കരാറിലേര്‍പ്പെട്ടതെന്ന് വി.ഡി സതീശന്‍ എംഎല്‍എ ആരോപിച്ചിരുന്നു.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലൊരാള്‍ ഓട്ടോ ഡ്രൈവറാണെന്നും കമ്പനി സ്പ്രിങ്ക്‌ളറിന്റെ ബിനാമിയാണെന്ന് സംശയിക്കുന്നതായും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

2020 ഫെബ്രുവരി 19നാണ് ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്. ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതി യാതൊരു മുന്‍ പരിചയവുമില്ലാത്ത കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് തന്നെ ദുരൂഹമാണ്. പദ്ധതിപ്രകാരം നല്‍കിയ നമ്പറിലേക്ക് വിളിക്കുമ്പോള്‍ സംഭാഷണങ്ങള്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more